ഗൗരവമുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്തുവന്നിരുന്ന ബിജു മേനോന് ഹ്യൂമര്‍ കഥാപാത്രങ്ങളിലൂടെ ലഭിച്ച സ്വീകാര്യത വലുതായിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നായിരുന്നു അത്. സീരിയസ് റോളുകളും ഹ്യൂമറും ഒരുപോലെ അനായാസമായി കൈകാര്യം ചെയ്യുന്ന നടനായി ബിജു മേനോന്‍ ഇതിനകം അടയാളപ്പെടുത്തിക്കഴിഞ്ഞു.
കരിയറിന്റെ തുടക്കത്തിലും ഹ്യൂമര്‍ കഥാപാത്രങ്ങള്‍ ചെയ്തിരുന്നെന്നും എന്നാല്‍ അന്നൊന്നും ആരും ചിരിച്ചിരുന്നില്ലെന്നും പറയുകയാണ് ബിജു മേനോന്‍.
സിനിമയില്‍ 30 വര്‍ഷം പിന്നിട്ടത് താന്‍ അറിഞ്ഞിട്ടില്ലെന്നും ഓരോ സിനിമയിലൂടെയും പുതിയ അനുഭവങ്ങളും പാഠങ്ങളുമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ അവറാച്ചന്‍ ആന്‍ഡ് സണ്‍സിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയില്‍ 30 വര്‍ഷം പോയത് ഞാന്‍ അറിഞ്ഞിട്ടില്ല. ഓരോ സിനിമ കാണുമ്പോഴും ഇത്രയും വര്‍ഷം പഴകിയെന്ന് അറിയുന്നതൊക്കെ സിനിമ തരുന്ന ഭാഗ്യമാണ്. വര്‍ഷങ്ങള്‍ പോയത് അറിഞ്ഞിട്ടില്ല. വളരെ നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു എനിക്ക്. ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ വളരെ ആസ്വദിച്ചിട്ടുള്ള, വളരെയധികം ഇഷ്ടപ്പെട്ട് വന്ന മേഖലയാണ് സിനിമ. ഇഷ്ടപ്പെട്ട ജോലി എന്ന സന്തോഷം എന്നുമുണ്ട്. ഓരോ സിനിമയും ഓരോ പാഠങ്ങളാണ് തരുന്നത്. ഓരോ എക്‌സ്പീരിയന്‍സാണ്. അത് ആസ്വദിക്കുന്നുണ്ട്,’ ബിജു മേനോന്‍ പറഞ്ഞു.

കരിയറിന്റെ തുടക്കത്തില്‍ കൂടുതലും ഗൗരവമുള്ള കഥാപാത്രങ്ങളായിരുന്നു ബിജു മേനോന്‍ ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ മനസില്‍ താന്‍ ഒരു സീരിയസ് നടനെന്ന ഇമേജ് നേടിയിരുന്നുവെന്നും താരം പറയുന്നു. പിന്നീട് കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് പ്രേക്ഷകരുമായുള്ള അകലം കുറയുകയും കൂടുതല്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തതെന്നും ബിജു മേനോന്‍ വ്യക്തമാക്കി.
‘നമ്മള്‍ ചെയ്യുന്ന സിനിമകള്‍ വെച്ചാണ് ആളുകള്‍ നമ്മളെ കാണുക. ഗൗരവമുള്ള സിനിമ ചെയ്തപ്പോള്‍ ഞാന്‍ വളരെ സീരിയസ് ആയ ആളാണെന്ന് അവര്‍ കരുതി. അവര്‍ക്ക് നമ്മുടെ അടുത്ത് ചെറിയൊരു ഗ്യാപ്പുണ്ടാകും. ഹ്യൂമര്‍ ചെയ്യുമ്പോഴാണ് അവര്‍ക്ക് നമ്മുടെ അടുത്ത് ഒരു ഇഷ്ടവും അടുപ്പവും വരുന്നത്. കരിയര്‍ എന്ന രീതിയില്‍ ഹ്യൂമര്‍ ചെയ്ത ശേഷമാണ് എനിക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടായത്. അടുപ്പവും ഇഷ്ടവും ആളുകള്‍ക്കുണ്ടായത്,’ അദ്ദേഹം പറഞ്ഞു.
കരിയറിന്റെ തുടക്കത്തിലും സീരിയസ് കഥാപാത്രങ്ങള്‍ക്കിടയില്‍ നിരവധി തമാശകള്‍ ചെയ്തിട്ടുണ്ടെന്നും, പക്ഷേ അന്ന് അവ പലതും പ്രേക്ഷകര്‍ക്ക് തമാശയായി തോന്നിയിരുന്നില്ലെന്നും താരം പറയുന്നു.

‘മുന്‍പും പല സിനിമകളിലും നമ്മള്‍ ഹ്യൂമര്‍ ചെയ്തിട്ടുണ്ട്. സീരിയസ് റോളുകള്‍ ചെയ്യുന്ന സമയത്ത്. അന്നൊന്നും പലതിലും ആള്‍ക്കാര്‍ ചിരിച്ചില്ല. ഞാന്‍ സീരിയസ് റോള്‍ ചെയ്യുന്നതുകൊണ്ട് ഞാന്‍ പറഞ്ഞത് തമാശയാണോ അല്ലയോ എന്ന് ആള്‍ക്കാര്‍ ആലോചിക്കുമ്പോഴേക്കും അടുത്ത ഡയലോഗ് വരികയും അത് മിസ്സായിപ്പോവുകയും ചെയ്ത ഒരുപാട് തമാശകളുണ്ട്,’ ബിജു മേനോന്‍ പറഞ്ഞു.
താന്‍ ഹ്യൂമര്‍ കൂടി ചെയ്യുമെന്ന് പ്രേക്ഷകര്‍ മനസിലാക്കിയതോടെയാണ് താന്‍ ചെയ്ത തമാശകള്‍ക്ക് വേണ്ടത്ര പ്രതികരണം ലഭിക്കാന്‍ തുടങ്ങിയതെന്നും ബിജു മേനോന്‍ പറയുന്നു.
‘നമ്മള്‍ ഹ്യൂമറാണ് ചെയ്യുന്നത് എന്ന് അവര്‍ മനസിലാക്കിയ ശേഷം നമ്മള്‍ പറയുന്നത് കൂടുതല്‍ ആളുകളിലേക്ക് റീച്ച് ചെയ്യും. അങ്ങനത്തെ ഒരു ഷെല്‍ ഒക്കെ ബ്രേക്ക് ചെയ്തത് ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ ഒക്കെ കഴിഞ്ഞ ശേഷമാണ്. അപ്പോള്‍ നമ്മള്‍ പറയുന്നതിന് ആളുകള്‍ തയ്യാറായിരിക്കും,’ അദ്ദേഹം പറഞ്ഞു.
അതിനുമുമ്പ് പ്രേക്ഷകരെ ചിരിപ്പിക്കാനായി താന്‍ പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെന്നും ബിജു മേനോന്‍ പറഞ്ഞു.
‘കുറേ എഫേര്‍ട്ടൊക്കെ എടുത്ത് കുറേ തമാശകള്‍ ചെയ്തിട്ടുണ്ട്. അന്നൊന്നും ആരും ചിരിച്ചിട്ടില്ല,’ ബിജു മേനോന്‍ പറയുന്നു.
Content Highlight: Actor Biju Menon about Humour Roles and Acceptance
