തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെക്കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു വിശാല്‍. രജനികാന്തിന്റെ എന്തിരന്‍ സിനിമ കണ്ടപ്പോള്‍ സിനിമയെക്കുറിച്ച് അദ്ദേഹത്തിനോട് സംസാരിച്ചിരുന്നുവെന്നും രജനികാന്ത് പറഞ്ഞ മറുപടി കേട്ട് താന്‍ അതിശയിച്ചു പോയെന്നും വിഷ്ണു പറഞ്ഞു. ഗാട്ട ഗുസ്തി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രസ്മീറ്റില്‍ വെച്ചാണ് രജനികാന്തിനെക്കുറിച്ച് നടന്‍ പറഞ്ഞത്.

”രജനി സാര്‍ എപ്പോഴും വളരെ കുറച്ച് മാത്രം സംസാരിക്കുന്ന വ്യക്തിയാണ്. സിനിമക്ക് മുമ്പ് മൂന്ന് തവണ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.
വല്ലാത്ത എനര്‍ജിയാണ് അദ്ദേഹത്തിന്.

എനിക്ക് അദ്ദേഹത്തില്‍ ഇഷ്ടമായ കാര്യമെന്തെന്നാല്‍ ഒരിക്കലും സാറ്റിസ്‌ഫൈഡ് ആവാത്ത വ്യക്തിയാണ്. എന്തിരന്‍ കണ്ടതിന് ശേഷം ഞാന്‍ അദ്ദേഹത്തോട് സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നു.

സിനിമ സൂപ്പറായിരുന്നു സാര്‍, ഈ വയസിലും സിനിമയില്‍ വലിയ എനര്‍ജിയാണ് നിങ്ങള്‍ കാണിക്കുന്നതെന്നും നിങ്ങളുടെ അടുത്ത് നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ഞാന്‍ പറഞ്ഞു.

തിരിച്ച് എന്നോട് താങ്ക്‌സ് എന്ന് പറയുന്നതിന് പകരം അടുത്തത് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നാണ് രജനി സാര്‍ പറഞ്ഞത്. ഇത്രയും വലിയ സ്റ്റാര്‍ ആയിട്ടും ഇനിയും താന്‍ ബെറ്ററാക്കാന്‍ ഉണ്ടെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അതാണ് എനിക്ക് രജനി സാറില്‍ വല്ലാതെ ഇഷ്ടമായത്,” വിഷ്ണു വിശാല്‍ പറഞ്ഞു.

ചെല്ല അയ്യാവുവാണ് വിഷ്ണു വിശാലിന്റെ ഗാട്ട ഗുസ്തിയുടെ രചനയും സംവിധാനവും. ഐശ്വര്യ ലക്ഷ്മി, കരുണാസ്, ശ്രീജ രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

ആര്‍.ടി. ടീം വര്‍ക്‌സ്, വി.വി. സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ രവി തേജ, വിഷ്ണു വിശാല്‍, ശുഭ്ര, ആര്യന്‍ രമേശ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ഡിസംബര്‍ രണ്ടിന് തമിഴിലും തെലുങ്കിലുമായി ചിത്രം തിയേറ്ററുകളിലെത്തും.

content highlight: actor vishnu vishal about rajanikanth