ഇറാനെ ആക്രമിക്കാന്‍ പങ്കുചേരുന്നതിലൂടെ ബ്രിട്ടീഷുകാരുടെ ജീവനാണ് നിങ്ങള്‍ അപകടത്തിലാക്കുന്നത്; യു.കെയോട് അരാഗ്ചി
Iran US Conflict
ഇറാനെ ആക്രമിക്കാന്‍ പങ്കുചേരുന്നതിലൂടെ ബ്രിട്ടീഷുകാരുടെ ജീവനാണ് നിങ്ങള്‍ അപകടത്തിലാക്കുന്നത്; യു.കെയോട് അരാഗ്ചി
അനിത സി
Saturday, 21st March 2026, 4:11 pm

ടെഹ്‌റാന്‍: ഇറാനെ ആക്രമിക്കുന്നതിനായി യു.എസിനും ഇസ്രഈലിനും ബ്രിട്ടീഷ് താവളങ്ങള്‍ വിട്ടുനല്‍കുന്നതിലൂടെ ബ്രിട്ടന്‍ സ്വന്തം പൗരന്മാരുടെ ജീവനാണ് അപകടത്തിലാക്കുന്നതെന്ന മുന്നറിയിപ്പുമായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.

ഇറാനെതിരായ യുദ്ധത്തില്‍ യു.കെ പങ്കുചേരുന്നതിനെ ഭൂരിപക്ഷം ബ്രിട്ടീഷുകാരും എതിര്‍ക്കുന്നുണ്ടെന്നും അദ്ദേഹം യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറോടായി പറഞ്ഞു.

‘ഇറാനെതിരായ യു.എസ്, ഇസ്രഈല്‍ രാജ്യങ്ങളുടെ ആക്രമണത്തിനുള്ള തയ്യാറെടുപ്പിനെ ബ്രിട്ടീഷ് ജനതയിലെ ഭൂരിഭാഗവും അനുകൂലിക്കുന്നില്ല. സ്വന്തം ജനതയെ അവഗണിച്ചുകൊണ്ട് ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് യു.കെ താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിച്ചുകൊണ്ട് മിസ്റ്റര്‍ സ്റ്റാര്‍മര്‍ ബ്രിട്ടീഷുകാരുടെ ജീവന്‍ അപകടത്തിലാക്കുകയാണ്’, അരാഗ്ചി എക്‌സ് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

ഇറാന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം യു.കെയെ ഓര്‍മിപ്പിച്ചു. ‘യു.എന്‍ ചാര്‍ട്ടര്‍ 51 പ്രകാരം ഇറാന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശം അന്തര്‍ലീനമാണ്. ഇറാന്‍ അയല്‍രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുന്നു’, അരാഗ്ചി പറഞ്ഞു.

വെള്ളിയാഴ്ച ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി യെവെറ്റ് കൂപ്പറുമായി ഫോണിലൂടെ അരാഗ്ചി ചര്‍ച്ച നടത്തിയിരുന്ന. യു.കെയുടെ താവളങ്ങള്‍ യു.എസിന് വിട്ടുനല്‍കുന്നതിനെ അരാഗ്ചി ചര്‍ച്ചയ്ക്കിടെ വിമര്‍ശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും ആക്രമണത്തിലെ പങ്കാളിത്തമായി കണക്കാക്കും. ഇക്കാര്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും അരാഗ്ചി മുന്നറിയിപ്പ് നല്‍കി.

ഇറാനെതിരെ ആക്രമണം നടത്തുന്നവര്‍ക്ക് നല്‍കുന്ന പിന്തുണ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കും. സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കും. ഇറാനികള്‍ക്കെതിരായ പ്രവൃത്തികളെ ന്യായീകരിക്കുന്ന ടി.വി ചാനലുകള്‍ക്ക് വേദികള്‍ ഒരുക്കുന്നത് പോലും ശത്രുതാപ്രവര്‍ത്തനമായി കണക്കാക്കുമെന്നും ഇതില്‍ നിന്നും യു.കെ വിട്ടുനില്‍ക്കണമെന്നും അരാഗ്ചി പ്രതികരിച്ചു.

Content Highlight: You are putting British lives at risk by joining US -Israel forces to attack Iran: Araghchi to UK

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.