പൊന്നിയന്‍ സെല്‍വനിലെ നമ്പി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയറാം ആണെന്ന് അറിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് ഒരുപാട് സംശയങ്ങള്‍ ഉണ്ടായിരുന്നെന്ന് പറയുകയാണ് നടന്‍ കാര്‍ത്തി. ആറടി പൊക്കമുള്ള അദ്ദേഹം എങ്ങനെയാണ് അഞ്ചടി പൊക്കക്കാരനായി അഭിനയിക്കുന്നതെന്ന് ചിന്തിച്ചിരുന്നു എന്നും പൊന്നിയന്‍ സെല്‍വന്‍ 2ന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ കാര്‍ത്തി പറഞ്ഞു.

‘ജയാറാം ചെയ്ത നമ്പി എന്ന കഥപാത്രം ശരിക്കും അഞ്ചടി മാത്രം ഉയരമുള്ളയാളാണ്. എന്നാല്‍ അദ്ദേഹം ആറടിയുണ്ട്. ഞങ്ങള്‍ ആദ്യം മണിരത്‌നത്തിനോട് ചോദിച്ചിരുന്നു എങ്ങനെയാണ് ജയറാം സാറിനെ ഈ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നതെന്ന്. എങ്ങനെ അദ്ദേഹത്തെ ഇങ്ങനെ മാറ്റാന്‍ സാധിച്ചു എന്നൊക്കെ. എന്റെ ആദ്യത്തെ ചോയ്‌സും ആകെയുള്ള ചോയിസും ജയറാം ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇത്രയും ഉയരമുള്ളയാള്‍ എങ്ങനെ നമ്പിയായി അഭിനയിക്കുമെന്ന് ചിന്തിച്ച ഞങ്ങളുടെ മുന്നിലേക്ക് അടുത്ത ദിവസം ജയറാം സാര്‍ വരുന്നത് അഞ്ചടി ഉയരക്കാരനായാണ്. രണ്ട് കാലും വളച്ചുവെച്ച് അദ്ദേഹം സെറ്റിലേക്ക് നടന്നുവന്നു. ഞാന്‍ ഞെട്ടി പോയി. ഒരു നടന് അത്രയും മാറാന്‍ സാധിക്കുമോ എന്ന് ചിന്തിച്ചു.

കഥാപാത്രത്തിനുവേണ്ടി അത്രയും അധ്വാനം അദ്ദേഹം നടത്തി. ശരിക്കും ജയറാം സാര്‍ ഒരു ഓള്‍റൗണ്ട് പെര്‍ഫോമറാണ്. ജയാറാമിന് തമാശയും ആക്ഷനും റോമാന്‍സുമെല്ലാം കൈകാര്യം ചെയ്യാന്‍ സാധിക്കും. അദ്ദേഹത്തിനോടൊപ്പം ജോലിചെയ്യാന്‍ സാധിക്കുന്നത് തന്നെ സന്തോഷമാണ്,’ കാര്‍ത്തി പറഞ്ഞു.

ഏപ്രില്‍ 28നാണ് പൊന്നിയിന്‍ സെല്‍വന്‍ രണ്ടാംഭാഗം റിലീസ് ചെയ്യുന്നത്. ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ കൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ ശരത് കുമാര്‍, പ്രഭു, ജയറാം, ലാല്‍, കിഷോര്‍, ശോഭിത ധൂലിപാല തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രവി വര്‍മന്‍ ഛായാഗ്രഹണവും തോട്ടാ ധരണി കലാ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

content highlight: actor karthi about jayaram