ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യാന്‍ തന്റെ തുടക്കകാലത്ത് പേടിയായിരുന്നു എന്നുപറയുകയാണ് നടന്‍ മുകേഷ്. ആ സമയത്ത് നടന്‍ ബാലന്‍.കെ.നായര്‍ തനിക്ക് ഫൈറ്റിന്റെ ഡെമോ കാണിച്ച് തന്നെന്നും അതിന്റെയിടയില്‍ ഒറിജിനലായി ഒരു ഇടി കിട്ടിയെന്നും മുകേഷ് പറഞ്ഞു.

ആ ഇടി ഷോട്ടിന്റെ സമയത്ത് തന്നിരുന്നെങ്കില്‍ എന്തെങ്കിലും ഉപകാരം ഉണ്ടാകുമായിരുന്നു എന്നും മുകേഷ് പറഞ്ഞു. അദ്ദേഹം ഇടിച്ചതിന് ശേഷം തന്നോട് സോറി പറഞ്ഞുവെന്നും ഫ്‌ളവേഴ്‌സ് ടി.വിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ സംസാരിക്കവെ മുകേഷ് പറഞ്ഞു.

‘ഫൈറ്റ് സീനിന്റെ ഇടയില്‍ ഇഷ്ടം പോലെ ഇടി കിട്ടിയിട്ടുണ്ട്. ഒരു കാര്യവുമില്ലാതെ ഫൈറ്റ് തുടങ്ങുന്നതിന് മുമ്പ് വരെ എനിക്ക് ഇടി കിട്ടിയിട്ടുണ്ട്. ഭരത് അവാര്‍ഡൊക്കെ നേടിയ വലിയ താരമാണ് ബാലന്‍.കെ.നായര്‍. മലയാളത്തിലെ ഏറ്റവും നല്ല ആക്ടേഴ്‌സിലൊരാളാണ് അദ്ദേഹം. പക്ഷെ പുള്ളി കുറച്ച് റഫാണ്.

ഒരിക്കല്‍ ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ആ സംഭവമുണ്ടാത്. എനിക്കാണെങ്കില്‍ തുടക്കകാലത്തൊക്കെ ഫൈറ്റ് ചെയ്യുക എന്നുപറയുന്നത് ഇത്തിരി പേടിയുള്ള കാര്യമായിരുന്നു. ഞാന്‍ ഫൈറ്റൊക്കെ അന്ന് ചെയ്യുമായിരുന്നു, പക്ഷെ എനിക്ക് പേടിയായിരുന്നു.

അവിടെ സീന്‍ ഷൂട്ട് ചെയ്യാനുള്ള പരിപാടിയൊക്കെ നടത്തുകയാണ്. ക്യാമറയൊക്കെ ഇറക്കുകയും ലൈറ്റൊക്കെ സെറ്റ് ചെയ്യുകയായിരുന്നു. അപ്പോള്‍ അദ്ദേഹം എന്റെ അടുത്തേക്ക് വന്നു. എന്താടാ ഫൈറ്റ് ചെയ്യാന്‍ നിനക്ക് വലിയ പേടിയാണെന്നൊക്കെ കേട്ടുവെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. നമ്മളൊക്കെ എത്ര കൊല്ലമായി ഇതൊക്കെ ചെയ്യുന്നുവെന്നും പറഞ്ഞു.

അങ്ങനെയല്ല, ഞാന്‍ ഇതൊന്നും ഇതുവരെ പ്രാക്ടീസ് ചെയ്തിട്ടില്ലല്ലോ അതാണ് പ്രശ്‌നമെന്നും ഞാന്‍ പറഞ്ഞു. ഷൂട്ടിന്റെ സമയമാകുമ്പോള്‍ ചെയ്ത് പോകുന്നുണ്ടെന്നും പറഞ്ഞു. നീ ഇതൊന്നും പേടിക്കണ്ട എന്നും പറഞ്ഞ്, അദ്ദേഹം ഫൈറ്റിന്റെ ഡെമോ കാണിക്കാന്‍ തുടങ്ങി.

അങ്ങനെ ഡെമോ കാണിച്ച് എന്റെ മുഖത്തിനിട്ട് ഒരു ഇടിയും തന്നു. എന്നിട്ട് എന്നോട് സോറിയും പറഞ്ഞു. ചേട്ടാ ഈ ഇടി ഷൂട്ടിനിടക്ക് തന്നിരുന്നെങ്കില്‍ എന്തെങ്കിലും ഒരു ഉപകാരമാകുമായിരുന്നു എന്നും ഞാന്‍ പറഞ്ഞു,’ മുകേഷ് പറഞ്ഞു.

content highlight: actor mukesh about fight scence in malayalam cinema