മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തി വിജയകരമായ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കുകയാണ് നടി പാർവതി തിരുവോത്ത്. മലയാള സിനിമയിൽ സ്വന്തമായ നിലപാടുകൾ കൊണ്ടും അഭിനയമികവുകൊണ്ടും വേറിട്ടുനിൽക്കുന്ന നടി കൂടിയാണ് പാർവ്വതി. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാർവ്വതി, ചാർലി, എന്നു നിന്റെ മൊയ്തീൻ, ടേക്ക് ഓഫ്, ഉയരെ തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.
വിവിധ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ അടക്കം താരം കരസ്ഥമാക്കുകയും ചെയ്തു. ഈയിടെ ഇറങ്ങിയ സഹദ് നിലമ്പൂർ സംവിധാനം ചെയ്ത പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനത്തിന് വളരെ അതികം പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.

പാർവതി.Photo.Screen Grab/ YOUTUBE
ഇപ്പോഴിതാ സിനിമയുടെ വിജയത്തിന്റെ ഭാഗമായി ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബോക്സ് ഓഫീസിൽ ഒരു സ്ത്രീ സിനിമ വിജയിപ്പിക്കുന്നത് ആ നടിയുടെ മാത്രം നേട്ടമല്ലെന്നും സിനിമയിൽ മറ്റു സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ അത് സഹായിക്കുമെന്നും തുറന്നു പറയുകയാണ് നടി പാർവതി തിരുവോത്ത്. ഒരു സ്ത്രീയുടെ വിജയം മറ്റു സ്ത്രീകളുടെ കഴിവിൽ വിശ്വാസമർപ്പിക്കാനും വലിയ ബജറ്റിലുള്ള സിനിമകൾ അവരെ ഏൽപ്പിക്കാനും വഴിയൊരുക്കുമെന്നും പാർവതി പറഞ്ഞു.
സിനിമാമേഖലയിൽ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന അവഗണനകളും അതിക്രമങ്ങളും അടുത്തറിഞ്ഞ വ്യക്തിയാണ് താനെന്നും പാർവതി വ്യക്തമാക്കി. വിമൻ ഇൻ സിനിമ കളക്ടീവിന്റെ ഭാഗമായിരുന്ന താരം, സ്വന്തം നിലപാടുകൾ തുറന്നുപറഞ്ഞ സ്ത്രീകൾക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നത് കണ്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. കരിയറിന്റെ ആദ്യ എട്ട് വർഷങ്ങൾക്കുള്ളിൽ തന്നെ സിനിമയിൽ തന്റെ കാലം കഴിഞ്ഞെന്ന് പലരും പറഞ്ഞിരുന്നെങ്കിലും ഇരുപത് വർഷങ്ങൾക്കിപ്പുറവും താൻ ഇവിടെത്തന്നെയുണ്ടെന്നും നടി പറയുന്നു.
‘ബോക്സ് ഓഫീസ് പല കാര്യങ്ങൾക്കും പ്രധാനമാണ്. എന്റെ കരിയറിന്റെ ആദ്യ എട്ട് വർഷങ്ങൾക്കുള്ളിൽ തന്നെ എന്റെ കാലം കഴിഞ്ഞെന്നും ഇനി അവസരങ്ങളുണ്ടാകില്ലെന്നും എന്നോട് പറഞ്ഞവരുണ്ട്. എന്നാൽ ഇരുപത് വർഷങ്ങൾക്കിപ്പുറവും ഞാൻ ഇവിടെയുണ്ട്. ഇപ്പോൾ എന്റെ ആദ്യത്തെ സോളോ ബോക്സ് ഓഫീസ് ഹിറ്റ് ലഭിച്ചിരിക്കുകയാണ്. ഇത് എന്റെ മാത്രം വിജയമായിട്ടല്ല ഞാൻ കാണുന്നത്,’ പാർവതി പറഞ്ഞു.
ഒരു സ്ത്രീപക്ഷ സിനിമ വിജയിപ്പിക്കുമ്പോൾ അതിന്റെ ഗുണം മറ്റു സ്ത്രീകൾക്കും ലഭിക്കുന്നുണ്ട്. അത്തരം വിജയങ്ങൾ സ്ത്രീകളുടെ കഴിവിൽ കൂടുതൽ വിശ്വാസമുണ്ടാക്കുകയും വലിയ ബജറ്റിലുള്ള സിനിമകൾ അവരെ ഏൽപ്പിക്കാൻ നിർമാതാക്കളെ പ്രേരിപ്പിക്കുകയും ചെയ്യും. ‘ലോക’ സിനിമ വിജയിച്ചപ്പോഴും മഞ്ജു ചേച്ചി സിനിമയിലേക്ക് തിരിച്ചുവന്നപ്പോഴും തനിക്കും സന്തോഷമായിരുന്നുവെന്നും അത് തന്റെ വിജയമായിട്ടാണ് കാണുന്നതെന്നും പാർവതി പറഞ്ഞു.

പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube
‘നമ്മളിൽ ഒരാൾ ബോക്സ് ഓഫീസിൽ വിജയിക്കുമ്പോഴെല്ലാം അതിന്റെ വിജയം എന്റേതുകൂടിയാണെന്നാണ് ഞാൻ കരുതുന്നത്. നമ്മളിൽ ഒരാൾ വിജയിക്കുമ്പോൾ മറ്റുള്ളവർക്കും മുന്നോട്ടുപോകാനുള്ള വഴിയൊരുങ്ങുന്നുണ്ട്,’ പാർവതി വ്യക്തമാക്കി.
Content Highlight: Actress Parvathy Thiruvothu openly stated that a female-led film succeeding at the box office helps create more opportunities for other women in the industry.
