ആലോചിക്കാതെ 'യെസ്' പറഞ്ഞ ഒരേയൊരു സിനിമ 'തുടരും': ആർഷ ബൈജു
Malayalam Cinema
ആലോചിക്കാതെ 'യെസ്' പറഞ്ഞ ഒരേയൊരു സിനിമ 'തുടരും': ആർഷ ബൈജു
അജ്മല്‍ കെ
Saturday, 1st August 2026, 7:24 pm

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ആർഷ ബൈജു. 2019ൽ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടിയിലൂടെയാണ് അഭിനയരംഗത്തേക്ക് താരം അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്, മധുര മനോഹരം മോഹം, ഫാമിലി, തുടരും തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിട്ടുണ്ട്.

സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ താൻ വളരെ സെലക്ടീവാണെന്നും, ആലോചിക്കാതെ ‘യെസ്’ പറഞ്ഞ ഒരേയൊരു ചിത്രം തുടരും ആണെന്നും ആർഷ ബൈജു പറഞ്ഞു. തന്റെ പുതിയ ചിത്രമായ പ്ലൂട്ടോയുടെ പ്രമോഷന്റെ ഭാഗമായി ഒർജിനൽസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

ആർഷ ബൈജു.Photo: IMDb

ആകെ കുറച്ച് സിനിമകൾ മാത്രമാണ് ഞാൻ ഇതുവരെ ചെയ്തിട്ടുള്ളത്. സിനിമകൾ കമ്മിറ്റ് ചെയ്യാൻ ഞാൻ കുറച്ച് സമയം എടുക്കാറുണ്ട്. ഓഫറുകൾ വരാറുണ്ടെങ്കിലും ഞാൻ വളരെ സെലക്ടീവാണ്. അതുകൊണ്ടാണ് ഞാൻ ചെയ്യുന്ന സിനിമകൾക്കിടയിൽ ഗ്യാപ്പ് വരുന്നത്. ആരെങ്കിലും ഒരു സിനിമയുമായി സമീപിച്ചാൽ ആലോചിച്ച് മാത്രമാണ് ഞാൻ തീരുമാനം പറയാറുള്ളത്. അങ്ങനെ ആലോചിക്കാതെ ഉടൻ തന്നെ ‘യെസ്’ പറഞ്ഞ സിനിമയാണ് ‘തുടരും’ എന്നും ആർഷ ബൈജു പറഞ്ഞു.

ആ സിനിമ വളരെ പെട്ടെന്ന് തുടങ്ങുമെന്ന് എന്നോട് പറഞ്ഞിരുന്നു. എനിക്ക് ആ കഥാപാത്രം നന്നായി ചെയ്യാൻ കഴിയണമെന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു. ആകെ കുറച്ച് സീനുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് യാതൊരു പ്രശ്നങ്ങളുമില്ലാതെ അത് നന്നായി ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. അതോടൊപ്പം വലിയ ആകാംഷയും ഉണ്ടായിരുന്നു എന്നും താരം പറഞ്ഞു.

സ്വാഭാവികമായും ലാലേട്ടനെയും ശോഭന മാമിനെയും കാണാനും അവരോട് സംസാരിക്കാനും ആഗ്രഹമുണ്ടായിരുന്നു. അതിലുപരി അവരുടെ കൂടെയുള്ള ഒരു സിനിമയുടെ ഭാഗമാകുക എന്നതായിരുന്നു എനിക്ക് ഏറ്റവും വലിയ സന്തോഷം. സെറ്റിൽ ഇരുവരും വളരെ റിലാക്സ്ഡ് ആയിരുന്നു. അതുകൊണ്ട് അവരുടെ കൂടെ അഭിനയിക്കുമ്പോൾ എനിക്ക് ടെൻഷനേക്കാൾ കൂടുതൽ ആകാംഷയാണ് തോന്നിയതെന്നും ആർഷ ബൈജു കൂട്ടിച്ചേർത്തു.

ആർഷ ബൈജു.Photo:Arsha Baiju/Facebook.com

ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘പ്ലൂട്ടോ’. നീരജ് മാധവ്, അൽത്താഫ് സലിം, ആർഷ ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സയൻസ് ഫിക്ഷൻ കോമഡി ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. ജൂലൈ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്.’

Content Highlight: Actress Arsha biju says about Thudarum Movie

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.