Administrator
Administrator
‘തെക്കും പടിഞ്ഞാറും സംസ്ഥാനങ്ങള്‍ മാത്രമെങ്കില്‍ ഇന്ത്യ കൂടുതല്‍ വികസിച്ചേനേ’
Administrator
Tuesday 29th March 2011 11:18am

ഭാഗം: പന്ത്രണ്ട്‌

തെക്കും പടിഞ്ഞാറും സംസ്ഥാനങ്ങള്‍ മാത്രമടങ്ങിയ രാജ്യമായിരുന്നെങ്കില്‍ ഇന്ത്യ വികസനപാതയില്‍ അതിവേഗതയില്‍ കുതിക്കുമായിരുന്നുവെന്ന ആഭ്യന്തരമന്ത്രി പി.ചിദംബരം നടത്തിയ പ്രസ്താവന ‘ദ ഹിന്ദു’ പുറത്തുവിട്ട വിക്കിലീക്‌സ് രേഖകളില്‍ ഏറ്റവും വിവാദം സൃഷ്ടിച്ചതായിരുന്നു. അമേരിക്കന്‍ അംബാസിഡര്‍ തിമോത്തി റോമറോട് നടത്തിയ സംസാരത്തിനിടെയായിരുന്നു തെക്കു-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ വികസനത്തെക്കുറിച്ച് ചിദംബരം വാചാലനായത്.

തെക്കു-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളും മറ്റ് സംസ്ഥാനങ്ങളുമായി വികസനത്തിന്റെ കാര്യത്തില്‍ വന്‍ വ്യത്യാസമുണ്ടെന്ന് ചിദംബരം തിമോത്തി റോമിനോട് അഭിപ്രായപ്പെട്ടിരുന്നു. വികസനത്തിന്റേയും മറ്റ് സംരഭങ്ങളുടേയും ഒരു ഹബ്ബാണ് തെക്കേ ഇന്ത്യയെന്ന് ചിദംബരം അഭിപ്രായപ്പെട്ടിരുന്നു.

തെക്കും പടിഞ്ഞാറും സംസ്ഥാനങ്ങള്‍ മാത്രമടങ്ങിയതായിരുന്നു ഇന്ത്യയെങ്കില്‍ 11 മുതല്‍ 12 ശതമാനം വരെ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചേനേ എന്ന് ആഭ്യന്തരമന്ത്രി അഭിപ്രയാപ്പെട്ടിരുന്നു. മറ്റുള്ള സംസ്ഥാനങ്ങളെല്ലാം വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രത്തെ പിന്നോട്ടുവലിക്കുകയാണെന്നും ചിദംബരത്തിന് അഭിപ്രായമുണ്ടായിരുന്നു.

എന്നാല്‍ ചില സംസ്ഥാനങ്ങളെക്കുറിച്ചും മുഖ്യമന്ത്രിമാരെക്കുറിച്ചും അവിടെ നടക്കുന്ന വികസനത്തെക്കുറിച്ചും ചിദംബരം സന്തോഷം പ്രകടിപ്പിച്ചിരുന്നു. ബിഹാര്‍, പഞ്ചാബ്, ഒറീസ എന്നീ സംസ്ഥാനങ്ങളുടെ പുരോഗതിയില്‍ ആഭ്യന്തരമന്ത്രി സന്തുഷ്ടനായിരുന്നു. ഈ മൂന്നു സംസ്ഥാനങ്ങളുടേയും ഭരണം കോണ്‍ഗ്രസിതര പാര്‍ട്ടികളുടെ കൈയ്യിലാണ് എന്നതും ശ്രദ്ധേയമാണ്.

നക്‌സലിസം അവസാനിപ്പിക്കാന്‍ ചില അമേരിക്കന്‍ നിര്‍ദേശങ്ങള്‍

ഇന്ത്യയിലെ നക്‌സല്‍പ്രശ്‌നത്തെക്കുറിച്ച് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നക്‌സല്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനായി ചില ഉപായങ്ങളും അവര്‍ നിര്‍ദേശിച്ചിരുന്നു.

രാജ്യത്തുടനീളം ഭൂപരിഷ്‌ക്കരണം നടപ്പാക്കുക, ഗ്രാമീണപ്രദേശങ്ങളില്‍ നിലനിന്നുപോരുന്ന ഫ്യൂഡല്‍ വ്യവസ്ഥിതി അവസാനിപ്പിക്കുക, നക്‌സലിസം വിട്ട് രാഷ്ട്രീയത്തിലിറങ്ങിയവര്‍ക്കെതിരേയുള്ള അതിക്രമം അവസാനിപ്പിക്കുക എന്നിവയായിരുന്നു നക്‌സലിസം അമര്‍ച്ച ചെയ്യാനായുള്ള അമേരിക്കയുടെ നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇത്തരം നടപടികള്‍ക്കൊന്നും തയ്യാറാകുന്നതിന്റെ സൂചനയില്ലെന്നും അബാസിഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡ് പറയുന്നു.

അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ നക്‌സലിസം നിലവിലെ സ്ഥിതിയില്‍ തുടരുമെന്നും മുള്‍ഫോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഏതാണ്ട് 12 ഓളം സംസ്ഥാനങ്ങളില്‍ നക്‌സലിസം ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നും മുള്‍ഫോര്‍ഡ് പറഞ്ഞിരുന്നു. പിന്നാക്ക വിഭാഗക്കാര്‍ക്കിടയിലും ഗ്രാമീണ മേഖലകളിലും വികസനമെത്തിക്കാന്‍ ഇനിയും സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല. അധികാരികള്‍ ഒരു സഹായവും ചെയ്യാതാകുമ്പോള്‍ ആളുകള്‍ നക്‌സലിസത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെന്നും വിക്കിലീക്‌സ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ നക്‌സലൈറ്റുകള്‍ നേപ്പാളിലെ തങ്ങളുടെ സഹപ്രവര്‍ത്തകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അവര്‍ ആയുധം ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ ഇന്ത്യന്‍ നക്‌സലൈറ്റുകളിലും അത് സ്വാധീനം ചെലുത്തുമെന്നും അമേരിക്ക അഭിപ്രായപ്പെട്ടതായി കേബിളുകള്‍ സൂചിപ്പിക്കുന്നു.

സമൂഹത്തിലെ അടിത്തട്ടിലുള്ളവര്‍ക്കും മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടിയാണ് നക്‌സലൈറ്റ് പ്രവര്‍ത്തനമെങ്കിലും അതിന്റെ ഉന്നത സ്ഥാനങ്ങളിലുള്ളവര്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും നല്ല ചുറ്റുപാടില്‍ നിന്ന് വന്നവരുമാണെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിരുന്നു.

രാഷ്ട്രപതിയുടെ മ്യാന്‍മര്‍ സന്ദര്‍ശനം: പട്ടാളനേതൃത്വത്തിന്റെ ജയം
2003ല്‍ പ്രസിഡന്റ് പ്രതിഭ പാട്ടീല്‍ നടത്തിയ മ്യാന്‍മര്‍ സന്ദര്‍ശനം അവിടുത്തെ പട്ടാളഭരണത്തിന്റെ മികച്ച നേട്ടമായിട്ടാണ് അമേരിക്ക കാണുന്നതെന്ന് വിക്കിലീക്‌സ് രേഖകള്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്രരംഗത്ത് കൂടുതല്‍ പ്രവര്‍ത്തിക്കാനും സമാധാനപാതയില്‍ സഞ്ചരിക്കാനും ആഗ്രഹിക്കുന്നുവെന്ന മ്യാന്‍മറിന്റെ പ്രഖ്യാപനം ശരിയായ ദിശയിലാണെന്ന് തെളിയിക്കാന്‍ മ്യാന്‍മറിന് കഴിഞ്ഞു.

16 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടായിരുന്നു ഏതെങ്കിലുമൊരു ഉയര്‍ന്ന പദവിയുള്ള ഇന്ത്യന്‍ നേതാവ് മ്യാന്‍മര്‍ സന്ദര്‍ശിച്ചത്. മ്യാന്‍മറിലെ സൈനികനിയന്ത്രണത്തിന് കീഴിലുള്ള സ്റ്റേറ്റ് പീസ് ആന്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ആയിരുന്നു ഇത്തരത്തിലൊരു നയതന്ത്രബന്ധത്തിന് ശ്രമിച്ചത്.

എന്നാല്‍ തന്റെ സന്ദര്‍ശനത്തിനിടയില്‍ ജനാധിപത്യ പോരാട്ടങ്ങളുടെ നായിക ആംങ് സാന്‍ സൂകിയെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ ഭാഗത്തുനിന്നും നീക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല. റങ്കൂണ്‍ യൂണിവേഴ്‌സിറ്റിയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ പ്രതീകാത്മകമായി അനാച്ഛാദനം ചെയ്യുമ്പോള്‍ ആ രാഷ്ട്രപിതാവിന്റെ മൂല്യങ്ങളെ മുറുകെപ്പിടിച്ച സൂകി വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു.

മൊഴിമാറ്റം: പി.വി സുരാജ്

‘പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് കേരളാ മാഫിയ’: വിക്കിലീക്‌സുമായി ദ ഹിന്ദു (ഒന്നാം ഭാഗം)

പണമെറിഞ്ഞു വീഴ്ത്തുന്ന ദക്ഷിണേന്ത്യന്‍ വോട്ട് (രണ്ടാം ഭാഗം)

വിശ്വാസവോട്ടിന് കോഴ: കോണ്‍ഗ്രസ് മുഖം വികൃതമാക്കി വിക്കിലീക്‌സ് (മൂന്നാം ഭാഗം)

പ്രണബ് മുഖര്‍ജി അമേരിക്കയ്ക്ക് അനഭിമതന്‍? (നാലാം ഭാഗം)

യു.എസ് ബന്ധം: ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ തുവല്‍പക്ഷികള്‍ (അ‍ഞ്ചാം ഭാഗം)

ഇന്ത്യന്‍ നയതതന്ത്രജ്ഞനെ നിരീക്ഷിക്കാന്‍ മറ്റൊരാള്‍!!! (ഭാഗം ആറ്)

സര്‍ദാരിക്ക് താല്‍പ്പര്യം മന്‍മോഹനെ; രാഹുലിനെ എഴുതിത്തള്ളാറായിട്ടില്ല (ഭാഗം: ഏഴ്)

നരേന്ദ്ര മോഡി ദേശീയ നേതാവായേക്കും; യു.എസ്സിന് ആശങ്ക (ഭാഗം: എട്ട്)

‘ കാരാട്ട് കഴിവുള്ള, സമര്‍ത്ഥനായ നേതാവ് ‘ (ഭാഗം: ഒമ്പത്)

ഹിന്ദു ദേശീയത അവസരവാദപരം: വിക്കിലീക്‌സ് (ഭാഗം: പത്ത്)

സഖ്യകക്ഷികളേക്കാള്‍ സോണിയക്ക് താല്‍പ്പര്യം ഇടതിനോട് (ഭാഗം: പതിനൊന്ന്)

Advertisement