ഭാഗം: അഞ്ച്

വിദേശനയത്തിന്റെ കാര്യത്തിലും പ്രത്യേകിച്ച് ഇന്ത്യാ-അമേരിക്ക ബന്ധത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ സ്വരമായിരുന്നുവെന്ന് വിക്കിലീക്‌സ് രേഖകള്‍ പറയുന്നു. വിദേശനയവുമായി ബന്ധപ്പെട്ട കാര്യത്തില്‍ കാവിപാര്‍ട്ടി പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണെന്നും 2005ല്‍ റോബര്‍ട്ട് ബ്ലാക്ക് വാഷിംഗ്ടണ് അയച്ച രേഖകള്‍ സൂചിപ്പിക്കുന്നു.

2005ല്‍ മുംബൈയില്‍ നടന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവില്‍ യു.പി.എയുടെ വിദേശനയത്തെ ബി.ജെ.പി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതേ പാര്‍ട്ടിയാണ് വിദേശ നയത്തെ പിന്തുണച്ചുള്ള പ്രമേയം പാസാക്കിയത്. ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍ മാത്രം ഉന്നയിക്കുന്നതാണെന്നും അതില്‍ മറ്റൊരര്‍ത്ഥം കാണെണ്ടെന്ന് ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടിവ് അംഗം ശേഷാദ്രി ചാരി പറഞ്ഞതായുമുള്ള രേഖയാണ് ഹിന്ദു പുറത്തുവിട്ടത്.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ അമേരിക്കന്‍ നയങ്ങള്‍ക്കെതിരേ പ്രസ്താവന നടത്തിയാല്‍ അത് വലിയ കാര്യമായി കാണേണ്ടതില്ലെന്നും രാഷ്ട്രീയലാഭത്തിനായുള്ള പ്രസ്താവനകള്‍ മാത്രമാണ് അവയെന്നും ബ്ലാക്ക് പറയുന്നു.

ഇന്ത്യയുമായുള്ള ബന്ധം: ഇസ്രായേലിനെ മാതൃകയാക്കണമെന്ന് യു.എസ്

ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം എങ്ങിനെ മുന്നോട്ടുകൊണ്ടുപോകാം എന്ന കാര്യത്തില്‍ ഇസ്രായേലില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്ന് അമേരിക്ക. ഇസ്രായേല്‍ ഇന്ത്യയില്‍ നടത്തുന്ന ‘ പബ്ലിക്ക് റിലേഷന്‍ ‘ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയ്ക്ക് മാതൃകയാണെന്ന് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡ് അഭിപ്രായപ്പെട്ട കാര്യം വിക്കിലീക്‌സ് ആണ് പുറത്തുവിട്ടിരിക്കുന്നത്.

തങ്ങളെക്കുറിച്ച് ഇന്ത്യക്കാരുടെ ഇടയില്‍ നല്ല ധാരണ പരത്താന്‍ ഇസ്രായേല്‍ ശ്രമം നടത്തിവരികയാണ്. വിദേശകാര്യമന്ത്രാലയവുമായും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും ഏറെ താല്‍പ്പര്യത്തോടെയാണ് ഇസ്രായേല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നത്. ഇസ്രായേലുമായുള്ള ഇന്ത്യയുടെ ആയുധ ഇടപാടുകള്‍ ഇതാണ് കാണിക്കുന്നതെന്നും ‘ദ ഹിന്ദു’ പുറത്തുവിട്ട വിക്കിലീക്‌സ് രേഖകള്‍ വ്യക്തമാക്കുന്നു.

ഇസ്രായേലുമായുള്ള ബന്ധത്തെ ഇടതുപാര്‍ട്ടികള്‍ നിശിതമായി എതിര്‍ക്കുന്നുണ്ട്. ഇത് ഒരുപരിധിവരെ തടയാന്‍ ഇസ്രായേലിന്റെ ‘പബ്ലിക് റിലേഷന്‍’ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നുണ്ട്. തങ്ങളുമായുള്ള ബന്ധം ഇന്ത്യയെ ഏറെ സഹായിക്കുമെന്ന സന്ദേശം ഇവിടുത്തെ ജനങ്ങള്‍ക്ക് നല്‍കാനാണ് ഇസ്രായേലിന്റെ നീക്കം.

ആക്രമിക്കപ്പെടാതിരിക്കാന്‍  താലിബാന് പാക് പിന്തുണ
ഏതു നിമിഷവും ഭീകരരുടെ ലക്ഷ്യമായി തീരാനുള്ള സാധ്യത മുന്നില്‍കണ്ട് അവരെ പ്രോത്സാഹിപ്പിക്കുക എന്ന നിലപാടാണ് പാക്കിസ്ഥാന്‍ സ്വീകരിച്ചിരുന്നതെന്ന് വിക്കിലീക്‌സ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേഷ്യയിലേക്കുള്ള അമേരിക്കയുടെ ഇന്റലിജന്‍സ് ഓഫീസര്‍ ഡോ.പീറ്റര്‍ ലാവോയ് അയച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തുന്ന എല്ലാ ദുഷ്‌ചെയ്തികളെയും കണ്ണടച്ച് പിന്തുണയ്ക്കുകയായിരുന്നു പാക്കിസ്ഥാന്‍ ചെയ്തിരുന്നത്. പ്രധാനമായും രണ്ടുകാരണങ്ങളാണ് പാക്കിസ്ഥാനെ ഇതിന് പ്രേരിപ്പിച്ചത്. ഒന്ന് താലിബാന്റെ ശക്തി നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു എന്ന സത്യം. അമേരിക്കയുടെ നേതൃത്വത്തില്‍ എത്ര ഭീകരവേട്ട നടത്തിയാലും താലിബാന്റെ ശക്തി ചോരുന്നില്ലെന്ന ധാരണ പരന്നിരുന്നു. ഇന്ത്യയുമായുള്ള ശത്രുതയാണ് രണ്ടാമത്തെ കാര്യം.

അഫ്ഗാന്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ അവിടേക്ക് തിരിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിച്ചത്. കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് മറയിടാനും പാക്കിസ്ഥാന്‍ ഇതുവഴി ശ്രമിച്ചു. അഫ്ഗാന്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചാല്‍ താലിബാന്‍ ഒരു ബൂമറാങ് പോലെ തങ്ങളുടെ നേര്‍ക്ക് തിരിയുമെന്ന് പാക്കിസ്ഥാന് ഉറപ്പായിരുന്നു. ഇതിന് ഒരുപരിധി വരെ തടയിടാനാണ് താലിബാനെ രഹസ്യമായി അവര്‍ സഹായിച്ചിരുന്നത്.

എന്‍.ഐ.എയുടെ ഭരണഘടനാ സാധുതയില്‍ ചിദംബരത്തിന് ആശങ്ക
തീവ്രവാദപ്രവര്‍ത്തനങ്ങളെ അടിയോടെ പിഴുതെറിയാന്‍ രൂപീകരിച്ച ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ ഭരണഘടനാ സാധുതയില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന് സംശയമുണ്ടായിരുന്നുവെന്ന് ഹിന്ദു പുറത്തുവിട്ട രേഖകള്‍ പറയുന്നു. ഒരു ഉയര്‍ന്ന അമേരിക്കന്‍ നയതന്ത്രഉദ്യോഗസ്ഥനോട് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ലമെന്റ് പാസാക്കിയ ദേശീയ അന്വേഷണ ഏജന്‍സി ബില്ലിലൂടെയാണ് ഏജന്‍സിക്ക് രൂപം നല്‍കിയത് 2008 മുംബൈ ആക്രമണത്തിന് ഒരുമാസം കഴിഞ്ഞാണ് ബില്‍ നിയമമായത്. നിയമത്തിന്റെ പരിധിയില്‍വരുന്ന കാര്യങ്ങളില്‍ സംസ്ഥാന പോലീസിനെയോ മറ്റ് ഏജന്‍സികളെയോ മറികടന്ന് തീരുമാനമെടുക്കാനുള്ള അധികാരം എന്‍.ഐ.എക്ക് നല്‍കിയിരുന്നു.

എന്നാല്‍ വലിയ ചര്‍ച്ചകളൊന്നും കൂടാതെയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും പാസാക്കിയതും. സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ ബില്ലിലെ വ്യവസ്ഥകളെക്കുറിച്ചും അതിന്റെ നിയമസാധുതകളെക്കുറിച്ചും സംശയം പ്രകടിപ്പിച്ചിരുന്നു. ആദ്യം വലിയ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും എന്‍.ഐ.എയുടെ അധികാരങ്ങളെക്കുറിച്ച് ചിദംബരത്തിനും ആശങ്കയുണ്ടായിരുന്നു.

മൊഴിമാറ്റം: പി.വി സുരാജ്

‘പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് കേരളാ മാഫിയ’: വിക്കിലീക്‌സുമായി ദ ഹിന്ദു (ഒന്നാം ഭാഗം)

പണമെറിഞ്ഞു വീഴ്ത്തുന്ന ദക്ഷിണേന്ത്യന്‍ വോട്ട് (രണ്ടാം ഭാഗം)

വിശ്വാസവോട്ടിന് കോഴ: കോണ്‍ഗ്രസ് മുഖം വികൃതമാക്കി വിക്കിലീക്‌സ് (മൂന്നാം ഭാഗം)

പ്രണബ് മുഖര്‍ജി അമേരിക്കയ്ക്ക് അനഭിമതന്‍? (നാലാം ഭാഗം)