ഭാഗം:പതിനെട്ട്

പഞ്ചാബിലും ഉത്തരാഖണ്ഡിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ അടിതെറ്റിയതോടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍തന്നെ നീക്കം നടന്നിരുന്നതായി വിക്കിലീക്‌സ് രേഖകള്‍ സൂചിപ്പിക്കുന്നു. പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ സ്വീകാര്യനായ ആള്‍ പ്രധാനമന്ത്രിയാകട്ടെ
കേന്ദ്രസര്‍ക്കാറിന്റെ തലപ്പത്ത് കൂടുതല്‍ സ്വീകര്യനായ, കരുത്തുറ്റ നേതാവ് വേണമെന്നതായിരുന്നു കോണ്‍ഗ്രസിലെ ചിലനേതാക്കളുടെ ആവശ്യം. മന്‍മോഹന്റെ നേതൃഗുണത്തില്‍ ഇവര്‍ക്ക് സംശയമുണ്ടായിരുന്നു. 2007ല്‍ പഞ്ചാബിലും ഉത്തരാഖണ്ഡിലും നടന്ന തിരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നതായിരുന്നില്ല. അതേവര്‍ഷം തന്നെ നടക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലും ‘ പ്രകടനം’ ആവര്‍ത്തിച്ചാല്‍ അത് കനത്ത തിരിച്ചടിയാകുമെന്ന് നേതാക്കള്‍ ഭയന്നിരുന്നു.

ഇന്ത്യന്‍ എംബസിയുടെ ചാര്‍ജുള്ള ജെഫ്രി പ്യാറ്റ് വാഷിംഗ്ടണ് അയച്ച രേഖകളിലാണ് പ്രധാനമന്ത്രിയെ മാറ്റണമെന്ന് കോണ്‍ഗ്രസ് നേതാക്കളും സോണിയയുടെ ഉപദേശകരും നിര്‍ദ്ദേശിച്ചതായി പറയുന്നത്.

കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് വാദികളും പുരോഗമനവാദികളും

കോണ്‍ഗ്രസിനുള്ളില്‍ തന്നെ പുരോഗമനവാദികളും സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്നവരും തമ്മില്‍ നിലനിന്നിരുന്ന അസ്വാരസ്യത്തെക്കുറിച്ചും വിക്കിലീക്സ് രേഖകള്‍ പറയുന്നു. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ നേതാക്കള്‍ പുരോഗമനചിന്താഗതിക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമേല്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നതായും സൂചനയുണ്ട്.

വിവിധ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ സാധിക്കാതിരുന്നതും കോണ്‍ഗ്രസിലെ പുരോഗമനവാദികളെ അലോസരപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിംഗ് ആലുവാലിയ, ആഭ്യന്തരമന്ത്രി പി.ചിദംബരം എന്നിവരായിരുന്നു കോണ്‍ഗ്രസിലെ പുരോഗമനവാദികളെന്നും പ്യാറ്റ് അയച്ച രേഖകളില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അമേരിക്കയുമായുള്ള ആണവ കാരറിന്റെ കാര്യത്തിലടക്കം വളരെ ശ്രദ്ധിച്ചുമാത്രമേ നിലപാടെടുക്കാവൂ എന്നും അല്ലെങ്കില്‍ യു.പിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലും തോല്‍ക്കുമെന്നും സോഷ്യലിസ്റ്റ് നേതാക്കള്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസിലെ ഇത്തരം ആശയസംഘട്ടനങ്ങളും മറ്റ് പ്രശ്‌നങ്ങളും മൂലം ഇന്ത്യന്‍ രാഷ്ട്രീയം തന്നെ വഷളായ സ്ഥിതിയിലാണെന്ന് പ്യാറ്റ് അഭിപ്രായപ്പെട്ടിരുന്നു.

യു.എന്‍: ഇന്ത്യന്‍ നീക്കങ്ങളില്‍ അമേരിക്കയ്ക്ക് ആശങ്ക
യു.എന്‍ പരിഷ്‌ക്കരണമടക്കമുള്ള കാര്യങ്ങളില്‍ ഇന്ത്യയും ചേരിചേരാ രാഷ്ട്രങ്ങളും സ്വീകരിച്ചിരുന്ന നിലപാടുകളെ അമേരിക്ക എപ്പോഴും ആശങ്കയോടെയാണ് കണ്ടത്. യു.എന്നിലെ സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്നായിരുന്നു ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ഇന്ത്യ നിര്‍ദ്ദേശിച്ച തരത്തില്‍ സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് തങ്ങളുടെ താല്‍പ്പര്യങ്ങളെ ബാധിക്കുമെന്ന് അമേരിക്ക ഭയന്നിരുന്നു. വിവിധ രാഷ്ട്രങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം, ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്‌നം, പരിഷ്‌ക്കരണം, എന്നീ വിവാദവിഷയങ്ങളില്‍ അമേരിക്കന്‍ നിലപാടുകളെ നിര്‍ദ്ദേശം ബാധിക്കുമോ എന്നും ആശങ്കയുയര്‍ന്നിരുന്നു.

വികസ്വര രാഷ്ട്രങ്ങള്‍ക്കിടയില്‍ നേതാവ് ചമയാനും യു.എന്‍ സുരക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കാനുമുള്ള ഇന്ത്യയുടെ നീക്കമായിട്ടാണ് അമേരിക്കന്‍ ഇതിനെ കണ്ടത്.

കശ്മീര്‍ വിഷയം: കൊസോവോയെ അംഗീകരിക്കാന്‍ ഇന്ത്യക്ക് മടി
കൊസോവോയുടെ സ്വാതന്ത്ര്യപ്രഖ്യാപനം അംഗീകരിക്കണമെന്ന അമേരിക്കയുടെ തുടര്‍ച്ചയായ ആവശ്യത്തിന് ഇന്ത്യയുടെ ഭാഗത്തുനിന്നും തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചതെന്ന് വിക്കിലീക്‌സ് രേഖകള്‍ വ്യക്തമാക്കുന്നു. കൊസോവോ വിഷയത്തില്‍ ഇന്ത്യയെടുക്കുന്ന ഏതൊരു നടപടിയും ഒരു ബൂമറാങ്ങായി മാറാനുള്ള സാധ്യത ഇന്ത്യ മുന്നില്‍ കണ്ടിരുന്നു.

2008 ഫെബ്രുവരിയിലായിരുന്നു കൊസോവോ സ്വാതന്ത്ര്യപ്രഖ്യാനം നടത്തിയത്. എന്നാല്‍ അതിനുമുന്നേതന്നെ ഇന്ത്യക്കുമേല്‍ അമേരിക്കന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. കൊസോവോയുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നതായിരുന്നു അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വിഷയത്തില്‍ ഇന്ത്യ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ പ്രതികരിച്ചത്. രണ്ട് കാരണങ്ങളായിരുന്നു തീരുമാനമെടുക്കുന്നതില്‍ നിന്ന് ഇന്ത്യയെ തടഞ്ഞതെന്നാണ് ദല്‍ഹി എംബസിയിലെ ടെഡ് ഓസിയസ് പറയുന്നത്.

റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധമായിരുന്നു ഒരു കാരണം. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാരണം കശ്മീര്‍ വിഷയമായിരുന്നു. കൊസോവോയുടെ സ്വാതന്ത്ര്യപ്രഖ്യാനത്തിന്റെ അലയൊലികള്‍ കശ്മീരില്‍വരെ എത്തിയേക്കാമെന്ന് ഇന്ത്യ ഭയപ്പെട്ടിരുന്നു.

മൊഴിമാറ്റം: പി.വി സുരാജ്

‘പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് കേരളാ മാഫിയ’: വിക്കിലീക്‌സുമായി ദ ഹിന്ദു (ഒന്നാം ഭാഗം)

പണമെറിഞ്ഞു വീഴ്ത്തുന്ന ദക്ഷിണേന്ത്യന്‍ വോട്ട് (രണ്ടാം ഭാഗം)

വിശ്വാസവോട്ടിന് കോഴ: കോണ്‍ഗ്രസ് മുഖം വികൃതമാക്കി വിക്കിലീക്‌സ് (മൂന്നാം ഭാഗം)

പ്രണബ് മുഖര്‍ജി അമേരിക്കയ്ക്ക് അനഭിമതന്‍? (നാലാം ഭാഗം)

യു.എസ് ബന്ധം: ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ തുവല്‍പക്ഷികള്‍ (അ‍ഞ്ചാം ഭാഗം)

ഇന്ത്യന്‍ നയതതന്ത്രജ്ഞനെ നിരീക്ഷിക്കാന്‍ മറ്റൊരാള്‍!!! (ഭാഗം ആറ്)

സര്‍ദാരിക്ക് താല്‍പ്പര്യം മന്‍മോഹനെ; രാഹുലിനെ എഴുതിത്തള്ളാറായിട്ടില്ല (ഭാഗം: ഏഴ്)

നരേന്ദ്ര മോഡി ദേശീയ നേതാവായേക്കും; യു.എസ്സിന് ആശങ്ക (ഭാഗം: എട്ട്)

‘ കാരാട്ട് കഴിവുള്ള, സമര്‍ത്ഥനായ നേതാവ് ‘ (ഭാഗം: ഒമ്പത്)

ഹിന്ദു ദേശീയത അവസരവാദപരം: വിക്കിലീക്‌സ് (ഭാഗം: പത്ത്)

സഖ്യകക്ഷികളേക്കാള്‍ സോണിയക്ക് താല്‍പ്പര്യം ഇടതിനോട് (ഭാഗം: പതിനൊന്ന്)

‘തെക്കും പടിഞ്ഞാറും സംസ്ഥാനങ്ങള്‍ മാത്രമെങ്കില്‍ ഇന്ത്യ കൂടുതല്‍ വികസിച്ചേനേ’ (ഭാഗം: പന്ത്രണ്ട്)

26/11: ആ പിങ്ക് ബോക്‌സ് എവിടെ? (ഭാഗം: പതിമൂന്ന്)

ആര്‍.എസ്.എസിന്റെ ഉയര്‍ച്ച ബി.ജെ.പിയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി (ഭാഗം: പതിനാല്)
ഡൗ കെമിക്കല്‍സിനെ പിഴിഞ്ഞ രാഷ്ട്രീയനേതൃത്വവും പണം ചോദിച്ച കേന്ദ്രമന്ത്രിയും (ഭാഗം:പതിനഞ്ച്)

‘സേവ’ യിലൂടെ സാമുദായിക ചേരിതിരിവിന് ഗുജറാത്ത് സര്‍ക്കാറിന്റെ ശ്രമം (ഭാഗം:പതിനാറ്)