ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിൽ മലയാളത്തിൽ ഇന്ന് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന അഭിനേതാവാണ് നിവിൻ പോളി.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നിവിൻ പിന്നീട് ഒട്ടനവധി നല്ല ചിത്രങ്ങളുടെ ഭാഗമാകുകയും മലയാള സിനിമയിൽ തന്റെ സ്ഥാനം നേടിയെടുക്കുകയും കേരളത്തിന് പുറത്തേക്ക് തന്റെ സ്റ്റാർഡം വ്യാപിപ്പിക്കുകയുമായിരുന്നു.
ഇപ്പോൾ നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഗിരീഷ് എ.ഡി. ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ് മലയാള സിനിമയിൽ പുതിയ ബോക്‌സ് ഓഫീസ് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ 320 കോടിയോളം കളക്ഷൻ നേടിയ ചിത്രം, 2025-ൽ പുറത്തിറങ്ങിയ ലോകഃ ചാപ്റ്റർ 1: ചന്ദ്ര നേടിയ 302.65 കോടിയുടെ ആഗോള കളക്ഷൻ മറികടന്ന് എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടുന്ന മലയാള ചിത്രമായി മാറി. ഇതോടെ ഏറ്റവും വേഗത്തിൽ 300 കോടി ക്ലബ്ബിൽ ഇടം നേടുന്ന മലയാള ചിത്രമായും ഇത് മാറി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ബെത്‌ലഹേം കുടുംബ യൂണിറ്റ് വിജയകരമായി പ്രദർശനം തുടരുകയാണ്.

ബെത്‌ലഹേം എന്ന സൂപ്പർ ഹിറ്റ് മൂവിക്ക് ശേഷം നിവിൻപോളിയുടേതായി തിയേറ്ററിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിതാ മോഹൻലാലുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചും തുറന്ന് പറയുകയാണ് നടൻ നിവിൻ പോളി. മോഹൻലാൽ വളരെ സന്തോഷത്തോടെയും സൗഹൃദത്തോടെയും ഇടപെടുന്ന വ്യക്തിയാണെന്നും തനിക്ക് എന്തെങ്കിലും ചെറിയ പ്രശ്നമുണ്ടെന്ന് അറിഞ്ഞാൽ പോലും അദ്ദേഹം ഇങ്ങോട്ട് വിളിക്കാറുണ്ടെന്നും നിവിൻ പറഞ്ഞു.
‘ഭയങ്കര ഹാപ്പിയായിട്ട്, ജോളിയായിട്ട് ഇരിക്കുന്ന ഒരു വ്യക്തിയാണ് ലാൽ സാർ. ‘കായംകുളം കൊച്ചുണ്ണി’ എന്ന സിനിമയിൽ സാറിന്റെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. നമുക്ക് എന്തെങ്കിലും പ്രശ്നം വരുമ്പോൾ ലാൽ സാർ കോൾ ചെയ്യും. ‘എവെരിതിങ് ഈസ് ഓക്കെ, ആൾ ഗുഡ് ’ എന്നൊക്കെ ചോദിക്കും,’ നിവിൻ പറഞ്ഞു.
വലിയ താരമെന്നതിലുപരി ഒരു സഹപ്രവർത്തകനോട് കാണിക്കുന്ന കരുതലാണ് മോഹൻലാലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും നിവിൻ വ്യക്തമാക്കി.
‘നമുക്ക് എന്തെങ്കിലും ചെറിയ പ്രശ്നമുണ്ട് എന്ന് അറിയുമ്പോൾ മോഹൻലാൽ സാർ നമ്മളെ ആദ്യം ഇങ്ങോട്ട് വിളിക്കും. ‘നമ്മളെല്ലാവരും കൂടെയുണ്ട്, നന്നായിരിക്കൂ’ എന്നൊക്കെ പറയും,’ നടൻ പറഞ്ഞു.
എന്തെങ്കിലും പ്രശ്നങ്ങളിൽ അത്തരമൊരു ഫോൺ കോൾ നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും നിവിൻ പറഞ്ഞു.
‘നമുക്ക് എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ അങ്ങനെ ഒരു കോൾ വരുന്നത് നമുക്ക് ഉള്ളിൽ ഒരു ധൈര്യം കിട്ടില്ലേ. ‘ലാൽ സാർ ഉണ്ടല്ലോ കൂടെ’ എന്നുള്ള ഒരു ഫീൽ കിട്ടില്ലേ,’ നിവിൻ പറഞ്ഞു.
മോഹൻലാലിനൊപ്പം ഇനിയും സിനിമ ചെയ്യണമെന്ന ആഗ്രഹവും നിവിൻ പങ്കുവെച്ചു. ഇരുവരും ഒന്നിക്കുന്നൊരു സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും നിരവധി സ്ക്രിപ്റ്റുകൾ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സാറിന്റെ കൂടെ ഇനിയും വർക്ക് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. കുറെ സ്ക്രിപ്റ്റുകൾ വരുന്നുണ്ട്. നമ്മൾ രണ്ടുപേരും ചേർന്ന് ഒരു പടം ചെയ്താൽ നല്ലതായിരിക്കും എന്ന് എല്ലാവരും പറയുന്നുണ്ട്. അതിനായിട്ട് കാത്തിരിക്കുകയാണ് ഇപ്പോൾ ഞാൻ,’ നിവിൻ പറഞ്ഞു.
Content Highlight: Actor Nivin Pauly Talks about Mohanlal
