Administrator
Administrator
‘ സേവ’ യിലൂടെ സാമുദായിക ചേരിതിരിവിന് ഗുജറാത്ത് സര്‍ക്കാറിന്റെ ശ്രമം
Administrator
Sunday 3rd April 2011 10:03pm

ഭാഗം: പതിനാറ്


പുറമേ പ്രകടമായിരുന്നില്ലെങ്കിലും സംസ്ഥാനത്ത് സാമുദായികപരമായ ചേരിതിരിവ് സൃഷ്ടിക്കാന്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെന്ന് ഹിന്ദു പുറത്തുവിട്ട വിക്കിലീക്‌സ് കേബിളുകള്‍ സൂചിപ്പിക്കുന്നു. അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സേവ (സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍) യെ ഇതിനായി ദുരുപയോഗം ചെയ്തുവെന്നും കേബിളില്‍ സൂചനയുണ്ട്.

മുംബൈയിലെ അമേരിക്കന്‍ കൗണ്‍സല്‍ ജനറല്‍ മൈക്കല്‍ എസ് ഓവന്‍ ആണ് കേബിളുകള്‍ അയച്ചിരിക്കുന്നത്.

ഗുജറാത്തിലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളിലൊന്നായിരുന്നു സേവ. എന്നാല്‍ സേവയുടെ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നുവെന്നും മതപരമായ വേര്‍തിരിവ് സൃഷ്ടിക്കാനായി ശ്രമിച്ചിരുന്നുമെന്നുമാണ് കേബിളുകള്‍ പറയുന്നത്. സേവ ജനറല്‍ സെക്രട്ടറി റീമാബെന്‍ നാനാവതി മൈക്കല്‍ ഓവനോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

സംസ്ഥാനത്തെ നിര്‍ധനരായ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിച്ച സംഘടനയായിരുന്നു സേവ. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സേവയുടെ സംഘടനാശക്തിയും സാധാരണക്കാരുമായുള്ള ബന്ധവും ഉപയോഗപ്പെടുത്താനായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ ശ്രമിച്ചത്.

സാമുദായികവും മതപരവുമായ പ്രവര്‍ത്തനം നടത്താനാണ് സേവയെ സര്‍ക്കാര്‍ ഉപയോഗിച്ചത്. സര്‍ക്കാറിന്റെ സമ്മര്‍ദ്ദതന്ത്രങ്ങളെ തടയാന്‍ സംഘടന നീക്കം നടത്തിയിരുന്നു. എന്നാല്‍ സാമ്പത്തിക ഉപരോധമടക്കമുള്ള കാര്യങ്ങളിലൂടെ സംഘടനയെ തങ്ങളുടെ നിയന്ത്രണത്തിലാക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ വിജയിച്ചു.സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നും തങ്ങള്‍ക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നതായി നാനാവതി കൗണ്‍സല്‍ ജനറലിനോട് വ്യക്തമാക്കിയിരുന്നു.

പ്രതികാരബുദ്ധിയോടെ സംസ്ഥാനം

സര്‍ക്കാറിന്റെ നടപടികളെ എതിര്‍ക്കാന്‍ സംഘടന നടത്തിയ ശ്രമങ്ങളെ പ്രതികാരബുദ്ധിയോടെയാണ് സംസ്ഥാനം നേരിട്ടത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം തടഞ്ഞുവെയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. തുടര്‍ന്ന് സംഘടന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതായും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലെത്തുകയുമായിരുന്നു.

കടുത്ത സാമ്പത്തികഞെരുക്കം കാരണം സേവയുടെ അംഗങ്ങള്‍ക്ക് അഞ്ചുമാസം ശമ്പളംപോലും നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. പ്രകടമായ നീക്കമൊന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന നയമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും നാനാവതി അഭിപ്രായപ്പെട്ടിരുന്നു. മുസ്‌ലിംസമുദായത്തെ പാര്‍ശ്വവല്‍ക്കിരിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ശ്രമം നടന്നിരുന്നതായി മനസിലാക്കാന്‍ സാധിച്ചുവെന്ന് കൗണ്‍സില്‍ ജനറല്‍ ഓവന്‍ വ്യക്തമാക്കിയതായി കേബിളുകള്‍ സൂചിപ്പിക്കുന്നു.

2002ല്‍ നടന്ന ലഹളയെക്കുറിച്ച് ചോദിക്കവേ ഗുജറാത്ത് ചീഫ് സെക്രട്ടറിയ്ക്കുണ്ടായ നൈരാശ്യത്തെക്കുറിച്ചും കേബിളുകള്‍ സൂചിപ്പിക്കുന്നു. ഗുജറാത്തിനെക്കുറിച്ചല്ലാതെ വേറെയൊന്നും ചോദിക്കാനില്ലേ എന്നായിരുന്നു ചീഫ് സെക്രട്ടറി സുധീര്‍ മങ്കാദ് രോഷത്തോടെ പറഞ്ഞത്. മറ്റ് രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ സംസ്ഥാനത്തെ വികസനത്തെക്കുറിച്ചും നിക്ഷേപസാധ്യതകളെക്കുറിച്ചും സംസാരിക്കുമ്പോള്‍ അമേരിക്ക മാത്രമാണ് കലാപത്തെക്കുറിച്ച് ആശങ്കാകുലരാകുന്നതെന്ന് ചീഫ് സെക്രട്ടറി തമാശരൂപത്തില്‍ പറഞ്ഞിരുന്നു.

ഇസ്രായേല്‍ പ്രശ്‌നം: പാലസ്തീനിന് വത്തിക്കാന്റെ പിന്തുണ
ഇസ്രായേലും പാലസ്തീനും തമ്മിലുള്ള പ്രശ്‌നത്തില്‍ പാലസ്തീന് അനുകൂലമായ നിലപാടുകളായിരുന്നു വത്തിക്കാന്‍ സ്വീകരിച്ചിരുന്നതെന്ന് വിക്കിലീക്‌സ് കേബിളുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പശ്ചിമേഷ്യയിലെ കത്തോലിക്കരെക്കുറിച്ചുള്ള ആധിയായിരുന്നു വത്തിക്കാനെ ഇത്തരമൊരു നിലപാടിലെത്താന്‍ പ്രേരിപ്പിച്ചത്. 2004 ജൂലൈ 24ന് അമേരിക്കയുടെ ആക്ടിംഗ് ഡെപ്യൂട്ടി മേധാവി ജോര്‍ജ്ജ് ഫ്രോവിക്കും ആര്‍ച്ച് ബിഷപ്പ് അന്റോണിയാ വിഗ്ലോയും തമ്മില്‍ നടന്ന ചര്‍ച്ചയുടെ കേബിളുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പാലസ്തീനോടുള്ള ഇസ്രായേലിന്റെ നടപടിയില്‍ വത്തിക്കാന്‍ അതൃപ്തരാണെന്ന് ആര്‍ച്ച് ബിഷപ്പ് ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. പാലസ്തീനെതിരേ ഇസ്രായേല്‍ നടത്തുന്ന ഓരോ നീക്കവും പശ്ചിമേഷ്യയിലെ കത്തോലിക്ക വിഭാഗക്കാരെ ബാധിക്കുമെന്ന് വത്തിക്കാന് ആശങ്കയുണ്ടായിരുന്നു. പശ്ചിമേഷ്യയിലെ കത്തോലിക്കാ വിഭാഗത്തിന്റെ സംരക്ഷണത്തിനായി പാലസ്തീനിന് അനുകൂല നിലപാടെടുക്കാന്‍ വത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടിരുന്നു.

രാഷ്ട്രത്തിന്റെ അധികാരവും വിശ്വാസവും തമ്മില്‍ കൂടിക്കുഴഞ്ഞ് കിടക്കുന്നതാണ് പ്രധാന പ്രശ്‌നമെന്നായിരുന്നു ബിഷപ്പ് വിഗ്ലോ പറഞ്ഞത്. ഇവ രണ്ടും രണ്ടായി കാണേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വത്തിക്കാന്‍ നല്ല ബോധ്യമുണ്ടായിരുന്നു.

വഷളാകുന്ന വത്തിക്കാന്‍-പാക്കിസ്ഥാന്‍ ബന്ധം
വത്തിക്കാനും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ സൂചനയാണ് പുറത്തായ വിക്കിലീക്്‌സ് കേബിളുകള്‍ നല്‍കുന്നത്. പാക്കിസ്ഥാന്റെ മണ്ണ് ഇസ്‌ലാമിക ഭീകരര്‍ക്ക് വളരാന്‍ പറ്റിയ ഇടമാണെന്ന് വത്തിക്കാന്‍ കരുതിയിരുന്നു. പാക്കിസ്ഥാനിലെ ഭീകരവാദത്തെക്കുറിച്ച് അമേരിക്കന്‍ അംബാസിഡര്‍ ജിം നിക്കോള്‍സണും വത്തിക്കാനിലെ ആര്‍ച്ച്ബിഷപ്പ് സെലസ്റ്റിനോ മിഗ്ലിയോറും നടത്തിയ ചര്‍ച്ചയിലാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

പാക്കിസ്ഥാനെ വിശ്വാസത്തിലെടുക്കാന്‍ പറ്റില്ലെന്ന നിലപാടായിരുന്നു വത്തിക്കാന്. പാക്കിസ്ഥാനില്‍ അല്‍ ഖയിദയ്ക്ക് ലഭിക്കുന്ന പരിശീലനവും സഹായവും വത്തിക്കാനെ ചിന്താക്കുഴപ്പത്തിലാക്കിയിരുന്നു. രാജ്യത്തെ ഭീകരവാദഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ മുന്‍ പ്രസിഡന്റ് മുഷറഫിന് അവസരമുണ്ടായിരുന്നെങ്കിലും അത് മുതലാക്കാനായില്ലെന്ന് ദക്ഷിണേഷ്യ ബ്യൂറോ അഫ്ഗാന്‍ കോഓര്‍ഡിനേറ്റര്‍ ജെഫ്രി ലെന്‍സ്റ്റഡ് അഭിപ്രായപ്പെട്ടിരുന്നു.

മൊഴിമാറ്റം: പി.വി സുരാജ്

‘പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് കേരളാ മാഫിയ’: വിക്കിലീക്‌സുമായി ദ ഹിന്ദു (ഒന്നാം ഭാഗം)

പണമെറിഞ്ഞു വീഴ്ത്തുന്ന ദക്ഷിണേന്ത്യന്‍ വോട്ട് (രണ്ടാം ഭാഗം)

വിശ്വാസവോട്ടിന് കോഴ: കോണ്‍ഗ്രസ് മുഖം വികൃതമാക്കി വിക്കിലീക്‌സ് (മൂന്നാം ഭാഗം)

പ്രണബ് മുഖര്‍ജി അമേരിക്കയ്ക്ക് അനഭിമതന്‍? (നാലാം ഭാഗം)

യു.എസ് ബന്ധം: ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ തുവല്‍പക്ഷികള്‍ (അ‍ഞ്ചാം ഭാഗം)

ഇന്ത്യന്‍ നയതതന്ത്രജ്ഞനെ നിരീക്ഷിക്കാന്‍ മറ്റൊരാള്‍!!! (ഭാഗം ആറ്)

സര്‍ദാരിക്ക് താല്‍പ്പര്യം മന്‍മോഹനെ; രാഹുലിനെ എഴുതിത്തള്ളാറായിട്ടില്ല (ഭാഗം: ഏഴ്)

നരേന്ദ്ര മോഡി ദേശീയ നേതാവായേക്കും; യു.എസ്സിന് ആശങ്ക (ഭാഗം: എട്ട്)

‘ കാരാട്ട് കഴിവുള്ള, സമര്‍ത്ഥനായ നേതാവ് ‘ (ഭാഗം: ഒമ്പത്)

ഹിന്ദു ദേശീയത അവസരവാദപരം: വിക്കിലീക്‌സ് (ഭാഗം: പത്ത്)

സഖ്യകക്ഷികളേക്കാള്‍ സോണിയക്ക് താല്‍പ്പര്യം ഇടതിനോട് (ഭാഗം: പതിനൊന്ന്)

‘തെക്കും പടിഞ്ഞാറും സംസ്ഥാനങ്ങള്‍ മാത്രമെങ്കില്‍ ഇന്ത്യ കൂടുതല്‍ വികസിച്ചേനേ’ (ഭാഗം: പന്ത്രണ്ട്)

26/11: ആ പിങ്ക് ബോക്‌സ് എവിടെ? (ഭാഗം: പതിമൂന്ന്)

ആര്‍.എസ്.എസിന്റെ ഉയര്‍ച്ച ബി.ജെ.പിയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി (ഭാഗം: പതിനാല്)
ഡൗ കെമിക്കല്‍സിനെ പിഴിഞ്ഞ രാഷ്ട്രീയനേതൃത്വവും പണം ചോദിച്ച കേന്ദ്രമന്ത്രിയും (ഭാഗം:പതിനഞ്ച്)

Advertisement