2026 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഫെബ്രുവരി 15ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരത്തിലും ഇരു ടീമുകളും വിജയിച്ചിരുന്നു.

പാകിസ്ഥാനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മ ടീമിന്റെ ഭാഗമായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അനാരോഗ്യം കാരണം രണ്ടാം മത്സരം നഷ്ടപ്പെട്ട അഭിഷേക്, പാകിസ്ഥാനെതിരെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും.

അഭിഷേക് ശര്‍മ. Photo: BCCI

അഭിഷേകിന്റെ അഭാവത്തില്‍ സഞ്ജു സാംസണാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇഷാന്‍ കിഷന്‍ നിലവില്‍ മികച്ച ഫോമില്‍ ബാറ്റ് വീശുന്നതിനാല്‍ അഭിഷേക് മടങ്ങിയെത്തിയാല്‍ സഞ്ജു മിക്കവാറും ബെഞ്ചിലിരിക്കേണ്ടി വന്നേക്കും.

അന്താരാഷ്ട്ര ടി-20യിലെ 39ാം ഇന്നിങ്‌സിനാണ് ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും കളത്തിലിറങ്ങുക. ടോപ്പ് ഓര്‍ഡറില്‍ വെടിക്കെട്ട് ശീലമാക്കിയ ഇരുവരുടെയും മികച്ച പ്രകടനത്തിന് തന്നെയാണ് ആരാധകരും കാത്തിരിക്കുന്നത്.

കരിയറിലെ ആദ്യ 38 അന്താരാഷ്ട്ര ടി-20 ഇന്നിങ്‌സുകളില്‍ നിന്നും ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരമെന്ന നേട്ടവും കഴുത്തിലണിഞ്ഞാണ് അഭിഷേക് പാകിസ്ഥാനെതിരെ കളത്തിലിറങ്ങുന്നത്. 88 ടി-20ഐ സിക്‌സറുകളാണ് ആദ്യ 38 ഇന്നിങ്‌സില്‍ നിന്നും അഭിഷേക് തന്റെ പേരിനൊപ്പം കുറിച്ചത്.

അഭിഷേക് ശര്‍മ. Photo: BCCI

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും മെന്റര്‍ യുവരാജ് സിങ്ങിനെയുമടക്കം പിന്നിലാക്കിക്കൊണ്ടാണ് അഭിഷേകിന്റെ കുതിപ്പ്.

ആദ്യ 38 ഇന്നിങ്‌സില്‍ ഏറ്റവുമധികം ടി-20ഐ സിക്‌സറടിച്ച ഇന്ത്യന്‍ താരം

(താരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – 88

സൂര്യകുമാര്‍ യാദവ് – 72

യുവരാജ് സിങ് – 64

തിലക് വര്‍മ – 62

കെ.എല്‍. രാഹുല്‍ – 61

ഇഷാന്‍ കിഷന്‍ – 59

അതേസമയം, ഫെബ്രുവരി 15ന് നടക്കുന്ന ഇന്ത്യ – പാക് മത്സരത്തിന് ചെറിയ തോതില്‍ മഴ ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച പാകിസ്ഥാന്‍ ഐ.സി.സി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം മാറ്റിയത്.

 

Content Highlight: Abhishek Sharma tops the list of most T20I sixes after 38 innings