വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. നിരവധി പ്രമുഖരാണ് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ട് വരുന്നത്. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരുടെ അഭിനയത്തോടൊപ്പം തന്നെ ചേര്‍ന്ന് നില്‍ക്കുന്ന പെര്‍ഫോമന്‍സാണ് മറ്റ് കഥാപാത്രങ്ങളുടേതും. അതില്‍ ഒരാളാണ് കനകം.

വിലാസിനിയമ്മ എന്ന കഥാപാത്രത്തിലൂടെ ‘മലയാള സിനിമയ്ക്ക് വൈകി കിട്ടിയ കനക’മാണെന്ന് ബേസിലും നടിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. സിനിമയിലെ രാജേഷിനെപ്പോലെയുള്ള വ്യക്തികളെക്കുറിച്ച് സംസാരിക്കുകയാണ് കനകം. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ കുട്ടികളുടെ അത്തരം സ്വഭാവങ്ങള്‍ മാറ്റിയെടുക്കണമെന്ന് നടി പറഞ്ഞു.

കൂടാതെ ജയ ജയ ജയ ജയ ഹേക്ക് ശേഷം തനിക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും കനകം സംസാരിച്ചു. മൂവി സ്റ്റോറി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് കനകം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ജയ ജയ ജയ ജയ ഹേയില്‍ സന്ദര്‍ഭത്തിനനുസരിച്ച് ചില ഡയലോഗുകള്‍ ഞാന്‍ കയ്യില്‍ നിന്നും ഇട്ടിട്ടുണ്ട്. രാജേഷിനെ പോലെ ഉള്ള പെരുമാറ്റം ഒരിക്കലും ശരിയല്ല. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അതെല്ലാം മാറ്റിയെടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. അമ്മ സഹിക്കുമായിരിക്കും ഭൂമിയോളം ക്ഷമിക്കുമായിരിക്കും. പക്ഷേ വരുന്ന ന്യൂ ജനറേഷന്‍ പെണ്ണ് സഹിക്കില്ല. ഫോണില്‍ നോക്കിയാണ് അവള്‍ പ്രതികരിക്കുന്നത്.

വിപിന്‍ ദാസിനെ ഞാന്‍ എപ്പോഴും നമിക്കും. മിക്കവാറും ഒറ്റ ടേക്കിന് എനിക്ക് ഓക്കെയാവാറുണ്ട്. എടുത്ത് കഴിഞ്ഞാല്‍ എന്റെ അടുത്തേക്ക് വന്ന് ചോദിക്കും ചേച്ചി ഇത്രയും കാലം എവിടെ ആയിരുന്നുവെന്ന്. ഞങ്ങളെ എല്ലാവരെയും കാണാന്‍ ഏകദേശ സാമ്യമുണ്ട്. അതിന്റെ ക്രെഡിറ്റ് ഡയറക്ടര്‍ക്കുള്ളതാണ്.

സിനിമയില്‍ എന്റെ മോളായി അഭിനയിക്കുന്ന ശീതളിനെ കാണാന്‍ എന്നെ പോലെ തന്നെയുണ്ട്. സിനിമയില്‍ ഞങ്ങളെല്ലാവരും നല്ല സഹകരണത്തിലുമായിരുന്നു. സഹകരണവും കൂട്ടായ്മയും തന്നെയാണ് സിനിമ വിജയിക്കാനുള്ള കാരണവും. ഷോട്ട് എടുത്ത് കഴിയുമ്പോള്‍ ചിലര്‍ വന്ന് ചോദിക്കും സത്യം പറ നിങ്ങള്‍ അമ്മയും മോളുമല്ലെയെന്ന്.

ബേസിലിനോട് ഇനി സിനിമ വരുമ്പോള്‍ എന്നെ വിളിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. നല്ലൊരു കഥാപാത്രം വരാതെ അമ്മയെ വിളിക്കില്ലെന്ന് അവന്‍ പറഞ്ഞു. ഈ സിനിമ കഴിഞ്ഞപ്പോഴേക്കും എനിക്ക് കുറേ അവസരങ്ങള്‍ വരുന്നുണ്ട്.

ജയസൂര്യ ഇന്നെന്നോട് ചോദിച്ചു അമ്മേ നമുക്ക് അടിച്ച് പൊളിക്കേണ്ടെയെന്ന്. വിളിക്കുവാണെങ്കില്‍ ഞാന്‍ വരാമെന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. ഇന്നെന്നോട് ഒരു അഭിമുഖത്തില്‍ ചോദിച്ചിരുന്നു ആരുടെയൊക്കെ കൂടെ അഭിനയിക്കാനാണ് താല്‍പര്യമെന്ന്. ബിജു മേനോന്റെ കൂടെ അഭിനിയfക്കാനാണ് ആഗ്രഹം. അദ്ദേഹത്തിന്റെ കണ്ണും ചിരിക്കുമ്പോഴുള്ള മുഖമെല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്,” കനകം പറഞ്ഞു.

 

content highlight: actress kanakam about jaya jaya jaya jaya hey