നാടകനടനായ ചവറ വി.പി.നായരുടെ മൂന്ന് പെൺമക്കളിൽ മൂത്തയാളാണ് കലാരഞ്ജിനി. 1978-ൽ പുറത്തിറങ്ങിയ മദനോത്സവം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. അന്തരിച്ച പ്രശസ്ത നടി കൽപ്പനയുടെയും തെന്നിന്ത്യൻ മഹാനടി ഉർവശിയുടെയും മൂത്ത സഹോദരിയായ കലാരഞ്ജിനി, പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായി. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും കുടുംബസദസുകൾക്ക് പ്രിയങ്കരമായ ടെലിവിഷൻ പരമ്പരകളിലൂടെയും ഇവർ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു.
കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ചിത്രങ്ങളിലെ കലാരഞ്ജിനിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്.

കലാരഞ്ജിനി,ഉർവശി. Photo. Screen Grab/ Youtube. IMDb
ഇപ്പോഴിതാ ആദ്യകാലത്ത് അഭിനയിക്കണമെന്ന് വലിയ താത്പര്യമുണ്ടായിരുന്ന കുട്ടിയായിരുന്നില്ല ഉർവശിയെന്ന് തുറന്നു പറയുകയാണ് നടി കലാരഞ്ജിനി. പിന്നീട് ജീവിതം എന്താണെന്ന് മനസിലാക്കിയതോടെ അഭിനയത്തെ ഗൗരവമായി കാണാൻ തുടങ്ങുകയും മികച്ച കഥാപാത്രങ്ങളും സംവിധായകരും ഉർവശിക്ക് ലഭിക്കുകയും ചെയ്തെന്ന് കലാരഞ്ജിനി പറയുന്നു. ഓരോ കഥാപാത്രത്തെയും പൂർണമായി ആവാഹിച്ചെടുക്കുന്ന ഉർവശിയുടെ പ്രകടനം കാണുമ്പോൾ അഭിമാനം തോന്നാറുണ്ടെന്നും താരം പറഞ്ഞു. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഉർവശി ആദ്യം അഭിനയിക്കണമെന്ന് താൽപര്യമുള്ള കുട്ടി അല്ലായിരുന്നു. ജീവിതം ഇതാണ് എന്ന് മനസിലായപ്പോൾ പിന്നെ അതിനുള്ള ഡയറക്ടർമാരെ അവൾക്ക് കിട്ടി. ഓരോ കഥാപാത്രത്തെയും അവൾ ആവാഹിച്ചെടുക്കുന്നത് പോലെയായി. അതൊക്കെ കാണുമ്പോൾ നമുക്ക് ഭയങ്കര അഭിമാനമാണ്,’ കലാരഞ്ജിനി പറഞ്ഞു.
ഉർവശി അഭിനയിച്ച ‘ആശ’ എന്ന സിനിമ താൻ കണ്ടിട്ടില്ലെന്നും കലാരഞ്ജിനി പറഞ്ഞു. എന്നാൽ ചിത്രം കണ്ടവർ ഉർവശിയുടെ പ്രകടനത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും താരം പറയുന്നു.
‘ആശ ഞാൻ കണ്ടിട്ടില്ല. അവൾ അഭിനയിച്ചാൽ അവൾ എല്ലാ അവാർഡുകളും വാങ്ങിക്കൊണ്ടുപോകും, അത്രയ്ക്കും നല്ല അഭിനയമാണ്. ‘ഉള്ളൊഴുക്ക്’ സിനിമയും ഞങ്ങൾ ആരും കണ്ടിട്ടില്ല. അവൾ കരയുന്ന സിനിമകളും അങ്ങനെയുള്ള സിനിമകളും ഞങ്ങൾ കാണാറില്ല. ‘കരിമ്പിൻ പൂവിനക്കരെ’യുടെ പ്രിവ്യൂ കാണാൻ പോയപ്പോൾ പോലും ഇത്രയും കരയിക്കണമോ എന്ന് പറഞ്ഞ് ഞങ്ങൾ തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്,’ കലാരഞ്ജിനി പറഞ്ഞു.

കലാരഞ്ജിനി. Photo. Screen Grab/ Youtube
ഉർവശിയുടെ കഥാപാത്രങ്ങൾ വൈകാരികമായി പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിക്കുന്നതുകൊണ്ടാണ് അത്തരം സിനിമകൾ കാണാൻ തങ്ങൾക്ക് ബുദ്ധിമുട്ടെന്നും കലാരഞ്ജിനി പറഞ്ഞു. ‘ആശ’യും അത്തരത്തിലുള്ള സിനിമയാണെന്നാണ് ചിത്രം കണ്ടവർ പറഞ്ഞതെന്നും താരം കൂട്ടിച്ചേർത്തു.
Content Highlight: Actress kalaranjini Talks about urvashi
