ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനസില്‍ അന്നും ഇന്നും നിലയുറപ്പിച്ച നടനാണ് വിജയരാഘവന്‍. പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളും ഡയലോഗുകളും വിജയരാഘവന്റേതായുണ്ട്.
അത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ‘രാവണപ്രഭു’വിലെ വിജയരാഘവന്റെ കഥാപാത്രം പറയുന്ന ‘നടേശാ, കൊല്ലണ്ട’ എന്ന ഡയലോഗ്.
ഒപ്പം സിനിമയുടെ ക്ലൈമാക്‌സ് രംഗത്ത് നീലകണ്ഠനെ കൊല്ലുന്ന രംഗവും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല.
ഈ രണ്ട് സീനുകളെ കുറിച്ചും സംസാരിക്കുകയാണ് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ വിജയരാഘവന്‍.
‘രാവണപ്രഭു’വിലെ വിജയരാഘവന്റെ കഥാപാത്രമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് നടന്‍ മാത്യു തോമസ് പറഞ്ഞതോടെയാണ് ‘നടേശാ, കൊല്ലണ്ട’ എന്ന ഡയലോഗും ചര്‍ച്ചയിലെത്തിയത്.

ആ ഡയലോഗ് ഗൗരവത്തോടെ, സാധാരണ രീതിയില്‍ പറഞ്ഞിരുന്നെങ്കില്‍ ആ സീനിന്റെ സ്വഭാവം തന്നെ മാറിപ്പോകുമായിരുന്നുവെന്നാണ് വിജയരാഘവന്‍ പറഞ്ഞത്.
‘ആ ഡയലോഗ് സീരിയസായി പറഞ്ഞിരുന്നെങ്കില്‍ ആ അടി നമുക്ക് കിട്ടിയിട്ട് നമ്മള്‍ പോകുന്നതുപോലെ ആകും. ”നടേശാ… കൊല്ലണ്ട” എന്ന് ഒരു വോക്കല്‍ ട്രിക്കറിയിലാണ് പറഞ്ഞത്. ആ ഡയലോഗ് പ്ലെയിന്‍ ആയി പറഞ്ഞിരുന്നെങ്കില്‍ ആ ഫീല്‍ കിട്ടില്ലായിരുന്നു. സൗണ്ട് മോഡുലേഷനില്‍ ഉണ്ടായ കോമഡിയാണ് അത്,’ വിജയരാഘവന്‍ പറഞ്ഞു.

സിനിമയുടെ അവസാന ഭാഗത്ത് പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കത്തിക്കുന്ന രംഗത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ആ രംഗത്തില്‍ നീലകണ്ഠന്‍ ഇയാളെ എങ്ങനെയെങ്കിലും കൊല്ലണമെന്ന തോന്നല്‍ പ്രേക്ഷകനില്‍ ഉണ്ടാകുമെന്ന് അവതാരകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആ രംഗത്ത് തന്റെ കഥാപാത്രം പ്രകടിപ്പിക്കേണ്ട ഭാവവും അഭിനയത്തിലൂടെ അത് എങ്ങനെ അവതരിപ്പിച്ചുവെന്നും വിജയരാഘവന്‍ വിശദീകരിക്കുകയായിരുന്നു.

പെട്രോള്‍ ഒഴിച്ച് നേരിട്ട് തീ കൊളുത്താന്‍ കഴിയാത്തതിനാലാണ് ചെരുപ്പ് അഴിച്ചെടുത്ത് അതില്‍ തീ കൊടുക്കുന്നതെന്നും ആ രംഗത്തില്‍ തന്റെ കഥാപാത്രത്തിന്റെ മാനസികാവസ്ഥയാണ് പ്രധാനമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
‘ഇത് നമുക്ക് കത്തിച്ച് എറിയാന്‍ പറ്റില്ല. അവിടെ വെച്ച് കത്തിച്ചാല്‍ പെട്രോള്‍ എന്റെ ദേഹത്തും ആവും. അങ്ങനെയാണ് ചെരുപ്പ് അഴിച്ചെടുത്ത് അതില്‍ തീ കൊടുക്കുന്നത്. നമ്മുടെ മനുഷ്യത്വം മുഴുവന്‍ അങ്ങ് പോവുകയാണ്. ഒരാളെ കൊല്ലുകയാണ്. നിര്‍വികാരമായ മുഖമാണ്. അതാണ് ആ ലൈറ്ററിന്റെ വെളിച്ചം ഊതുന്നതില്‍ കാണിക്കുന്നത്,’ വിജയരാഘവന്‍ പറഞ്ഞു.
‘പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് വിജയരാഘവനും മാത്യു തോമസും ഉണ്ണിമായ പ്രസാദും തങ്ങളുടെ ഇഷ്ടപ്പെട്ട വിജയന്‍രാഘവന്‍ കഥാപാത്രങ്ങളെ കുറിച്ച് സംസാരിച്ചത്.
തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ‘മേലെപ്പറമ്പില്‍ ആണ്‍വീട്’ എന്ന ചിത്രത്തിലെ കുട്ടേട്ടന്റെ കഥാപാത്രമാണെന്ന് ഉണ്ണിമായ പറഞ്ഞപ്പോള്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന സമയത്താണ് ആ സിനിമ ചെയ്തതെന്നായിരുന്നു വിജയ രാഘവന്‍ മറുപടിയായി പറഞ്ഞത്. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അത് പറയാന്‍ ഭയമുള്ള, നിഷ്‌കളങ്കനായ കഥാപാത്രമായിരുന്നു അതെന്നും ഗംഭീരമായ തിരക്കഥയാണ് ചിത്രത്തിന്റേതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Actor Vijayaraghavan about ravanaprabhu movie climax scene
