നേര് എന്ന സിനിമ കൊണ്ടല്ല മോഹന്‍ലാലിനെ അളക്കേണ്ടതെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. എത്രയോ മഹത്തായ പരിപാടികള്‍ അദ്ദേഹം ചെയ്തുകഴിഞ്ഞുവെന്നും ഇനി എന്താണ് ചെയ്യാനുള്ളതെന്നും വിനയ് ഫോര്‍ട്ട് ചോദിച്ചു. നേര് നല്ല സിനിമ ആയിരിക്കാമെന്നും പക്ഷേ നടനെന്ന നിലയില്‍ ഒരാള്‍ക്ക് ജീവിതത്തില്‍ ചെയ്യാവുന്ന എല്ലാ കഥാപാത്രങ്ങളും മോഹന്‍ലാല്‍ ചെയ്തല്ലോയെന്നും സില്ലി മോങ്ക് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു.

‘നേരൊന്നും ഒരു വിഷയമേ അല്ല. ഒരു കൊമേഴ്ഷ്യല്‍ സിനിമയുടെ സക്‌സസും ലാലേട്ടനും തമ്മില്‍ ഒരു ബന്ധവുമില്ല. പുള്ളി എത്രയോ മഹത്തായ പരിപാടികള്‍ ചെയ്തുകഴിഞ്ഞു. ഇനി പുള്ളി എന്ത് ചെയ്യാനാണ്. നേര് നല്ലൊരു കൊമേഴ്ഷ്യല്‍ സിനിമ ആയിരിക്കാം. തിയേറ്ററില്‍ ആളുകള്‍ വന്ന് കാണുന്നുണ്ടാവാം. അതിനേയും ലാലേട്ടനേയും തമ്മില്‍ കൂട്ടിക്കെട്ടേണ്ട ഒരു കാര്യവുമില്ല.

ഒരു കൊമേഴ്ഷ്യല്‍ സിനിമ കൊണ്ട് അളക്കാവുന്ന ടാലന്റല്ല പുള്ളി ചെയ്തുവെച്ചേക്കുന്നത്. നേര് നല്ല സിനിമ ആയിരിക്കാം. പക്ഷേ നടനെന്ന നിലയില്‍ ഒരാള്‍ക്ക് ജീവിതത്തില്‍ ചെയ്യാവുന്ന എല്ലാ കഥാപാത്രങ്ങളും അദ്ദേഹം ചെയ്തല്ലോ,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

ആട്ടം ആണ് ഇനി റിലീസിന് ഒരുങ്ങുന്ന വിനയ് ഫോര്‍ട്ടിന്റെ ചിത്രം. നവാഗത സംവിധായകന്‍ ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും ചെയ്യുന്ന ആട്ടം ജോയ് മൂവി പ്രൊഡക്ഷന്‍സിന് കീഴില്‍ ഡോ. അജിത് ജോയ് ആണ് നിര്‍മിച്ചത്. സെറിന്‍ ശിഹാബ്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി എന്നിവരും നാടകരംഗത്ത് സമ്പന്നമായ അഭിനയ പരിചയമുള്ള ഒമ്പത് മികച്ച അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ജനുവരി 5 ന് പുറത്തിറങ്ങും.

അനിരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിങ്ങും രംഗനാഥ് രവി ശബ്ദസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതം ബേസില്‍ സി.ജെയും പ്രൊഡക്ഷന്‍ ശബ്ദമിശ്രണം ജിക്കു എം. ജോഷിയും കളര്‍ ഗ്രേഡിങ് ശ്രീക് വാരിയറും നിര്‍വഹിച്ചിരിക്കുന്നു.

Content Highlight: Actor Vinay Fort says Mohanlal should not be measured by the movie Neru