മമ്മൂക്കയേയും ലാല്‍ സാറിനേയും പോലുള്ള പടുവൃക്ഷങ്ങള്‍ നില്‍ക്കുന്നിടത്തോളം കാലം അമ്മയില്‍ ഒന്നും സംഭവിക്കില്ല: റോണി ഡേവിഡ്
Movie Day
മമ്മൂക്കയേയും ലാല്‍ സാറിനേയും പോലുള്ള പടുവൃക്ഷങ്ങള്‍ നില്‍ക്കുന്നിടത്തോളം കാലം അമ്മയില്‍ ഒന്നും സംഭവിക്കില്ല: റോണി ഡേവിഡ്
അക്ഷര
Thursday, 2nd July 2026, 10:48 am

മലയാള സിനിമയിലെ കലാകാരന്മാരുടെ സംഘടനയായ എ.എം.എം.എയില്‍ നടക്കുന്ന നിലവിലെ പ്രശ്‌നങ്ങളില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ഡോ. റോണി ഡേവിഡ്.

രണ്ടുപേര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പലരും ഇടപെട്ടിരുന്നെന്നും എന്നാല്‍ എന്ത് പറഞ്ഞാലും അനുസരിക്കാത്ത ആളുകളെ എന്തുചെയ്യാന്‍ പറ്റുമെന്നുമാണ് റോണി ഡേവിഡ് ചോദിച്ചത്.

എന്തൊക്കെ സംഭവിച്ചാലും അമ്മ എന്ന സംഘടന തകരില്ലെന്നും പ്രത്യേകിച്ച് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും സുരേഷ് ഗോപിയേയും പോലുള്ള പടുവൃക്ഷങ്ങള്‍ നില്‍ക്കുമ്പോള്‍ അമ്മ ശക്തമായി തന്നെ മുന്നോട്ടുപോകുമെന്നും റോണി ഡേവിഡ് പറഞ്ഞു.

എങ്കിലും പുതിയ തലമുറയിലെ താരങ്ങള്‍ അമ്മയില്‍ സജീവമാകേണ്ടതുണ്ടെന്നും അതിന് ആദ്യം പ്രശ്‌നങ്ങള്‍ ഇല്ലാത്ത ഒരു സാഹചര്യം ഉണ്ടാവേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘രണ്ട് പേര്‍ തമ്മില്‍ പ്രശ്‌നം ഉണ്ടെങ്കില്‍ അത് നിങ്ങളില്‍ തന്നെ നില്‍ക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. അല്ല ഇത് വിഷയമായി കഴിയുമ്പോള്‍ ഇങ്ങനെ ചെയ്യല്ലേ എന്ന് നമുക്ക് പറയാം. പക്ഷേ അവര്‍ പറഞ്ഞാല്‍ കേള്‍ക്കണം. പറഞ്ഞാല്‍ അനുസരിക്കാത്ത വ്യക്തികളെ നമുക്ക് എങ്ങനെ അനുസരിപ്പിക്കാന്‍ പറ്റും?

ഇപ്പോള്‍ തന്നെ ലാല്‍ സാര്‍ ഏറ്റവും ഒടുവിലത്തെ ജനറല്‍ ബോഡിയില്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഇവിടെ ആരൊക്കെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അമ്മ ഇവിടെ തന്നെ ഉണ്ടാവും എന്ന്. കാരണം അമ്മ എന്തുകൊണ്ട് നിലനില്‍ക്കണം എന്ന് പുള്ളിക്കറിയാം. മമ്മൂക്ക, ലാല്‍ സാര്‍, സുരേഷേട്ടന്‍ ഈ മൂന്ന് പടുവൃക്ഷങ്ങള്‍ നില്‍ക്കുന്നിടത്തോളം കാലം ഒന്നും സംഭവിക്കില്ല.

പക്ഷേ പൃഥ്വിരാജ്, ഫഹദ്, ജയേട്ടന്‍ അല്ലെന്നുണ്ടെങ്കില്‍ ചാക്കോച്ചായന്‍ ടോവി, ആസിഫ്, നിവിന്‍ ഇവരൊക്കെ മിസ്സിങ് ആണ് ഇത്തവണ.

കോണ്‍സ്റ്റന്റ് ആയിട്ട് നമ്മള്‍ ഇവിടെ ട്രബിള്‍ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാല്‍ ആരും തിരിഞ്ഞു നോക്കില്ല. കുറച്ചു കാര്യങ്ങള്‍ നമ്മള്‍ തന്നെ പറഞ്ഞ് ഒരു രമ്യതയില്‍ തീര്‍ത്ത് പ്ലസന്റ് ആയിട്ട് പോകുന്നുണ്ടെങ്കില്‍ നസ്‌ലെന്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കാര്‍ ഇതിനകത്തോട്ട് കേറും.

ഒരു സമയം കഴിയുമ്പോള്‍ ഇത് അടുത്ത ജനറേഷന്‍സ് ഏറ്റെടുത്ത് ഏറ്റെടുത്ത് പോകണ്ടേ. അല്ലാതെ നടക്കില്ലല്ലോ,’ റോണി ഡേവിഡ് പറഞ്ഞു.

Content Highlight: Actor Roni David about Ongoing Conflict on AMMA and Mammootty and Mohanlal