നടി ഭാവനയെക്കുറിച്ച് പറയുകയാണ് നടന്‍ ആസിഫ് അലി. നിറം സിനിമയിലെ എബിയും സോനയും തമ്മിലുള്ള വൈബാണ് ഞങ്ങള്‍ തമ്മിലുള്ളതെന്നും തന്റെ എല്ലാതല്ലുക്കൊള്ളിത്തരത്തിനും കൂടെ നില്‍ക്കുന്ന വ്യക്തിയാണ് ഭാവനയെന്നും ആസിഫ് പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവനയെക്കുറിച്ച് ആസിഫ് പറഞ്ഞത്.

”നമ്മള്‍ കോളേജിലൊക്കെ പഠിക്കുമ്പോള്‍ നമുക്ക് ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ടാവില്ലെ അതായത് എന്തിനും കൂടെ നില്‍ക്കുന്ന നമ്മളെക്കുറിച്ച് എല്ലാമറിയുന്ന സുഹൃത്ത്. എന്റെ എല്ലാ തല്ലുകൊള്ളിത്തരത്തിനും കൂടെ നില്‍ക്കുന്ന ആ ഫ്രണ്ടാണ് ഭാവന.

പല സമയത്തും ഞങ്ങള്‍ക്ക് തന്നെ തോന്നിയിട്ടുണ്ട് ഞങ്ങള്‍ രണ്ടാളും ഒരുമിച്ച് പഠിച്ച് വളര്‍ന്നതാണെന്ന്. നിറത്തിലെ എബിയും സോനയും തമ്മിലുള്ള വൈബാണ് ഞങ്ങള്‍ തമ്മിലുള്ളത്. ഇപ്പോള്‍ ഞങ്ങള്‍ ഡെയ്‌ലി കാണാറും സംസാരിക്കാറുമൊന്നുമില്ല.

പക്ഷേ ഞങ്ങള്‍ തമ്മില്‍ വളരെ ബ്യൂട്ടിഫുളായ റിലേഷനുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ടാണ് ഭാവന എപ്പോഴും,” ആസിഫ് അലി പറഞ്ഞു.

ഹണി ബീ, ഹണി ബീ 2, അഡ്വെഞ്ചേര്‍സ് ഓഫ് ഓമനകുട്ടന്‍ തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമനാണ് ആസിഫിന്റെ പുതിയ ചിത്രം.

ഒരു നാട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണത്തിന്റെ പിന്നാലെയാണ് ചിത്രത്തിന്റെ കഥപോകുന്നത്. ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയ കൂമന്‍ നവംബര്‍ നാലിന് റിലീസ് ചെയ്യും.

നാല് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേക്ക് ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ് ഭാവന. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷറഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഭാവനയ്ക്ക് പുറമേ ഷറഫുദ്ദീന്‍, അനാര്‍ക്കലി നാസര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

content highlight: actor asif ali about bhavana