Administrator
Administrator
വിശ്വാസവോട്ടിന് കോഴ: കോണ്‍ഗ്രസ് മുഖം വികൃതമാക്കി വിക്കിലീക്‌സ്
Administrator
Friday 18th March 2011 8:22am

ആണവക്കരാറിനെ തുടര്‍ന്നുണ്ടായ വിശ്വാസവോട്ടെടുപ്പില്‍ എം.പിമാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം നല്‍കിയെന്ന് വ്യക്തമാക്കുന്ന വിക്കിലീക്‌സ് രേഖകള്‍ ‘ ദ ഹിന്ദു’ പുറത്തുവിട്ടു. കോടികളെറിഞ്ഞാണ് തങ്ങള്‍ എതാനും ചില എം.പിമാരെ ചാക്കിലാക്കാന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സതീഷ് ശര്‍മ്മയുടെ വിശ്വസ്തന്‍ യു.എസ് എംബസിയിലെ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതിന്റെ രേഖകളാണ് പുറത്തായിരിക്കുന്നത്.

50 കോടി മുതല്‍ 60 കോടിവരെയാണ് എം.പിമാരെ പാട്ടിലാക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ ചിലവാക്കിയതെന്ന് രേഖകള്‍ പറയുന്നു. ആണവകരാറിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ വിശ്വാസവോട്ട് തേടുന്നതിന്റെ അഞ്ചുദിസവം മുമ്പ് സതീഷ് ശര്‍മയുടെ വിശ്വസ്തനായ ഒരാള്‍ യു.എസ് എംബസിയിലെത്തുകയായിരുന്നു. 60 കോടിയുടെ നോട്ടുകെട്ടുകള്‍ ഇയാള്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തിരുന്നെന്നും വിക്കിലീക്‌സ് രേഖകള്‍ പറയുന്നു.

അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദള്‍ പാര്‍ട്ടിയിലെ എം.പിമാര്‍ക്ക് 10 കോടിരൂപ യു.പി.എയ്ക്ക് അനുകൂലമായി ചെയ്യാന്‍ നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. 2008 ജൂലൈ 17ന് അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥനായിരുന്ന സ്റ്റീഫന്‍ വൈറ്റ് വാഷിംഗ്ടണ് അയച്ച രേഖകളാണ് പണംകൊടുത്ത് വിശ്വാസവോട്ട് നേടിയെന്ന കാര്യം വ്യക്തമാക്കുന്നത്.

രാജ്യസഭയിലെ കോണ്‍ഗ്രസ് എം.പിയും രാജിവ് ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളുമെന്ന നിലയിലാണ് സതീഷ് ശര്‍മയെ രേഖകളില്‍ വിശേഷിപ്പിക്കുന്നത്. വിശ്വാസവോട്ടിനു മുമ്പ് മറ്റുപാര്‍ട്ടികള്‍ക്കിടയില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ ശര്‍മ ശ്രമം നടത്തിയിരുന്നു.

വിഷയത്തില്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്താന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ മരുമകന്‍ രഞ്ജന്‍ ഭട്ടാചാര്യയെ സമീപിച്ചിരുന്നതായും സതീഷ് ശര്‍മ വ്യക്തമാക്കിയിട്ടുണ്ട്. ശിവസേനയോട് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെടാനും ശ്രമം നടന്നിരുന്നു.

ഇറാനെക്കുറിച്ചുള്ള ഇന്ത്യന്‍ നിലപാടില്‍ യു.എസിന് ആശങ്ക
ഇന്ത്യ-ഇറാന്‍ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ ഹിന്ദു പുറത്തുവിട്ട വിക്കിലീക്‌സ് രേഖകളിലൂടെ വ്യക്തമായിരുന്നു. ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ഭയത്തോടെ മാത്രമായിരുന്നു അമേരിക്ക കണ്ടിരുന്നത്. മണിശങ്കര്‍ അയ്യര്‍ക്ക് പെട്രോളിയം മന്ത്രിയെന്ന സ്ഥാനം നഷ്ടപ്പെട്ടത് അടക്കമുള്ള കാര്യങ്ങളില്‍ അമേരിക്ക നടത്തിയ ഇടപടലുകള്‍ ഏറെ വിവാദമായിരുന്നു.

ഇറാനെതിരേ ഉപരോധം കൊണ്ടുവരാനുള്ള യു.എന്‍ തീരുമാനത്തിന് അനുകൂലമായി വോട്ടുചെയ്‌തെങ്കിലും എക്കാലവും ഇന്ത്യയുടെ പിന്തുണ ആര്‍ജ്ജിക്കാനാവില്ലെന്ന് അമേരിക്കയ്ക്ക് ബോധ്യമുണ്ടായിരുന്നു. കൂടാതെ ഇന്ത്യയിലെ നയരൂപീകരണ വിദഗ്ധരും വിദേശകാര്യമന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരും ഇറാനുമായി നല്ലരീതിയിലുള്ള ബന്ധം സ്ഥാപിക്കണമെന്ന നിലപാടുള്ളവരായിരുന്നു.

യു.എന്നില്‍ ഇറാന് എതിരായി വോട്ടുചെയ്തതു മുതല്‍ കേന്ദ്രസര്‍ക്കാറിന് രാജ്യത്ത് കടുത്ത വിമര്‍ശനം നേരിടേണ്ടിവരുന്നുണ്ടെന്ന് അമേരിക്ക വിലയിരുത്തിയിരുന്നു. കൂടാതെ മുന്‍ വിദേശകാര്യ സെക്രട്ടറി ശ്യാം ശരണിന്റെ നേതൃത്വത്തില്‍ ഇറാന്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമം നടന്നിരുന്നുവെന്ന റിപ്പോര്‍ട്ടും ഹിന്ദു പുറത്തുവിട്ട രേഖകളിലുണ്ട്.

ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെ അംബാസിഡര്‍മാരുമായി ശരണ്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയും തുടങ്ങിയിരുന്നു. ഇറാന്‍ പ്രശ്‌നം യു.എന്നിലേക്ക് വലിച്ചിഴക്കാതെ തന്നെ പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു ശ്യാം ശരണ്‍.

ഇറാന്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെക്കുറിച്ച് രാജ്യത്തിനകത്ത് കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ഇടതുപക്ഷം അടക്കമുള്ള നേതാക്കള്‍ ഇതിനെതിരേ ശക്തമായി രംഗത്തിരുന്നു.

യുവാക്കള്‍ക്കുവേണ്ടി വാദിക്കുന്ന രാഹുല്‍ഗാന്ധി!
ഗാന്ധി കുടുംബത്തില്‍ നിന്നുള്ള അംഗമാണെങ്കിലും കുടുംബരാഷ്ട്രീയത്തെയും മക്കള്‍ രാഷ്ട്രീയത്തെയും പ്രോത്സാഹിപ്പിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് വിക്കിലീക്‌സ് രേഖകള്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം കൊണ്ടുവരുന്നതിനും പുതിയമുഖങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിനും രാഹുല്‍ ഗാന്ധി ശ്രമിച്ചിരുന്നെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

തന്റെ നിയന്ത്രണത്തിലുള്ള യൂത്ത് കോണ്‍ഗ്രസിലൂടെയാവണം ഈ മാറ്റം വരേണ്ടതെന്ന് രാഹുല്‍ നിശ്ചയിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ ആദ്യം സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയായിരുന്നു രാഹുല്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ആദ്യകൊടി നാട്ടിയത്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തന്നെ ഇത്തരമൊരു രീതി ഇത് ആദ്യമായിരുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിലെ പല തലമുതിര്‍ന്ന നേതാക്കള്‍ക്കും ഇതിനോട് വിയോജിപ്പുണ്ടായിരുന്നു. എന്നാല്‍ അവര്‍ അത് പ്രകടമാക്കിയിരുന്നില്ല. യു.എസ് എംബസിയിലെ പീറ്റര്‍ ബേര്‍ലിഗ് 2009 മേയ് 23ന് അയച്ച രേഖകളിലാണ് രാഹുല്‍ഗാന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്.

മൊഴിമാറ്റം: പി.വി സുരാജ്

‘പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് കേരളാ മാഫിയ’: വിക്കിലീക്‌സുമായി ദ ഹിന്ദു (ഒന്നാം ഭാഗം)

പണമെറിഞ്ഞു വീഴ്ത്തുന്ന ദക്ഷിണേന്ത്യന്‍ വോട്ട് (രണ്ടാം ഭാഗം)

Advertisement