Administrator
Administrator
സര്‍ദാരിക്ക് താല്‍പ്പര്യം മന്‍മോഹനെ; രാഹുലിനെ എഴുതിത്തള്ളാറായിട്ടില്ല
Administrator
Tuesday 22nd March 2011 12:19pm

ഭാഗം ഏഴ്

ഇന്ത്യന്‍ നേതാക്കളെക്കുറിച്ചും ദേശീയ നയരൂപീകരണ വിദഗ്ധരെക്കുറിച്ചും മറ്റ് രാഷ്ട്രങ്ങള്‍ക്കുള്ള നിലപാടുകള്‍ വ്യക്തമാക്കുന്ന വിക്കിലീക്‌സ് രേഖകള്‍ ‘ ദ ഹിന്ദു’ പുറത്തുവിട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി, രാഹുല്‍ ഗാന്ധി എന്നിവരെക്കുറിച്ച് വിവിധ ലോകനേതാക്കള്‍ക്കുള്ള വിലയിരുത്തലുകളാണ് പുറത്തായ വിക്കിലീക്‌സ് രേഖകള്‍ വ്യക്തമാക്കുന്നത്.

മന്‍മോഹനെ സര്‍ദാരിക്ക് വിശ്വാസം
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ഏറ്റവും വിശ്വസിക്കാവുന്ന ആളായിട്ടാണ് പാക്കിസ്ഥാന്‍ കണക്കാക്കുന്നത്. പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷിബന്ധങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഏറെ താല്‍പ്പര്യമുള്ളയാളാണ് മന്‍മോഹന്‍ സിംഗെന്ന് പ്രസിഡഡന്റ് ആസിഫ് അലി സര്‍ദാരി 20010 ഫെബ്രുവരിയില്‍ അമേരിക്കന്‍ അംബാസിഡര്‍ അന്ന പാറ്റേഴ്‌സണിനോട് പറഞ്ഞിരുന്നതായാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രധാനമന്ത്രിയെക്കുറിച്ച് നല്ല നിലപാടാണ് പാക്കിസ്ഥാന് ഉണ്ടായിരുന്നതെങ്കിലും കേന്ദ്രത്തിലെ മറ്റ് നേതാക്കളെക്കുറിച്ച് അത്ര മതിപ്പുണ്ടായിരുന്നില്ല. ചര്‍ച്ചകളെ തുറന്ന മനസോടെ സമീപിക്കുന്ന ആളാണ് മന്‍മോഹന്‍ സിംഗെന്നാണ് സര്‍ദാരിയുടെ പക്ഷം. നിരവധി തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മന്‍മോഹന്റെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ ഏറെ മുന്നോട്ടുകൊണ്ടുപോകാമെന്ന് സര്‍ദാരി കരുതിയിരുന്നതായും രേഖകള്‍ പറയുന്നു.

അമേരിക്കയ്ക്ക് താല്‍പ്പര്യം പ്രണബിനെ?
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനേക്കാളും അമേരിക്കന്‍ ഭരണകൂടത്തിന് താല്‍പ്പര്യം ധനമന്ത്രിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ പ്രണബ് കുമാര്‍ മുഖര്‍ജിയോടായിരുന്നു എന്നാണ് ഹിന്ദു പുറത്തുവിട്ട രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രി പദവി വരെ അലങ്കരിക്കാന്‍ കഴിവുള്ള നേതാാവാണ് പ്രണബെന്നും അദ്ദേഹത്തിനെ പിന്തുണക്കേണ്ടത് മുന്നോട്ടുള്ള നടപടികളുടെ ഭാഗമാണെന്നും അമേരിക്ക വിശ്വസിച്ചിരുന്നു.

കേന്ദ്രത്തില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് പ്രണബെന്ന് അമേരിക്കയ്ക്ക് നന്നായറിയാമായിരുന്നു.2005ല്‍ പ്രതിരോധമന്ത്രിയായിരുന്ന പ്രണബിനെ ‘ ഉപ പ്രധാനമന്ത്രി’ യായിട്ടായിരുന്ന അമേരിക്ക കണ്ടിരുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായുള്ള അടുപ്പവും നയരൂപീകരണങ്ങളിലെ നിര്‍ണായക സ്വാധീനവും പ്രണബിനെ അമേരിക്കയ്ക്ക് വേണ്ടപ്പെട്ടവനാക്കി. കേന്ദ്രത്തിലെ വിവിധ പ്രവര്‍ത്തന കാര്യസമിതികളുടെ തലപ്പത്തുള്ളയാളായിരുന്നു പ്രണബ്.

ശരിക്കും ഒരു ഉപ പ്രധാനമന്ത്രിയുടെ എല്ലാ അധികാരങ്ങളും കൈയ്യാളിയിരുന്ന ആളായിരുന്നു പ്രണബെന്ന് അന്നത്തെ അമേരിക്കന്‍ അംബാസിഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡ് വാഷിംഗ്ടണിന് അയച്ച് രേഖകളില്‍ പറയുന്നു. ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ കടന്നുവരുന്ന ബംഗാളി ചുവ മാത്രമായിരുന്നു പ്രണബില്‍ അമേരിക്ക കണ്ട ഒരു ന്യുനത.

രാഹുലിനെ എഴുതിത്തള്ളാനായിട്ടില്ല
കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ വക്താവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ ഗാന്ധിയെ കഴിവില്ലാത്ത, തേജസില്ലാത്ത ഒരാളായി പ്രമുഖ പത്രപ്രവര്‍ത്തകനായ സയീദ് നഖ്വി വിശേഷിപ്പിച്ചകാര്യം ഡേവിഡ് മുള്‍ഫോര്‍ഡ് അനുസ്മരിക്കുന്നുണ്ട്. എന്നാല്‍ വളരെ കരുതലോടെ മാത്രമേ രാഹുലിനെക്കുറിച്ച് മുള്‍ഫോര്‍ഡ് വിലയിരുത്തിയിരുന്നുള്ളൂ.

പാര്‍ട്ടിയില്‍ ജനാധിപത്യം വരുത്താന്‍ ആഗ്രഹിക്കുന്ന, യുവാക്കള്‍ക്ക് കൂടുതല്‍ അധികാരം കൈമാറാന്‍ നിഷ്‌കര്‍ഷിക്കുന്ന ആളാണ് രാഹുലെന്ന് ഡേവിഡ് മുള്‍ഫോര്‍ഡ് പറയുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ചില നിലപാടുകളെക്കുറിച്ചും മുള്‍ഫോര്‍ഡ് പറഞ്ഞതായി രേഖകള്‍ സൂചിപ്പിക്കുന്നു.

യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കണമെന്ന് നിര്‍ബന്ധബുദ്ധിയുള്ള ആളായിരുന്നു രാഹുല്‍. ജനാധിപത്യ മൂല്യങ്ങള്‍ക്കായി വാദിക്കുമ്പോഴും കൊക്കക്കോള പ്ലാന്റുകള്‍ അടച്ചുപൂട്ടുന്നതിന് രാഹുല്‍ എതിരായിരുന്നുവെന്ന് മുള്‍ഫോര്‍ഡ് പറയുന്നു. സാമ്പത്തിക ഉദാരീകരണ, ആഗോളവല്‍ക്കരണ നടപടികളെ ഏറെ പിന്തുണച്ചിരുന്നതുകൊണ്ടുതന്നെ രാഹുലിനെ എഴുതിത്തള്ളാന്‍ സമയമായിട്ടില്ലെന്ന് മുള്‍ഫോര്‍ഡ് വാഷിംഗ്ടണ് അയച്ച രേഖകളില്‍ പറയുന്നു.അമേരിക്ക കണ്ടിരുന്നത്. 2005 മാര്‍ച്ച് 3ന് മുള്‍ഫോര്‍ഡ് അയച്ച രേഖകള്‍ രാഹുലിനെക്കുറിച്ചുള്ള അമേരിക്കന്‍ നിലപാടുകള്‍ വ്യക്തമാക്കുന്നവയായിരുന്നു.

നെജാദിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മന്‍മോഹന് ആശങ്ക?
ഇന്ത്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന്റേയും അതില്‍ അമേരിക്ക നടത്തുന്ന ഇടപെടലിന്റേയും ചിത്രം വ്യക്തമാക്കുന്നതായിരുന്നു 2008 ഏപ്രില്‍ 15ന് അമേരിക്കന്‍ എംബസി അയച്ച രേഖകള്‍.

ഇറാനിയന്‍ പ്രസിഡന്റ് അഹമ്മദ് നെജാദിന്റ 2008ലെ ഇന്ത്യാ സന്ദര്‍ശനത്തിന് പ്രധാനമന്ത്രിക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്നാണ് കേബിളുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഇതുവഴി തകരാനിടയാകുമോ എന്നതായിരുന്നു കേന്ദ്രത്തിന്റേയും പ്രത്യേകിച്ച് മന്‍മോഹന്‍ സിംഗിന്റേയും ആശങ്ക. ആണവകരാര്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിബന്ധങ്ങളെ ഒരുവശത്തുകൂടി ഇല്ലാതാക്കി വരുമ്പോഴായിരുന്നു നെജാദിന്റെ സന്ദര്‍ശനം.

ആണവ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ഇറാന്‍ അമേരിക്കയുടെ ‘ബ്ലാക്ക് ലിസ്റ്റില്‍’ ഉള്‍പ്പെട്ട സാഹചര്യത്തിലായിരുന്നു നിജാദിന്റെ സന്ദര്‍ശനം. ഇടതുപക്ഷത്തെയും ഇന്ത്യന്‍ മുസ്‌ലിംകളെയും പാട്ടിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു നിജാദിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുവദിച്ചതെന്ന് കേബിളുകള്‍ പറയുന്നു. ഒരേസമയം വോട്ടുബാങ്ക് നിലനിര്‍ത്തുന്നതിലും അമേരിക്കയുമായുള്ള ബന്ധം തകരാതെ കാക്കുന്നതിലും കേന്ദ്രം നീക്കം നടത്തിയിരുന്നു.

മുസ്‌ലിം രാഷ്ട്രങ്ങളുമായുള്ള യു.പി.എയുടെ ബന്ധം ചൂണ്ടിക്കാട്ടി ഇടതുപക്ഷം നടത്തുന്ന പ്രചരണങ്ങളെക്കുറിച്ച് കേന്ദ്രത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. അമേരിക്കയ്ക്കും ഇസ്രായേലിനും വേണ്ടി നിലകൊള്ളുന്ന സര്‍ക്കാറാണ് കേന്ദ്രത്തിലുള്ളതെന്ന ആരോപണം തളയ്ക്കുന്നതിനും കൂടിയാണ് നെജാജദിനെ ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി അനുവദിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

മണിപ്പൂര്‍ ഇന്ത്യയുടെ കോളനി
വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിന്റെ അവസ്ഥയെക്കുറിച്ച് ഹിന്ദു പുറത്തുവിട്ട രേഖകള്‍ വ്യക്തമായ സൂചന നല്‍കുന്നു. അധികാര ദുര്‍വ്വിനിയോഗവും പോലീസും പട്ടാളവും ബ്യൂറോക്രാറ്റുകളും ചേര്‍ന്നുള്ള വടംവലിയും മണിപ്പൂരിനെ ശരിക്കുമൊരു കോളനിയാക്കി തീര്‍ത്തിട്ടുണ്ടെന്ന് കൊല്‍ക്കത്തയിലെ അമേരിക്കന്‍ കൗണ്‍സിലര്‍ ജനറല്‍ ഹെന്റി ജാര്‍ഡിന്‍ സൂചിപ്പിക്കുന്നു.

സായുധസേനയുടെ പ്രത്യേകാധികാര നിയമം (AFSPA) മണിപ്പൂരില്‍ നിലനില്‍ക്കുന്നതാണ് ഇതിന്റെ മുഖ്യകാരണമായി ചൂണ്ടിക്കാട്ടുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇല്ലാത്തതുപോലെ കര്‍ശനമായ ചട്ടക്കൂടിനുള്ളിലാണ് മണിപ്പൂരിലെ ജനങ്ങള്‍ ജീവിക്കുന്നത്. ബ്രിട്ടിഷ് രാജ് ഭരണവ്യവസ്ഥയാണ് ഇതിലും ഭേദമെന്ന് പല മണിപ്പൂരികളും ഗദ്ഗദപ്പെട്ടിട്ടുണ്ടെന്ന് കൗണ്‍സിലര്‍ ജനറല്‍ അയച്ച രേഖകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങളും വിഘടനവാദപ്രവര്‍ത്തനങ്ങളും തടയുന്നതില്‍ ഉദ്യോഗസ്ഥവൃന്ദത്തിനുണ്ടായ സമ്പൂര്‍ണ പരാജയം കാര്യങ്ങള്‍ കൂടുതല്‍ വിഷമത്തിലാക്കുന്നു. വിവിധ സര്‍ക്കാര്‍ തലങ്ങളില്‍ നിലനില്‍ക്കുന്ന അഴിമതി കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നുണ്ടെന്നും ഹിന്ദു പുറത്തുവിട്ട രേഖകള്‍ പറയുന്നു.

ഹാഫിസ് സയിദിന്റെ മോചനവും ഭീകരഭീഷണിയും
ജമാഅത് ഉദ് ദഅവ നേതാവ് ഹാഫിസ് സയിദിന്റെ മോചിപ്പിച്ചാല്‍ ഉണ്ടായേക്കാവുന്ന ദുഷ്ഫലങ്ങളെക്കുറിച്ച് അമേരിക്കയ്ക്ക് ഉല്‍കണ്ഠയുണ്ടായിരുന്നു. 2009 ജൂണ്‍ 2ന് ലഹോര്‍ ഹൈക്കോടതി സയിദിനെ മോചിപ്പിച്ച അതേദിവസമാണ് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കാണിച്ച് ഇന്ത്യന്‍ സുരക്ഷാ അധികൃതര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്.

ഇന്ത്യയിലും ഇസ്രായേലിലുമുള്ള അമേരിക്കക്കാര്‍ ജാഗ്രത പാലിക്കണമെന്നും ഭീകരര്‍ ഇവരെ ലക്ഷ്യമിടാനുള്ള സാധ്യത ഏറെയാണെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകരഭീഷണിയെക്കുറിച്ച് ആഭ്യന്തരമന്ത്രി ചിദംബരവുമായും അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്‍.കെ നാരായണനുമായും ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതായും ഉള്ള വിവരങ്ങള്‍ വിക്കിലീക്‌സ് രേഖകളിലുണ്ട്.

മൊഴിമാറ്റം: പി.വി സുരാജ്

‘പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് കേരളാ മാഫിയ’: വിക്കിലീക്‌സുമായി ദ ഹിന്ദു (ഒന്നാം ഭാഗം)

പണമെറിഞ്ഞു വീഴ്ത്തുന്ന ദക്ഷിണേന്ത്യന്‍ വോട്ട് (രണ്ടാം ഭാഗം)

വിശ്വാസവോട്ടിന് കോഴ: കോണ്‍ഗ്രസ് മുഖം വികൃതമാക്കി വിക്കിലീക്‌സ് (മൂന്നാം ഭാഗം)

പ്രണബ് മുഖര്‍ജി അമേരിക്കയ്ക്ക് അനഭിമതന്‍? (നാലാം ഭാഗം)

യു.എസ് ബന്ധം: ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ തുവല്‍പക്ഷികള്‍ (അ‍ഞ്ചാം ഭാഗം)

ഇന്ത്യന്‍ നയതതന്ത്രജ്ഞനെ നിരീക്ഷിക്കാന്‍ മറ്റൊരാള്‍!!! (ഭാഗം ആറ്)

Advertisement