കോണ്‍ഗ്രസ് നേതൃത്വത്തെക്കുറിച്ചും യു.പി.എയിലെ മന്ത്രിമാരെക്കുറിച്ചും അമേരിക്കയ്ക്ക് കടുത്ത ആശങ്കയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിക്കിലീക്‌സ് രേഖകളാണ് ‘ ദ ഹിന്ദു’ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ ഭരണമാറ്റത്തെക്കുറിച്ചും അധികാരവിഭജനത്തെക്കുറിച്ചും അമേരിക്ക ആശങ്ക പുലര്‍ത്തിയിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. വിവിധ മന്ത്രാലയങ്ങളെക്കുറിച്ച് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ദല്‍ഹിയിലെ എംബസിക്ക് കൈമാറിയ രേഖകളാണ് പുറത്തായിരിക്കുന്നത്.

എന്തെല്ലാം മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് അതിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് വകുപ്പുകള്‍ കൈമാറുന്നതെന്നിനെക്കുറിച്ച് അറിയാന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ വളരെയെധികം താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ധനകാര്യമന്ത്രിയായി പ്രണബ് കുമാര്‍ മുഖര്‍ജിയെ നിയമിച്ചതിലായിരുന്നു അമേരിക്കയ്ക്ക് ഏറെ ശ്രദ്ധ. പ്രണബ് മുഖര്‍ജി ഏത് വ്യാവസായിക ഗ്രൂപ്പിന്റെ വക്താവാണ് എന്ന് ഹിലരി ക്ലിന്റണ്‍ പുറത്തുവിട്ട രേഖകളില്‍ ചോദിക്കുന്നു.

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും മുതിര്‍ന്ന നേതാവുമായ മൊണ്ടേക് സിംഗ് ആലുവാലിയയെ മറികടന്ന് പ്രണബ് മുഖര്‍ജി ധനമന്ത്രിസ്ഥാനത്തെത്തിയത് അമേരിക്കയ്ക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളെക്കുറിച്ച് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ദല്‍ഹിയിലെ എംബസിക്ക് കൈമാറിയ രേഖകളാണ് പുറത്തായിരിക്കുന്നത്. നിരവധി ചോദ്യങ്ങളടങ്ങിയ ഒരു കത്തായിരുന്നു ഹിലരി ദല്‍ഹി എംബസിയിലേക്ക് കൈമാറിയത്. ഹിലരി ഉന്നയിച്ച ചില പ്രധാന ചോദ്യങ്ങള്‍ ഇവയൊക്കെയാണ്.
1-പ്രണബ് മുഖര്‍ജി ഏതു വ്യാവസായിക ഗ്രൂപ്പിന്റെ ആളാണ്?
2-മൊണ്ടേക് സിംഗ് ആലുവാലിയയെ കടന്ന് പ്രണബിന് ധനമന്ത്രാലയം നല്‍കാന്‍ എന്താണ് കാരണം?
3- ആരെല്ലാമാണ് പ്രണബിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുന്നത്?
4- മുഖര്‍ജി പരിഷ്‌ക്കരണത്തെയും ആഗോളവല്‍ക്കരണത്തെയും അനുകൂലിക്കുന്ന ആളാണോ?
5- പ്രധാനമന്ത്രിയും ബ്രണബ് മുഖര്‍ജിയും തമ്മിലുള്ള ബന്ധമെന്ത്?
6- കമല്‍നാഥിനെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിലേക്ക് എന്തിന് മാറ്റി?

യു.പി.എ സര്‍ക്കാറിന്റെ നയങ്ങളെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും അമേരിക്കയ്ക്കുള്ള ആശങ്കകള്‍ വ്യക്തമാക്കുന്നവയായിരുന്നു ഹിലരി ക്ലിന്റണ്‍ എംബിക്ക് അയച്ച കത്തുകള്‍.

ചിദംബരവും ദേശീയ സുരക്ഷാ ഉപദേഷ്ടാവും
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയില്‍ നിന്നും എം.കെ നാരായണനെ നീക്കിയതിലും ശിവശങ്കര്‍ മേനോനെ ആ സ്ഥാനത്തേക്ക് പ്രതിഷ്ഠിച്ചതിലും പിന്നില്‍ കരുനീക്കിയത് ആഭ്യന്തരമന്ത്രി പി.ചിദംബരമായിരുന്നുവെന്ന് വിക്കിലീക്‌സ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

2010 ജനുവരി 22ന് അമേരിക്കന്‍ അംബാസിഡര്‍ തിമോത്തി റോമര്‍ അയച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാരായണനെ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും നീക്കി ആഭ്യന്തര സുരക്ഷയെക്കുറിച്ച് അധികം അറിവില്ലാത്ത മേനോനെ നിയമിച്ചതില്‍ ചിദംബരമായിരുന്നു മുഖ്യപങ്ക് വഹിച്ചതെന്നാണ് രേഖകള്‍ പറയുന്നത്.

ആഭ്യന്തരസുരക്ഷ, ഇന്റലിജന്‍സ്, ഭീകരവിരുദ്ധ നയങ്ങള്‍ എന്നിവ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ചിദംബരത്തിന്റെ പരിഷ്‌ക്കരണ നടപടികളാണ് ഇതിലൂടെ പ്രതിഫലിച്ചത്. വലിയ ജനപിന്തുണ ഇല്ലാത്ത നേതാവായിട്ടും ചിദംബരത്തിന് പ്രധാനമന്ത്രിയുടെ ശക്തമായ പിന്തുണ ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യയുടെ ആദ്യവിദേശകാര്യ സെക്രട്ടറിയായിരുന്ന കെ.പി.എസ് മേനോന്റെ പൗത്രനായിരുന്ന ശിവശങ്കര്‍ മേനോന് തങ്ങള്‍ക്ക് അനുകൂല നിലപാടുകളെടുത്തേക്കില്ല എന്ന് യു.എസ് ഭയന്നിരുന്നു.

എം.കെ നാരായണന്‍ പുറത്തുപോയതോ പുറത്താക്കിയതോ?
ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം.കെ നാരായണന്‍ സ്വന്തം ഇഷ്ടപ്രകാരമല്ല ആ സ്ഥാനം ഒഴിഞ്ഞതെന്ന് അമേരിക്കന്‍ അംബാസിഡര്‍ തിമോത്തി റോമര്‍ അഭിപ്രായപ്പെടുന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്. ആഭ്യന്തരമന്ത്ര ചിദംബരമാകാം ഈ കഥയിലെ വില്ലനെന്നും സൂചനയുണ്ട്. നാരായണനും ചിദംബരവും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്ന് വിക്കിലീക്‌സ് രേഖകള്‍ സൂചിപ്പിക്കുന്നു.

2010 ജനുവരി 16നായിരുന്നു നാരായണനെ പശ്ചിമബംഗാള്‍ ഗവര്‍ണറായി നിയമിച്ചത്. ശിവശങ്കര്‍ മേനോനെ സുരക്ഷാ ഉപദേഷ്ടാവായും നിയമിച്ചു.
പല കാരണങ്ങള്‍ നാരായണന്റെ പുറത്താകലുമായി ബന്ധപ്പെട്ട് പറഞ്ഞുകേട്ടിട്ടുണ്ട്. സുരക്ഷയുടെ ചുമതലയുള്ള മൂന്ന് സ്ഥാപനങ്ങള്‍- സി.ബി.ഐ, റോ, ഐ.ജി – എന്നിവ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ചിദംബരം ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടായിരുന്നു നാരയണന്‍ സ്വീകരിച്ചത്. നാരായണന്റെ പ്രായമായിരുന്നു സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനം തെറിക്കാനുണ്ടായ മറ്റൊരു കാരണം.

സൗദി അറേബ്യയുടെ നീക്കങ്ങളില്‍ ഇന്ത്യക്ക് ആശങ്ക
മതസ്‌കൂളുകള്‍ക്കും മറ്റ് മതാധിഷ്ഠിത സംഘടനകള്‍ക്കും സൗദി അറേബ്യ നല്‍കുന്ന സാമ്പത്തികസഹായങ്ങളില്‍ ഇന്ത്യ ആശങ്കാകുലരായിരുന്നുവെന്ന് ഹിന്ദു പുറത്തുവിട്ട ചില വിദേശകാര്യ രേഖകള്‍ സൂചിപ്പിക്കുന്നു.

ഇത്തരം സംഘടനകള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന നടപടി തെക്കന്‍ ഏഷ്യയില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ തീവ്രവാദത്തിന് കാരണമായേക്കാമെന്നും ഇന്ത്യ ഭയന്നിരുന്നു. ഇന്ത്യയിലെ മുസ്‌ലിംകള്‍ സഹിഷ്ണുതയുള്ളവരാണെന്നും രാജ്യത്ത് തീവ്രനിലപാടുകള്‍ ഇടയാക്കാനുതകുന്ന നീക്കങ്ങളെ പിന്തുണക്കില്ലെന്നും സൗദിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ രാജിവ് ഷഹാരി പറഞ്ഞതും രേഖകളിലുണ്ട്.

സൗദിയില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ സ്ഥിതിയില്‍ കേന്ദ്രത്തിന് കടുത്ത ആശങ്കയുണ്ടെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ സ്ഥിതി മെച്ചപ്പെടുത്തുന്ന കരാര്‍ രൂപീകരിക്കാന്‍ ഇന്ത്യ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അനുകൂലമായ നിലപാടായിരുന്നില്ല സൗദി ഭരണകൂടം സ്വീകരിച്ചത്.

ഇന്ത്യയെ ഒരു പാക്കിസ്ഥാന്‍ ലെന്‍സിലൂടെ കാണാനായിരുന്നു സൗദി താല്‍പ്പര്യം പ്രകടിപ്പിച്ചതെന്നും മുസ്‌ലിം, കശ്മീര്‍ വിഷയങ്ങള്‍ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഒരു മറ സൃഷ്ടിച്ചിരുന്നുവെന്നും വിക്കിലീക്‌സ് രേഖകള്‍ വ്യക്തമാക്കുന്നു.

പാലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ വിമര്‍ശിക്കാനായിരുന്നു സൗദി എപ്പോഴും ശ്രമിച്ചിരുന്നത്. ജറസലേം തലസ്ഥാനമായുള്ള പലസ്തീന്‍ രാഷ്ട്രത്തെ എന്നും അനുകൂലിച്ചിരുന്ന രാഷ്ട്രമാണ് ഇന്ത്യ എന്ന കാര്യം വ്യക്തമാക്കാന്‍ ഇന്ത്യ ശ്രമം നടത്തിയിരുന്നതായും വിക്കിലീക്സ് സൂക്ഷിക്കുന്നു.

മൊഴിമാറ്റം: പി.വി സുരാജ്

‘പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് കേരളാ മാഫിയ’: വിക്കിലീക്‌സുമായി ദ ഹിന്ദു (ഒന്നാം ഭാഗം)

പണമെറിഞ്ഞു വീഴ്ത്തുന്ന ദക്ഷിണേന്ത്യന്‍ വോട്ട് (രണ്ടാം ഭാഗം)

വിശ്വാസവോട്ടിന് കോഴ: കോണ്‍ഗ്രസ് മുഖം വികൃതമാക്കി വിക്കിലീക്‌സ് (മൂന്നാം ഭാഗം)