ഭാഗം: എട്ട്

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചും ഗുജറാത്തിലെ വികസനത്തെക്കുറിച്ചും ഭരണസംവിധാനത്തെക്കുറിച്ചും അമേരിക്ക വെച്ചുപുലര്‍ത്തിയിരുന്ന ധാരണകള്‍ വെളിച്ചത്തുകൊണ്ടുവരുന്ന വിക്കിലീക്‌സ് രേഖകള്‍ ‘ദ ഹിന്ദു’ പുറത്തുവിട്ടു.
മോഡി ദേശീയനേതൃസ്ഥാനത്തേക്ക്
നരേന്ദ്ര മോഡി ഗുജറാത്ത് രാഷ്ട്രീയം വിട്ട് ബി.ജെ.പി നേതൃനിരയിലേക്കും പിന്നീട് ദേശീയ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്കും എത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു അമേരിക്കയുടെ നിഗമനം.

ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അമേരിക്ക മോഡിക്ക് വിസ നിഷേധിച്ചത് ഏറെ വിവാദമായിരുന്നു. ഈ തീരുമാനത്തെ ഏറെ ആശങ്കയോടെയാണ് അമേരിക്ക കണ്ടിരുന്നത്. എന്നെങ്കിലുമൊരിക്കല്‍ മോഡി ദേശീയ രാഷ്ട്രീയത്തിലേക്കും കേന്ദ്രത്തിലേക്കും എത്തുമെന്ന് അമേരിക്ക കണക്കുകൂട്ടിയിരുന്നു. അതുകൊണ്ടു തന്നെ മോഡിയുമായി കൂട്ടുകൂടാനുള്ള നീക്കം നടത്തേണ്ടതിന്റെ ആവശ്യകതയും അമേരിക്കന്‍ നയതന്ത്ര വിദഗ്ധര്‍ ഊന്നിപ്പറഞ്ഞിരുന്നു.

എന്നാല്‍ ഗുജറാത്ത് കലാപങ്ങളിലൂടെ മനുഷ്യാവകാശത്തിന്റെ ധ്വംസകനെന്ന പരിവേഷം ലഭിച്ച മോഡിയുമായുള്ള ബാന്ധവം മനുഷ്യാവകാശങ്ങളുടെ കാവല്‍ഭടന്‍ എന്ന അമേരിക്കന്‍ നിലപാടിനെ ബാധിക്കുമെന്നും അവര്‍ ഭയന്നിരുന്നു. അന്താരാഷ്ട്രതലത്തില്‍ അമേരിക്കയുടെ
മോഡിയുമായി നല്ല ബന്ധമുണ്ടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുംബൈയിലെ കൗണ്‍സില്‍ ജനറല്‍ 2006 നവംബറില്‍ അയച്ച രേഖകളാണ് വ്യക്തമാക്കുന്നത്. 2002ലെ കലാപത്തെ തുടര്‍ന്ന് മോഡിയുടെ B1, B2 വിസകള്‍ അമേരിക്ക റദ്ദാക്കിയിരുന്നു. ഈ നടപടി പുനരവലോകനം ചെയ്യണമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു.

മോഡിക്ക് ദേശീയ നേതാവെന്ന പരിവേഷം ലഭിച്ചശേഷം ചര്‍ച്ചകള്‍ക്കായി ചെല്ലുന്നത് അവസരവാദിയെന്ന പേര് ചാര്‍ത്തിക്കിട്ടാന്‍ ഇടയാക്കുമെന്നും അത്തരമൊരു അവസ്ഥ ഉണ്ടാകുന്നതിന് മുമ്പേതന്നെ ചര്‍ച്ചകള്‍ തുടങ്ങണമെന്നും രേഖകള്‍ പറയുന്നു.

മോഡി ബി.ജെ.പിയുടെ രക്ഷകന്‍
മോഡിയെക്കുറിച്ചുള്ള നിലപാട് അറിയിക്കുന്നതിന് മുമ്പായി ആര്‍.എസ്.എസ് നേതാക്കളുമായും മറ്റ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായും മുംബൈ കൗണ്‍സുലേറ്റ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഏറെ ആശ്ചര്യജനകമായ അഭിപ്രായപ്രകടനങ്ങളാണ് നേതാക്കന്‍മാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ഗുജറാത്ത് കലാപത്തിന്റെ ‘ബ്ലാക്ക് മാര്‍ക്ക’ുണ്ടെങ്കിലും മോഡിയെ ബി.ജെ.പിയുടെ രക്ഷകനായിട്ടായിരുന്നു മറ്റ് നേതാക്കള്‍ കണ്ടിരുന്നത്. ദേശീയരാഷ്ട്രീരംഗത്ത് നിലനില്‍ക്കണമെങ്കില്‍ മോഡിയുടെ സഹായംകൂടിയേ തീരു എന്നും നേതാക്കള്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മോഡിയുടെ കടന്നുവരവ് ആര്‍ക്കും തടയാനാകില്ലെന്ന ധാരണ പരന്നിരുന്നതായി വിക്കിലീക്‌സ് രേഖകള്‍ സൂചിപ്പിക്കുന്നു.

‘ മനുഷ്യാവകാശത്തെക്കുറിച്ച് അമേരിക്ക പഠിപ്പിക്കേണ്ട ‘

2002ല്‍ നടന്ന ഗുജറാത്ത് കലാപത്തെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും മോഡിയെ പഠിപ്പിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ നയതന്ത്രജ്ഞന് മോഡി നല്‍കിയ മറുപടി വിക്കിലീക്‌സ് പുറത്തിവിട്ടിട്ടുണ്ട്.

മുംബൈയിലെ അമേരിക്കന്‍ കൗണ്‍സില്‍ ജനറലായിരുന്ന മൈക്കല്‍ ഓവനാണ് വടികൊടുത്ത് മോഡിയുടെ കൈയ്യില്‍ നിന്നും അടിവാങ്ങിയത്. 2005ല്‍ അമേരിക്ക വിസ റദ്ദാക്കിയതിനു ശേഷമായിരുന്നു ഓവന്‍ മോഡിയുമായി ചര്‍ച്ച നടത്തിയത്. കര്‍സേവകര്‍ സഞ്ചരിച്ചിരുന്ന സബര്‍മതി എക്‌സ്പ്രസ് തീവെച്ചതിനെ തുടര്‍ന്ന് ഗുജറാത്തില്‍ നടമാടിയ വര്‍ഗ്ഗീയകലാപത്തില്‍ ഹിന്ദുക്കളും മുസ്ലിംകളുമായി ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

കലാപം തടയുന്നതിനല്ല മറിച്ച് ആളിക്കത്തിക്കുന്നതിനാണ് മോഡി ശ്രമിച്ചതെന്നും വാര്‍ത്ത പരന്നിരുന്നു. ഇത്തരം ആരോപണങ്ങള്‍ ഓവന്‍ മോഡിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ മോഡി നല്‍കിയ മറുപടി അമേരിക്കയുടെ പ്രതീക്ഷയ്ക്കും അപ്പുറത്തായിരുന്നു.

വികസനരംഗത്തും ക്രമസമാധാന രംഗത്തും ഗുജറാത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ മോഡി മനുഷ്യാവകാശങ്ങളുടെ സംരക്ഷായി ചമയുന്ന അമേരിക്കയുടെ പൊള്ളത്തരം തുറന്നു കാണിക്കുകയും ചെയ്തു.

2002ല്‍ നടന്ന കലാപങ്ങള്‍ ഗുജറാത്തിന്റെ ആഭ്യന്തരകാര്യമാണെന്നും അതില്‍ ഇടപെടാന്‍ ശ്രമിക്കേണ്ടെന്നും മോഡി പരുഷമായി തന്നെ പ്രതികരിച്ചു. ഗ്വാണ്ടോനോമോയിലും അബു ഗുറൈബ് ജയിലിലും മനുഷ്യാവകാശ ധ്വംസനം നടത്തുന്ന അമേരിക്കയ്ക്ക് മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കാന്‍ അധികാരമില്ലെന്ന് മോഡി തുറന്നടിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ മുസ്‌ലിംകള്‍ക്ക് ജീവിക്കാന്‍ പറ്റിയ ഇടം ഗുജറാത്ത് ആണെന്നും മോഡി അഭിപ്രായപ്പെട്ടതായി കൗണ്‍സിലേറ്റ് അയച്ച രേഖകള്‍ പറയുന്നു.

എന്നാല്‍ അമേരിക്ക മാത്രമല്ല, ഇന്ത്യയിലെ വിവിധ സംഘടനകളും മോഡിയുടെ നിലപാടിനെ എതിര്‍ത്തിരുന്നതായി ഓവന്‍ മോഡിയോട് വ്യക്തമാക്കിയിരുന്നു. അമേരിക്കയും മനുഷ്യാവകാശ ധ്വംസനം നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച ഓവന്‍ എന്നാല്‍ ഇക്കാര്യത്തില്‍ തുടരന്വേഷണം നടത്തി ഉചിതമായ നടപടിയെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ ഇത്തരമൊരു നടപടി സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഓവന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ ഇന്ത്യയിലെ ഏതെങ്കിലും എന്‍.ജി.ഒകളോ മറ്റ് സംഘടനകളോ പറയുന്നത് വിശ്വസിക്കരുതെന്ന നിലപാടിലായിരുന്നു മോഡി. കലാപത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും നീതി നടപ്പാക്കിയിട്ടുണ്ടെന്നും മോഡി പ്രതികരിച്ചു. 2002ന് ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നേടിയ വിജയം എല്ലാ ആശങ്കകളും ഇല്ലാതാക്കുന്നതായിരുന്നുവെന്നും മോഡി കൗണ്‍സില്‍ ജനറലിനോട് വ്യക്തമാക്കിയിരുന്നു.

ജാതി ശക്തികളെ കൂട്ടുപിടിച്ച് മോഡി
ജാതിശക്തികളെ വേണ്ടവിധം ഉപയോഗിച്ചാണ് നരേന്ദ്ര മോഡി ഗുജറാത്തില്‍ അധികാരവും ഭരണവും കൈയ്യാളിയതെന്ന് അമേരിക്കന്‍ കൗണ്‍സുലേറ്റ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. മിത്രങ്ങളെ തന്നിലേക്ക് അടുപ്പിച്ചും ശത്രുക്കളെ പര്‌സപരം അടിപ്പിച്ചുമാണ് മോഡി ഗുജറാത്തില്‍ ഭരണം നടത്തിയിരുന്നത്.

അധികാരങ്ങളെല്ലാം കൈയ്യടക്കിയുള്ള മോഡിയുടെ ഭരണത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വം ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ മോഡി നിര്‍ബന്ധിതനാവുകയായിരുന്നു.

എന്നാല്‍ അഴിച്ചുപണി നടത്തിയിട്ടും സുപ്രധാന വകുപ്പുകളെല്ലാം മോഡി തന്നെയായിരുന്നു നിയന്ത്രിച്ചിരുന്നത്. പുതുമുഖങ്ങള്‍ക്ക് വനിതാ-ശിശു വികസനം, ഫിഷറീസ് എന്നീ മന്ത്രാലയങ്ങളായിരുന്നു നല്‍കിയത്. ആഭ്യന്തരം, ധനകാര്യം, വ്യവസായം എന്നീ മന്ത്രാലയങ്ങള്‍ മോഡിയും തനിക്ക് പ്രിയപ്പെട്ടവരുമായിരുന്നു നിയന്ത്രിച്ചിരുന്നത് എന്നും വിക്കിലീക്‌സ് പറയുന്നു.

മൊഴിമാറ്റം: സുരാജ് പി.വി.

‘പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് കേരളാ മാഫിയ’: വിക്കിലീക്‌സുമായി ദ ഹിന്ദു (ഒന്നാം ഭാഗം)

പണമെറിഞ്ഞു വീഴ്ത്തുന്ന ദക്ഷിണേന്ത്യന്‍ വോട്ട് (രണ്ടാം ഭാഗം)

വിശ്വാസവോട്ടിന് കോഴ: കോണ്‍ഗ്രസ് മുഖം വികൃതമാക്കി വിക്കിലീക്‌സ് (മൂന്നാം ഭാഗം)

പ്രണബ് മുഖര്‍ജി അമേരിക്കയ്ക്ക് അനഭിമതന്‍? (നാലാം ഭാഗം)

യു.എസ് ബന്ധം: ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ തുവല്‍പക്ഷികള്‍ (അ‍ഞ്ചാം ഭാഗം)

ഇന്ത്യന്‍ നയതതന്ത്രജ്ഞനെ നിരീക്ഷിക്കാന്‍ മറ്റൊരാള്‍!!! (ഭാഗം ആറ്)

സര്‍ദാരിക്ക് താല്‍പ്പര്യം മന്‍മോഹനെ; രാഹുലിനെ എഴുതിത്തള്ളാറായിട്ടില്ല (ഭാഗം: ഏഴ്)