അവന് അവസരം ലഭിക്കാന്‍ സഞ്ജുവോ ഇഷാനോ പുറത്തിരിക്കേണ്ടി വരും: മുന്‍ ഇന്ത്യന്‍ താരം
Cricket
അവന് അവസരം ലഭിക്കാന്‍ സഞ്ജുവോ ഇഷാനോ പുറത്തിരിക്കേണ്ടി വരും: മുന്‍ ഇന്ത്യന്‍ താരം
സുദേവ് എ
Saturday, 27th June 2026, 2:04 pm

അയര്‍ലാന്‍ഡിനെതിരെയുള്ള രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ അയര്‍ലാന്‍ഡിനോട് പരാജയമറിയുന്നത്. 34 റണ്‍സിന്റെ വമ്പന്‍ വിജയമാണ് അയര്‍ലാന്‍ഡ് ഇന്ത്യക്കെതിരെ സ്വന്തമാക്കിയത്.

ഇന്ത്യന്‍ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ തോല്‍വിയോടെയാണ് തുടങ്ങിയത്. ഐറിഷ് പടക്കെതിരെ ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ എട്ട് വിജയം ഇന്ത്യ നേടിയപ്പോള്‍ ആദ്യമായാണ് ഐറിഷ് പട ഇന്ത്യ കീഴടക്കിയത്.

സ്റ്റോര്‍മോണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഈ മത്സരത്തില്‍ ഏവരും കാത്തിരുന്നത് യുവതാരം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റമാണ്. എന്നാല്‍ മത്സരത്തില്‍ വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ സൂര്യവംശിക്ക് ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഇടം നേടാനുള്ള സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

വൈഭവിന് ടീമില്‍ സ്ഥാനം ലഭിക്കണമെങ്കില്‍ സഞ്ജു സാംസണോ ഇഷാന്‍ കിഷനോ പുറത്തിരിക്കേണ്ടി വരുമെന്നാണ് ചോപ്ര പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘സഞ്ജുവിനെക്കുറിച്ച് എനിക്ക് കുറച്ച് വിഷമമുണ്ട്. സൂര്യവംശിക്ക് ടീമിൽ സ്ഥാനം നൽകണണമെങ്കിൽ സഞ്ജുവോ ഇഷാനോ പുറത്തിരിക്കേണ്ടി വരും. ടീം പരാജയപ്പെട്ടാൽ വിമർശനം കൂടി വരും. അപ്പോൾ പുറത്തിരുന്ന് താരം മികച്ചതാണെന്ന് പറയാൻ തുടങ്ങും. ടീം തോൽക്കാൻ തുടങ്ങുമ്പോൾ അവനെ മികച്ച താരമായി കണക്കാക്കും. കാരണം അവൻ കളിക്കുകയാണെങ്കിൽ ടീം ജയിക്കുമെന്ന പ്രതീക്ഷ എല്ലാവർക്കും ഉണ്ടാവും. എന്നാൽ ഈ കാര്യത്തിൽ ഉറപ്പില്ല,’ ആകാശ് ചോപ്ര പറഞ്ഞു.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. നാളെ വൈഭവിന് ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. വൈഭവ് കളത്തിലിറങ്ങിയാല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവിന്റെ പേരില്‍ കുറിക്കപ്പെടും.

ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് 15കാരന് മുന്നില്‍ തകര്‍ന്ന് വീഴുക. 1989ല്‍ പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ അരങ്ങേറ്റം.

 

Content Highlight: Aakash Chopra talks about Vaibhav Suryavanshi chances of indian playing elevan

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.