കെ.ജി.എഫ് ചാപ്റ്റര്‍ 2വിന് ശേഷം തെന്നിന്ത്യന്‍ താരം യഷ് പുതിയ പ്രൊജക്ടുകളൊന്നും പ്രഖ്യാപിച്ചിരുന്നില്ല. ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമക്ക് വേണ്ടി തന്നെയാണ് അദ്ദേഹം കാത്തിരിക്കുന്നത്. ബോളിവുഡില്‍ നിന്നും യഷിന് രണ്ട് വമ്പന്‍ ഓഫറുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര; പാര്‍ട്ട് ടു ദേവ്, രാഗേഷ് ഓം പ്രകാശ് മെഹ്‌റയുടെ കര്‍ണ എന്നീ ചിത്രങ്ങളില്‍ നായകനാവാന്‍ ഓഫറുകളുണ്ടെന്ന് യഷിനോടടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

‘പ്രേക്ഷകരുടെ പ്രതീക്ഷകള്‍ അദ്ദേഹത്തിന് നന്നായി അറിയാം. അതിനാല്‍ അവരെ നിരാശരാക്കണമെന്ന് യഷ് ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2വിന് ശേഷം മറ്റൊരു പ്രോജക്ട് പ്രഖ്യാപിക്കാന്‍ ഇത്രയധികം സമയമെടുക്കുന്നത്. എല്ലാ ഇന്‍ഡസ്ട്രികളില്‍ നിന്നും യഷിന് വലിയ ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ കെ.ജി.എഫ് 2 ഉയര്‍ത്തിയ പ്രതീക്ഷകളോട് നീതി പുലര്‍ത്തുന്ന, എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒന്നിന് വേണ്ടിയാണ് അദ്ദേഹം കാത്തിരിക്കുന്നത്.

കെ.ജി.എഫ് 2വിന് ശേഷം യഷുമായി വീണ്ടും ഒന്നിക്കാന്‍ എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റ് ആഗ്രഹിക്കുന്നുണ്ട്. മഹാഭാരതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന കര്‍ണ എന്ന ചിത്രത്തിന് വേണ്ടി സംവിധായകന്‍ രാഗേഷ് ഓംപ്രകാശ് മെഹ്രയുമായി പ്രൊഡക്ഷന്‍ ഹൗസുകളായ റോമ്പും എക്‌സലും കരാറിലേര്‍പ്പെട്ടിട്ടുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ റോളിലേക്ക് യഷിനെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് അവര്‍.

ഇതിന് പുറമേ ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗത്തിലേക്കും യഷിന് ഓഫര്‍ ലഭിച്ചിട്ടുണ്ട്. ദേവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് അദ്ദേഹത്തിന് ഓഫര്‍ ലഭിച്ചിരിക്കുന്നത്. യഷ് ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടില്ല. 2023 ജനുവരിയില്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു പ്രഖ്യാപനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ യഷിനോടടുത്ത കേന്ദ്രങ്ങള്‍ പറയുന്നു.

സെപ്റ്റംബര്‍ ഒമ്പതിന് തിയേറ്ററുകളിലെത്തിയ ബ്രഹ്മാസ്ത്ര; പാര്‍ട്ട് വണ്‍ ശിവ വലിയ വിജയമായിരുന്നു. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം ശിവ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ചിത്രത്തിന്റെ പല ഭാഗങ്ങളിലായി പരാമര്‍ശിക്കപ്പെട്ട ദേവ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും രണ്ടാം ഭാഗം ഒരുങ്ങുന്നത്. ദേവിനെ രണ്‍വീര്‍ സിങ്ങായിരിക്കും അവതരിപ്പിക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

Content Highlight: Yash has offers to star in two bollywood films including Brahmastra