1980കളില്‍ മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും വലിയ താരമൂല്യമുള്ള മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറായിരുന്നു ശങ്കര്‍. 1980ല്‍ തമിഴില്‍ പുറത്തിറങ്ങിയ ഒരു തലൈ രാഗത്തിലൂടെയും മലയാളത്തില്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയും ശങ്കര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പിന്നീട് സംവിധായകനായും നിര്‍മാതാവായും താരം സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എണ്‍പതുകളില്‍ ലഭിച്ച പ്രേക്ഷക സ്വീകാര്യതയും സ്റ്റാര്‍ഡവും പിന്നീട് തുടരാന്‍ ശങ്കറിന് സാധിച്ചിരുന്നില്ല. തുടര്‍ച്ചയായി പരാജയ ചിത്രങ്ങളുടെ ഭാഗമായ താരം പിന്നീട് മലയാള സിനിമയിലെ മുന്‍നിരയില്‍ നിന്നും പിന്തള്ളപ്പെടുകയായിരുന്നു. എങ്കിലും സഹനടനായും ചെറിയ റോളുകളിലും താരം സജീവമായിരുന്നു. അടുത്തിടെ വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സൂപ്പര്‍താര പദവിയിലിരിക്കവെ ചിത്രങ്ങള്‍ തെരഞ്ഞെടുത്തതില്‍ സംഭവിച്ച അപാകതയ കുറിച്ച് സംസാരിക്കുകയാണ് താരം.

ശങ്കര്‍. Photo: Manorama Online

‘എത്രയോ സിനിമകള്‍ ഞാന്‍ ചെയ്തത് തെറ്റിപ്പോയി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ പിന്നീട് ആലോചിച്ചപ്പോള്‍ എന്തുകൊണ്ട് ആ സിനിമകള്‍ ചെയ്തു എന്ന് ചിന്തിച്ചിട്ടുണ്ട്. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഞാന്‍ ഇത്രയും വലിയ ഹീറോയായി വന്നിട്ടും പിന്നീട് നമ്മള്‍ എന്തിനാണ് അത് ചെയ്തതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ചെയ്തു എന്ന് പറയുമ്പോള്‍ അന്ന് എല്ലാത്തിന്റെയും കൂടെ നമ്മള്‍ ചെയ്ത് പോകുന്നതാണ്. പിന്നീട് ആലോചിക്കുമ്പോഴാണ് കുറച്ചെല്ലാം റെസ്ട്രിക്ട് ചെയ്ത്, നോക്കിയിട്ട് ചെയ്യാമായിരുന്നു എന്ന് തോന്നിയത്,’ ശങ്കര്‍ പറയുന്നു.

ഒരു നായകനായി എന്ന് അറിഞ്ഞപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് തന്റെ മാതാപിതാക്കള്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്കിപ്പോഴും ഓര്‍മയുണ്ട് എന്റെ ആദ്യത്തെ സിനിമ ഒരു തലൈരാഗം ഇറങ്ങുന്ന സമയത്ത് അച്ഛന്‍ മദ്രാസില്‍ ഒരു കമ്പനിയില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. മലയാളികളടക്കം എഴുനൂറോളം സ്റ്റാഫുകള്‍ അവിടെ വര്‍ക്ക് ചെയ്യുന്നുണ്ട്. അച്ഛനെ എല്ലാവരും പണിക്കര്‍ സാര്‍ എന്നാണ് വിളിക്കുന്നത്. അന്ന് പണിക്കര്‍ സാര്‍ പയ്യന്‍ സിനിമയില്‍ വരാറ് എന്നെല്ലാം പറഞ്ഞ് ഇവരുടെ ഇടയില്‍ ഭയങ്കര ടോക്കാണ്.

Photo: X.com

ആദ്യത്തെ പടം ഇറങ്ങുമ്പോള്‍ അവിടെ ഉണ്ടായിരുന്ന മൗണ്ട് റോഡില്‍ സിനിമയുടെ കൂറ്റന്‍ കട്ടൗട്ടുകളും ബാനറുകകളുമെല്ലാം വെച്ചിരുന്നു. ഈ കട്ടൗട്ട് കാണാന്‍ അച്ഛന്റെ കമ്പിനിയില്‍ വര്‍ക്ക് ചെയ്യുന്ന എല്ലാവരും പോയിട്ടുണ്ട്. ഇതെല്ലാം നമ്മുടെ ലൈഫില്‍ പ്രതീക്ഷിക്കാവുന്നതിലും അപ്പുറമായിരുന്നു,’ ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Actor Shankar talks about mistake happened to him while choosing films in his prime