ശ്രീലങ്കയ്‌ക്കെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ദേവ്ദത്ത് പടിക്കലാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളിലെ പ്രധാന ചര്‍ച്ച. പരിക്കേറ്റ സായ് സുദര്‍ശന് പകരമായിരുന്നു പടിക്കല്‍ ടീമിലെത്തിയത്. തുടര്‍ന്ന് ലങ്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയാണ് താരം വരവറിയിച്ചത്.
ഇതോടെ പടിക്കലിനെക്കുറിച്ചും സായ് സുദര്‍ശനെക്കുറിക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. പടിക്കല്‍ സെഞ്ച്വറിയടിച്ചതോടെ എല്ലാ സമ്മര്‍ദവും സായ് സുദര്‍ശനാണന്ന് ചോപ്ര പറഞ്ഞു. മാത്രമല്ല ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റിന് പോകുമ്പോള്‍ സായിയെയാണോ പടിക്കലിനെയാണോ ഉള്‍പ്പെടുത്തുക എന്നും അദ്ദേഹം ചോദ്യം ചോദിച്ചു.
‘ഇനി സമ്മര്‍ദം മുഴുവനും സായ് സുദര്‍ശനിലായിരിക്കും. അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു, എന്നാല്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ സായിക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ ഇനി അദ്ദേഹത്തിന് സമ്മര്‍ദം അനുഭവപ്പെടുമെന്ന് ഞാന്‍ കരുതുന്നു. ആദ്യ മത്സരം തന്നെ ദേവ്ദത്ത് പടിക്കലിന് മികച്ച രീതിയില്‍ അവസാനിച്ചു. രണ്ടാമത്തെ മത്സരത്തിലും അദ്ദേഹം മികച്ച പ്രകടനം നടത്തിയാല്‍, സെലക്ഷന്‍ കമ്മിറ്റിക്ക് വളരെ രസകരമായ ഒരു തീരുമാനം എടുക്കേണ്ടിവരും.
ന്യൂസിലാന്‍ഡിലേക്ക് ടെസ്റ്റ് പരമ്പരയ്ക്കായി പോകുമ്പോഴും രണ്ട് ടെസ്റ്റുകള്‍ മാത്രമാണുള്ളത്. അപ്പോള്‍ നിങ്ങള്‍ സായ് സുദര്‍ശനിലേക്ക് പോകുമോ, അതോ ദേവ്ദത്ത് പടിക്കലിലേക്ക് പോകുമോ? കാരണം ഈ ഘട്ടത്തില്‍ പടിക്കല്‍ തന്നെ ടീമില്‍ നിന്ന് ഒഴിവാക്കാനാകാത്ത താരമായി മാറിക്കൊണ്ടിരിക്കുകയാണ്. എനിക്ക് അങ്ങനെയാണ് തോന്നുന്നത്,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഗല്ലെയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിലവില്‍ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 460 (116 ഓവര്‍) റണ്‍സാണ് നേടിയത്. നിലവില്‍ ക്രീസിലുള്ളത് കുല്‍ദീപ് യാദവും (12) പ്രസിദ്ധ് കൃഷ്ണയുമാണ് (1).
ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് നടത്തിയത് മൂന്നാം നമ്പറില്‍ ഇറങ്ങിയ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ്. 230 പന്തുകള്‍ നേരിട്ട് ഒരു സിക്സും 15 ഫോറും ഉള്‍പ്പെടെ 167 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്. പ്രഭാത് ജയസൂര്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്‌വെല്ലയാണ് പടിക്കലിനെ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയത്. പടിക്കലിന്റെ കരിയറിലെ ആദ്യ സെഞ്ച്വറിയാണിത്.
അതേസമയം പടിക്കലിന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് കെ.എല്‍ രാഹുലാണ്. 175 പന്തില്‍ 82 റണ്‍സാണ് താരം നേടിയത്. ധ്രുവ് ജുറെല്‍ 51 റണ്‍സും നേടി. മറ്റാര്‍ക്കും വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ലായിരുന്നു.
ലങ്കയ്ക്ക് വേണ്ടി നാല് വിക്കറ്റുകള്‍ നേടി പ്രഭാത് ജയസൂര്യ മിന്നും ബൗളിങ് പ്രകടനമാണ് നടത്തിയത്. കേശര നുവന്ത മൂന്ന് വിക്കറ്റുകളും നേടി.
Content Highlight: Aakash Chopra Talking About Sai Sudharshan And Devdutt Padikkal