Administrator
Administrator
‘പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് കേരളാ മാഫിയ’: വിക്കിലീക്‌സുമായി ദ ഹിന്ദു
Administrator
Tuesday 15th March 2011 9:20pm

അമേരിക്കന്‍ വിദേശനയങ്ങളുടെ കാണാപ്പുറങ്ങള്‍ പുറത്തുകൊണ്ടുവന്ന വിക്കിലീക്‌സ് വീണ്ടും വാര്‍ത്തയിലിടം നേടുന്നു. ഇന്ത്യന്‍ ഭരണസംവിധാനത്തെക്കുറിച്ചും അധികാരവിനിയോഗത്തെക്കുറിച്ചും വിദേശ നയത്തെക്കുറിച്ചും സെക്രട്ടറി തല ബന്ധങ്ങളെക്കുറിച്ചുമുള്ള 51,00 ഓളം പേജുകള്‍ വരുന്ന വിക്കിലീക്‌സ് വിവരങ്ങള്‍ പ്രമുഖ ദിനപത്രമായ ‘ ദ ഹിന്ദു’ വാണ് പുറത്തുവിട്ടിരിക്കുന്നത്.

വിക്കിലീക്‌സുമായുണ്ടാക്കിയ ധാരണയെത്തുടര്‍ന്ന് ലഭ്യമായ നിര്‍ണായക രേഖകളാണ് ഹിന്ദു പരമ്പരയായി പ്രസിദ്ധീകരിച്ചു തുടങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ മലയാളി ഉദ്യോഗസ്ഥവൃന്ദത്തെക്കുറിച്ചും ഇന്ത്യയുടെ അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ നയങ്ങളിലെ കണ്‍കെട്ടുവിദ്യകളെക്കുറിച്ചും, ഇന്ത്യന്‍ മന്ത്രിമാരെ നിയമിക്കുന്നതില്‍ അമേരിക്ക നടത്തിയ ആപത്കരമായ ഇടപെടലുകളെക്കുറിച്ചും, ഇന്ത്യ-നേപ്പാള്‍ ബന്ധത്തെക്കുറിച്ചുമെല്ലാമുള്ള നിര്‍ണായക രേഖകളാണ് ഹിന്ദു പുറത്തുവിട്ടിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ നിയന്ത്രിക്കുന്നത് മലയാളി മാഫിയ
ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡന്‍ ഡേവിഡ് മുള്‍ഫോര്‍ഡ് വാഷിംഗ്ടണ് അയച്ച രേഖകളാണ് പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് കേരളത്തിലെ ഉദ്യോഗസ്ഥപ്രമുഖരാണെന്ന് വ്യക്തമാക്കുന്നത്.

അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം.കെ നാരായണന്‍ വിദേശ നയമടക്കമുള്ള സുപ്രധാന കാര്യങ്ങളില്‍ പ്രധാനമന്ത്രിയെ നിയന്ത്രിച്ചിരുന്നതായാണ് അമേരിക്കന്‍ അംബാസിഡര്‍ അഭിപ്രായപ്പെടുന്നത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായരുമായി ചേര്‍ന്ന് ഒരു ‘ കേരള മാഫിയ’ തന്നെ രൂപീകരിച്ചിട്ടുണ്ടെന്നും ഈ മാഫിയയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതെന്നും ഹിന്ദു പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നു.

ഇതുവരെ നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള ഐ.എ.എസ്-ഐ.എഫ്.എസ് ഉദ്യോഗസ്ഥരായിരുന്നു ഇന്ത്യയുടെ വിദേശകാര്യനയങ്ങള്‍ ഉള്‍പ്പടെയുള്ളവ തീരുമാനിച്ചത്. എന്നാല്‍ ഉയര്‍ന്ന മലയാളി ഉദ്യോഗസ്ഥരുടെ കടന്നുകയറ്റം ഈ രീതിക്ക് മാറ്റം വരുത്തിയെന്നും പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്ന രീതിയിലേക്ക് ഇത് മാറിയെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

ക്യാബിനറ്റ് നിയന്ത്രണം അമേരിക്കയുടെ കൈയ്യില്‍
മാറുന്ന ലോകക്രമത്തില്‍ ഇന്ത്യയുടെ നിലപാടിന് നിര്‍ണായക സ്വാധീനം ലഭിക്കുമെന്നതുകൊണ്ടുതന്നെ ക്യാബിനറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അമേരിക്കന്‍ നിയന്ത്രണമുണ്ടായിരന്നതായി പുറത്തായ രേഖകള്‍ വ്യക്തമാക്കുന്നു. 2006 ജനുവരി 30ന് അംബാസിഡര്‍ ഡേവിഡ് മുല്‍ഫോര്‍ഡ് വാഷിംഗ്ടണിന് അയച്ച രേഖകള്‍ ഇക്കാര്യത്തിലേക്കാണ് വെളിച്ചം വീശുന്നത്.

ജനുവരി 2006ന് കേന്ദ്രമന്ത്രിസഭയില്‍ നടത്തിയ നിര്‍ണായക അഴിച്ചുപണി ഇക്കാര്യം വ്യക്തമാക്കുന്നതാണ്. ഇന്ത്യ-ഇറാന്‍-പാക്കിസ്ഥാന്‍ പൈപ്പലൈന്‍ പദ്ധതിയുടെ വക്താവും വായാടിയുമായ മണിശങ്കര്‍ അയ്യരെ പെട്രോളിയം മന്ത്രാലയത്തില്‍ നിന്നും പുറത്താക്കുന്നതില്‍ അമേരിക്ക ഇടപെടല്‍ നടത്തിയിരുന്നു. പകരം തങ്ങള്‍ക്ക് അഭിമതനായ മുരളി ദേവ്‌റയെ മന്ത്രിയാക്കി.

റിലയന്‍സുമായുള്ള വേര്‍പിരിയാനാകാത്ത ബന്ധമാണ് ദേവ്‌റക്കുള്ള ന്യൂനതയായി അവര്‍ കണ്ടത്. എങ്കിലും അയ്യരേക്കാളും മെച്ചം ദേവ്‌റയാണെന്ന് അമേരിക്ക തീരുമാനിക്കുകയായിരുന്നു. ഇന്ത്യയുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇത് ആവശ്യമാണെന്ന് അമേരിക്കയ്ക്ക് വ്യക്തമായിട്ട് അറിയാമായിരുന്നു.

തുടര്‍ന്ന് ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തന്നെ മാറ്റം വന്നു. ഇടതുകക്ഷികള്‍ ആദ്യ യു.പി.എ സര്‍ക്കാറില്‍ നിന്നും പുറത്തുപോകാനുള്ള വഴിയൊരുക്കിയതും അമേരിക്കന്‍ എംബസിയുടെ നയങ്ങളായിരുന്നു. ഇടതുകക്ഷികളുടെ സിദ്ധാന്തങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും കോണ്‍ഗ്രസുകാരെക്കാള്‍ ബോധ്യം അംബാസിഡറായിരുന്ന ഡേവിഡ് മുള്‍ഫോര്‍ഡിനുണ്ടായിരുന്നു.

അമേരിക്കന്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന സൈഫുദ്ദീന്‍ സോസ്, ആനന്ദ് ശര്‍മ, അശ്വിനി കുമാര്‍, കപില്‍ സിബല്‍ എന്നിവരെ മന്ത്രിമാരാക്കിയിതിന് പിന്നിലും അമേരിക്കന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു.

ഒറ്റപ്പെടുന്ന പ്രധാനമന്ത്രി, കാര്‍ക്കശ്യക്കാരനായ സുരക്ഷാ ഉപദേഷ്ടാവ്
പാക്കിസ്ഥാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രത്തില്‍ പ്രധാനമന്ത്രി ഒറ്റപ്പെട്ടതായി 2009ല്‍ അമേരിക്കന്‍ അംബാസിഡര്‍ തിമോത്തി റോമര്‍ അഭിപ്രായപ്പെട്ടതായി രേഖകള്‍ സൂചിപ്പിക്കുന്നു. സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണനുമായി നടത്തിയ ചര്‍ച്ചക്കുശേഷമായിരുന്നു റോമര്‍ ഈ നിലപാടിലത്തിയത്. എം.കെ നാരായണനെയാണ് ഇതിന് ഉത്തരവാദിയായി റോമര്‍ കാണുന്നത്.

നാരായണനെക്കുറിച്ച് അത്ര മയമല്ലാത്ത നിലപാടാണ് അമേരിക്കയ്ക്കുണ്ടായിരുന്നത്. ഗാന്ധി കുടുംബത്തിനോട് എന്നും കൂറുപുലര്‍ത്തിയിരുന്ന എം.കെ നാരായണന്‍ സോണിയാ ഗാന്ധിയുമായുള്ള വ്യക്തിബന്ധത്തിലൂടെയാണ് സുരക്ഷാ ഉപദേഷ്ടാവെന്ന സ്ഥാനത്തെത്തിയത്. എന്നാല്‍ വിദേശകാര്യങ്ങളില്‍ നാരായണന്‍ കൈകടത്തിയെന്നും പ്രധാനമന്ത്രിയുടെ തീരുമാനങ്ങളെപ്പോലും സ്വാധീനിക്കാന്‍ നാരായണന്‍ ശ്രമിച്ചിരുന്നുവെന്നും പുറത്തായ രേഖകള്‍ സൂചിപ്പിക്കുന്നു.

പാക്കിസ്ഥാനുമായുള്ള ബന്ധങ്ങളില്‍ കടുത്ത നിലപാടുകളാണ് നാരായണന്‍ സ്വീകരിച്ചത്. പാക്കിസ്ഥാന്‍ വിഷയത്തില്‍ പ്രധാനമന്ത്രിയും താനും രണ്ടുതട്ടിലായിരുന്നുവെന്ന് നാരായണനന്‍ സമ്മതിച്ചതായും റോമര്‍ പറയുന്നു. പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തിയാല്‍ സ്ഥിതിയില്‍ ഏറെ മെച്ചമുണ്ടാകുമെന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു പ്രധാനമന്ത്രി. എന്നാല്‍ സമാധാനചര്‍ച്ചകളെ അത്ര പ്രോത്സാഹിപ്പിക്കാത്ത ഉദ്യോഗസ്ഥനായിരുന്നു നാരായണന്റേതെന്ന് രേഖകള്‍ പറയുന്നു.

ഈ അഭിപ്രായവ്യത്യാസമാണ് പ്രധാനമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും തമ്മില്‍ അകലാനിടയാക്കിയത്. എന്നാല്‍ സ്വന്തം സര്‍ക്കാറില്‍ നിന്നുതന്നെ പ്രധാനമന്ത്രിക്ക്് ഒറ്റപ്പെടല്‍ നേരിടേണ്ടുവന്നിരുന്നുവന്ന് റോമര്‍ വ്യക്തമാക്കുന്നതായും രേഖകള്‍ സൂചിപ്പിക്കുന്നു.

മുസ്‌ലിം വോട്ട് ലക്ഷ്യമിട്ടുള്ള പശ്ചിമേഷ്യാ നയം
ഇന്ത്യയിലെ മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള പശ്ചിമേഷ്യാ നയമായിരുന്നു ഇന്ത്യ പിന്തുടര്‍ന്നിരുന്നതെന്നാണ് ഹിന്ദു പുറത്തുവിട്ട മറ്റൊരു രേഖ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ യു.എസ് എംബസി വാഷിംഗ്ടണ് അയച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2006ല്‍ ഹമാസ് നേടിയ തിരഞ്ഞെടുപ്പ് വിജയം, ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം, ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം എന്നീ വിഷയങ്ങളിലെല്ലാം ഇലയ്ക്കും മുള്ളിനും കേടില്ലാത്ത നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്.

ഇസ്രായേലുമായുള്ള ഇന്ത്യന്‍ ബന്ധം ചങ്കൂറ്റമില്ലാത്തതാണെന്ന് അംബാസിഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡ് വിശേഷിപ്പിച്ചതായി പുറത്തായ രേഖകള്‍ സൂചിപ്പിക്കുന്നു. ഇസ്രായേലുമായുള്ള ബന്ധത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെട്ടതായും വാഷിംഗ്ടണ് ലഭിച്ച രേഖള്‍ പറയുന്നു.

ഇസ്രാലേയില്‍ യെഹൂദ് ഒല്‍മര്‍ട്ട് നേടിയ വിജയത്തെ അനുകൂലിക്കാതിരുന്നതും ഹമാസിന്റെ രാഷ്ട്രീയപ്രവേശനത്തില്‍ കരുതലോടെ പ്രതികരിച്ചതും മുസ്‌ലിം വോട്ട് ലക്ഷ്യംവെച്ചായിരുന്നു. ലെബനനിലും ഗാസയിലും ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ചത് ഈ വോട്ട് നഷ്ടപ്പെടരുത് എന്നത് കൊണ്ടുമാത്രമായിരുന്നു.

26/11 വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യം
മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിലും അമേരിക്കന്‍ ഇടപെടലുകള്‍ നടന്നതായി ഹിന്ദുവിന് ലഭിച്ച രേഖകള്‍ സൂചിപ്പിക്കുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ കൈയ്യിലുള്ള വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറണമെന്നുവരെ അമേരിക്ക ആവശ്യപ്പെട്ടു. മുംബൈ തീരത്തെത്താന്‍ അക്രമികള്‍ ഉപയോഗിച്ച യമഹ ബോട്ടിന്റെ വിവരങ്ങളും കൈമാറണമെന്നും അമേരിക്കയുടെ ഭാഗത്തുനിന്നും ആവശ്യമുയര്‍ന്നിരുന്നു.

എന്നാല്‍ ഏതെല്ലാം വിവരങ്ങള്‍ കൈമാറണമെന്ന കാര്യത്തില്‍ ഇന്ത്യക്കും അമേരിക്കയ്ക്കുമിടയില്‍ തര്‍ക്കമുണ്ടായിരുന്നു.

കൂടാതെ ഇക്കാര്യത്തില്‍ അമേരിക്ക ആഗ്രഹിച്ച രീതിയിലുള്ള ഇടപെടലുകളല്ല ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായത്. സുപ്രധാന രേഖകളെല്ലാം പാക്കിസ്ഥാന് നല്‍കിയാലും സ്വതന്ത്രമായ അന്വേഷണം നടക്കില്ലെന്ന് ഇന്ത്യ വിശ്വസിച്ചു. അതുകൊണ്ടുതന്നെ രേഖകള്‍ കൈമാറിയതുമില്ല.

മൊഴിമാറ്റം: പി.വി സുരാജ്


Advertisement