ഡെറാഡൂണ്‍: സവര്‍ണ വിഭാഗത്തില്‍പ്പെട്ട യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയിലാണ് ദാരുണമായ സംഭവം. 12ാം ക്ലാസ് വിദ്യാര്‍ത്ഥിയായ കേതന്‍ (18) ആണ് കൊല്ലപ്പെട്ടത്.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് കഴിഞ്ഞ ഞായറാഴ്ച കേതനും സുഹൃത്ത് ദിവാകറും അവളുടെ വീട്ടിലെത്തിയത്. എന്നാല്‍ അവിടെയെത്തിയ ഉടന്‍ പെണ്‍കുട്ടിയുടെ അച്ഛനും മുത്തശ്ശനും ചേര്‍ന്ന് ഇവരെ തന്ത്രപൂര്‍വം പിടി കൂടുകയായിരുന്നു. തുടര്‍ന്ന് ഒരു മുറിയില്‍ പൂട്ടിയിട്ട് രാത്രി മുഴുവന്‍ ഇരുവരെയും ക്രൂരമായി പീഡിപ്പിച്ചു.

കേതന്റെ നഖങ്ങള്‍ പിഴുതെടുക്കുകയും, കാലുകളില്‍ ഇരുമ്പ് ആണികള്‍ അടിച്ചുകയറ്റുകയും ചെയ്തതായി പിതാവ് ധന്‍പാല്‍ ലാല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൂടാതെ, യുവാവിന്റെ ഗുഹ്യഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു.

കേതനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ദിവാകറിനും തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയുടെ പിതാവ് യശ്ബീര്‍ സിങ് പന്‍വാര്‍, കേതന്റെ അച്ഛനെ ഫോണില്‍ വിളിച്ച് മകനെ മര്‍ദിച്ചതായും മൃതദേഹങ്ങള്‍ പുഴയില്‍ തള്ളുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഭയന്നുപോയ പിതാവ് സംഭവസ്ഥലത്ത് ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന മകനെയാണ് കണ്ടത്.

ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ കേതന്‍ മരണപ്പെടുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് തനിക്കുണ്ടായ ക്രൂരമായ പീഡനങ്ങളെക്കുറിച്ച് കേതന്‍ അച്ഛനോട് തുറന്നുപറഞ്ഞിരുന്നു.

പെണ്‍കുട്ടിയുമായുള്ള ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പിതാവ് നേരത്തെയും കേതന്റെ അച്ഛനെ കണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പൊലീസ് വെളിപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് യശ്ബീര്‍ സിങ് പന്‍വാര്‍, മുത്തശ്ശന്‍ വിദ്യാദത്ത് പന്‍വാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റവും പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേതന്റെ ബന്ധുക്കളും നാട്ടുകാരും മണിക്കൂറുകളോളം ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. എല്ലാ പ്രതികളെയും പിടികൂടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു കുടുംബം. പ്രതിഷേധം സംസ്ഥാനമൊട്ടാകെ വ്യാപിക്കുമെന്ന് കണ്ടതോടെയാണ് പൊലീസ് കര്‍ശന നടപടികളിലേക്ക് കടന്നത്.

 

Content Highlight: A Dalit youth was brutally murdered over his friendship with an upper-caste woman.