ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ നടന്‍ നിവിന്‍ പോളിക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് നടന്‍ ശ്യാം മോഹന്‍. നിവിന്‍ പോളിയുടെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹത്തെ ആദ്യമായി നേരിട്ട് കണ്ടത് വല്ലാത്തൊരു ഫാന്‍ ബോയ് മൊമെന്റായിരുന്നെന്നും ശ്യാം പറയുന്നു.
2010 മുതല്‍ 2015 വരെ ബോംബെയിലായിരുന്നു താനെന്നും ജോലി രാജിവെച്ച് നില്‍ക്കുന്ന സമയത്താണ് ‘പ്രേമം’ റിലീസ് ചെയ്തതെന്നും ശ്യാം പറഞ്ഞു.
സുഹൃത്തിനൊപ്പം തിയേറ്ററില്‍ പോയി ‘പ്രേമം’ കണ്ടപ്പോള്‍ അതുവരെ കാണാത്തൊരു നിവിന്‍ പോളിയെയാണ് സിനിമയില്‍ കണ്ടതെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘മുണ്ടൊക്കെയുടുത്തുള്ള പരിപാടി ലാലേട്ടനില്‍ കണ്ടിട്ട് നമുക്ക് രോമാഞ്ചം വന്നിട്ടുണ്ട്. അതേ സാധനമാണ് നിവിന്‍ ചേട്ടനും ചെയ്തത്. ‘പ്രേമം’ തൊട്ട് ഞാന്‍ കട്ട ഫാനായി. അതിന് മുന്‍പേ ഫാനാണ്. പുള്ളിയുടെ ക്യൂട്ട്നെസും പരിപാടിയുമെല്ലാം ഒരുപാട് എന്‍ജോയ് ചെയ്തിട്ടുണ്ട്,’ ശ്യാം മോഹന്‍ പറഞ്ഞു.

നിവിന്‍ പോളിയെ നേരില്‍ കാണുന്നത് ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നെന്നും കടയ്ക്കുള്ളിലിരുന്ന് കോംപ്രമൈസ് സംസാരിക്കുന്ന രംഗമായിരുന്നു ആദ്യമായി ഷൂട്ട് ചെയ്തതെന്നും ശ്യാം പറയുന്നു.
”ഞാന്‍ നോക്കുമ്പോള്‍ പുള്ളി മോണിറ്ററിന്റെ പുറകില്‍ കസേരയിട്ട് ഇരിക്കുകയാണ്. എന്റമ്മേ നിവിന്‍ പോളി എന്ന ഫീലായിരുന്നു എനിക്ക്. എന്നാല്‍ എന്നെ കണ്ടയുടനെ ‘എടാ’ എന്ന് പറഞ്ഞ് പരിചയമുള്ള ആളെപ്പോലെ സംസാരിച്ചു. അതോടെ ആ ടെന്‍ഷന്‍ അങ്ങ് തീര്‍ന്നു. പക്ഷേ ഫാന്‍ ബോയ് പരിപാടി നമ്മുടെ ഉള്ളില്‍ ഉണ്ടല്ലോ,” ശ്യാം പറയുന്നു.
ലാലേട്ടനെ പോലെ തന്നെ നിവിന്‍ ചേട്ടന്‍ ചിരിക്കുന്നതു കാണാന്‍ ലൈറ്റ് ഹൗസ് പോലെ ഭയങ്കര ഭംഗിയാണെന്നും ശ്യാം പറഞ്ഞു.

ബെത്‌ലഹേമില്‍ പെങ്ങളെ കടത്തിക്കൊണ്ടുപോകാന്‍ വരുമ്പോള്‍ വണ്ടിയുടെ മുന്നിലോട്ട് വന്ന് ഞാന്‍ കിടക്കുന്ന സീനുണ്ട്. അതെടുക്കുമ്പോള്‍ പുള്ളി ചിരി തുടങ്ങി. അവസാനം ആ സീനില്‍ നീ നില്‍ക്കണ്ട, നിന്നെ കണ്ടാല്‍ എനിക്ക് ചിരി വരും. ഞാന്‍ അല്ലാതെ ചെയ്‌തോളാം’ എന്ന് പറഞ്ഞു,’ ശ്യാം മോഹന്‍ കൂട്ടിച്ചേര്‍ത്തു.
തിയേറ്ററില്‍ നിവിന്‍ പോളിയുടെ കഥാപാത്രത്തിന് നാണം വരുന്ന രംഗങ്ങള്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ക്കും അതേ നാണം തോന്നുന്ന തരത്തിലുള്ള ഒരു സ്വാഭാവികത അദ്ദേഹത്തിന്റെ അഭിനയത്തിലുണ്ടെന്നും ശ്യാം പറയുന്നു.
‘നിവിന്‍ ചേട്ടന് നാണം വരുന്ന ആ സീനൊക്കെ തിയേറ്ററില്‍ കാണുമ്പോള്‍ നമുക്ക് നാണം വരും. ആ ഇന്നസെന്‍സൊക്കെ പുള്ളി വളരെ ഈസിയായി ചെയ്യും. പക്ഷേ അത് അത്ര എളുപ്പമുള്ള കാര്യമല്ല. അതാണ് പുള്ളിയുടെ പ്രത്യേകത,’ ശ്യാം മോഹന്‍ പറഞ്ഞു.
Content Highlight: Actor Shyam mohan Share a Funny Experiance with Nivin pauly on Bethlahem Shoot
