ജയിലര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ നടന്‍ രജിനികാന്ത് പേരെടുത്ത് പറഞ്ഞ ഒരേയൊരാള്‍ നടന്‍ വിനായകനായിരുന്നു. അത്രയും വലിയ താരങ്ങള്‍ അഭിനയിച്ച സിനിമയില്‍ അദ്ദേഹം വിനായകനെ കുറിച്ച് മാത്രമായിരുന്നു അന്ന് സംസാരിച്ചത്. രജനികാന്ത് തന്നെ കുറിച്ച് പറഞ്ഞ നല്ല വാക്കുകളെ കുറിച്ചും സെറ്റിലെ അദ്ദേഹത്തിനൊപ്പമുള്ള അനുഭവങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സാര്‍ക്ക് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍.

ജയിലറില്‍ അഭിനയിച്ചതിനേക്കാള്‍ അദ്ദേഹത്തിനൊപ്പം ആ വേദിയിലിരുന്ന് താന്‍ കേട്ട നല്ല വാക്കുകള്‍ തന്നില്‍ ആവേശം നിറച്ചെന്നായിരുന്നു വിനായകന്‍ പറഞ്ഞത്. ഒപ്പം രജനികാന്ത് എന്ന സാധാരണ മനുഷ്യനെ കുറിച്ചും വിനായകന്‍ സംസാരിച്ചു.

‘സിനിമാ ജീവിതത്തില്‍ എനിക്ക് കിട്ടാവുന്ന ഏറ്റവും നല്ലൊരു വാക്കായിരുന്നു അത്. എന്റെ സിനിമാ ജീവിതത്തില്‍ ഇതിലും വലിയൊരു വാക്ക് ഇതുവരെ കേട്ടിട്ടുമില്ല ഇനി കേള്‍ക്കാനും പോകുന്നില്ല. എന്നെ സംബന്ധിച്ച് ആ പടത്തിനേക്കാള്‍ ആ വേദിയില്‍ അദ്ദേഹം എന്നെ കുറിച്ച് പറഞ്ഞ വാക്കുകളായിരുന്നു എന്നില്‍ വലിയൊരു എനര്‍ജി തന്നത്.

അദ്ദേഹം ഷൂട്ടില്‍ നമ്മള്‍ വിചാരിക്കുന്ന പോലെയല്ല. സാധാരണ മനുഷ്യനായിട്ടാണ് നില്‍ക്കുന്നത്. രജനിസാര്‍ എന്നൊക്കെ പറയുമെങ്കിലും അങ്ങനെയൊരു താരപരിവേഷം അദ്ദേഹത്തിനില്ല.പുറത്തിരിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യനാണ് അദ്ദേഹം. ലൊക്കേഷനില്‍ വന്നാല്‍ തിരിച്ച് റൂമിലേക്ക് പോകില്ല. അതുവരെ പുറത്തായിരിക്കും. പുറത്ത് നില്‍ക്കണം, ആള്‍ക്കാര്‍ക്കൊപ്പം ഇരിക്കണം എന്നതാണ് പുള്ളിയുടെ ആഗ്രഹം എന്നാണ് തോന്നുന്നത്.

ആദ്യത്തെ ദിവസമാണ് ഞാന്‍ അത് കണ്ടത്. പുള്ളി കാരവനില്‍ നിന്ന് ഇറങ്ങിയാല്‍ തിരിച്ച് അതിലോട്ട് കയറില്ല. പുള്ളിയുടെ മുന്‍പില്‍ കൂടി നടക്കണമല്ലോ. പുള്ളി വന്ന് ഇരുന്ന് കഴിഞ്ഞാല്‍ നമുക്ക് നടക്കാന്‍ കഴിയില്ല. ഒന്ന് സ്‌മോക്ക് ചെയ്യാനായി ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ കൂടി ഇങ്ങനെ ഓടുകയാണ്. ഒരുദിവസം പുള്ളി എന്നെ വിളിച്ചു. എന്താണ് വിനായകന്‍ ഇങ്ങനെ ഓടുന്നുണ്ടല്ലോ, സാര്‍ സിഗരറ്റ് വലിക്കാനായിട്ടാണെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ പുള്ളി പ്രെഡക്ഷനില്‍ വിളിച്ചിട്ട് എനിക്ക് വലിക്കാനൊരു സ്‌പേസ് ഉണ്ടാക്കി തന്നു. എല്ലാവരേയും വളരെ ഹാപ്പിയാക്കി നിര്‍ത്തുന്ന, കെയര്‍ഫുളായി നോക്കിക്കൊണ്ടേയിരിക്കുന്ന ആളാണ് അദ്ദേഹം.

ഫ്രേമിലോട്ട് വരുമ്പോള്‍ പുള്ളിയുടെ എനര്‍ജി എവിടുന്നാണ് വരുന്നതെന്ന് നമുക്ക് മനസിലാവില്ല. പുളളിയുടെ മുന്‍പില്‍ നമുക്ക് നില്‍ക്കാന്‍ പറ്റില്ല. അത്ര പവറിലാണ് പുള്ളി നിന്ന് അഭിനയിക്കുന്നത്. എന്റെ ദൈവഭാഗ്യത്തിന് അത് എന്തോ നന്നായി വന്നു. അദ്ദേഹം അത്രയേറെ മാനസികമായി സഹായിച്ചു. ഒരിക്കലും മറക്കില്ലെന്ന് ഞാന്‍ പറഞ്ഞത് അതുകൊണ്ട് തന്നെയാണ്,’ വിനായകന്‍ പറഞ്ഞു.

Content Highlight: Actor Vinayakan Share a Funny Moment with Rajnikanth on Jailer set