മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്. നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് എത്തുകയാണ് നിത്യ. അനില്‍ കുമ്പഴയുടെ പള്ളിമണി എന്ന ഹൊറര്‍ സൈക്കോളജിക്കല്‍ ത്രില്ലറിലൂടെയാണ് നടിയുടെ തിരിച്ചു വരവ്.

പൊതുവില്‍ തനിക്ക് ഹൊറര്‍ ഫിലിംസ് പേടിയാണെന്നും അഭിനയിക്കുമെങ്കിലും അവ കാണാറില്ലെന്നും പറയുകയാണ് നിത്യ. കുഞ്ചാക്കോ ബോബന്‍ നായകനായ ത്രില്ലര്‍ സിനിമ അഞ്ചാം പാതിര കണ്ട് താനും മകളും ഒരാഴ്ച ഉറങ്ങിയിട്ടില്ലെന്ന് ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നിത്യ പറഞ്ഞു.

”എനിക്ക് ത്രില്ലര്‍ മൂവീസ് ഒക്കെ പൊതുവേ പേടിയാണ്. ഞാനൊരു തമിഴ് സീരിയലില്‍ അഭിനയിച്ചിരുന്നു, ഭൈരവി എന്നായിരുന്നു പേര്. പ്രേതത്തിന്റെ സീരിയല്‍ ആണ്. രാത്രി പത്തുമണിക്കാണ് ആ സീരിയല്‍. ഞാന്‍ അഭിനയിക്കും പക്ഷേ ഞാനത് കാണില്ലായിരുന്നു. കാരണം എനിക്ക് ഭയങ്കര പേടിയായിരുന്നു.

അഞ്ചാം പാതിര എന്നൊരു സിനിമ വന്നില്ലേ. ആ സിനിമ കണ്ടിട്ട് ഒരാഴ്ച ഞാന്‍ ഉറങ്ങിയില്ല. എനിക്കും എന്റെ മോള്‍ക്കും പേടിയാണ്. എന്റെ അച്ഛനെയും അമ്മയെയും വീട്ടില്‍ വിളിച്ച് വരുത്തിയാണ് ഞാന്‍ ഉറങ്ങുക,” നിത്യ ദാസ് പറഞ്ഞു.

 

മിഥുന്‍ മാനുല്‍ സംവിധാനം ചെയ്ത അഞ്ചാം പാതിര കൊലപാതകങ്ങള്‍ ഇതിവൃത്തമായ പോലീസ് സ്‌റ്റോറിയായിരുന്നു. കുഞ്ചാക്കോ ബോബന് പുറമേ ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ഉണ്ണിമായ പ്രസാദ് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷം കൈകാര്യം ചെയ്യ്തിരുന്നു.

ഏറെ നിരൂപക പ്രശംസ കിട്ടിയ ചിത്രം 2021ല്‍ ബംഗാളില്‍ സൈക്കോ എന്ന പേരില്‍ ഇറങ്ങിയിരുന്നു. ആറാം പാതിര എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് മിഥുന്‍ പ്രഖ്യാപിച്ചിരുന്നു.

content highlight: actress nithya das about anjampathira movie