പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രം എന്ന് കേൾക്കുമ്പോൾ ഷാഹി കബീർ എന്ന പേര് ഓർമ വരും വിധം അയാൾ തന്റെ പേര് മലയാള സിനിമയിൽ അടയാളപ്പെടുത്തിക്കഴിഞ്ഞു. ജോസഫിൽ തുടങ്ങി ഉന്മാദം വരെ എത്തിനിൽക്കുന്നു ഷാഹിയുടെ പോലീസ് കഥകൾ.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ സഹസംവിധായകനായിട്ടായിരുന്നു ഷാഹി കബീറിന്റെ സിനിമയിലേക്കുള്ള തുടക്കം. കേരള പൊലീസിലെ ജോലി ഉപേക്ഷിച്ചാണ് ഷാഹി കബീർ സിനിമാമേഖലയിലേക്ക് എത്തുന്നത്. ജോജു ജോർജിനെ നായകനാക്കി ജോസഫ് എന്ന തന്റെ ആദ്യ തിരക്കഥാ ചിത്രത്തിലൂടെ ഷാഹി മലയാള സിനിമയ്ക്ക് പുതിയൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അനുഭവം നൽകി.
പിന്നീട് കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ജോജു ജോർജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തിയ നായാട്ട് എന്ന സിനിമയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ഷാഹി നേടി.
പൊലീസ് ഇൻവെസ്റ്റിഗേഷൻ കഥകളാണ് ഷാഹിയുടെ സിനിമകൾ എല്ലാം തന്നെ. ഷാഹി കബീർ എഴുതി സംവിധാനം ചെയ്ത ഇലവീഴാപൂഞ്ചിറ, റോന്ത് എന്നീ ചിത്രങ്ങൾക്കു ശേഷം വരുന്ന ഷാഹിയുടെ മറ്റൊരു പൊലീസ് ചിത്രം ഉന്മാദം തിയേറ്ററുകളിൽ എത്തുമ്പോൾ, കുഞ്ചാക്കോ ബോബൻ, ലിജോമോൾ ജോസ് എന്നിവരുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.
ഷാഹി കബീർ . Photo: Reddit
തന്റെ പൊലീസ് ജീവിതത്തിലെ അനുഭവങ്ങൾ തന്നെയാണ് തന്റെ സിനിമകൾക്കുള്ള പ്രചോദനം എന്ന് ഷാഹി കബീർ പറഞ്ഞിട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ പൊലീസുകാർ നേരിടുന്ന പ്രതിസന്ധികളും അവർ അനുഭവിക്കുന്ന മാനസികസമ്മർദ്ദങ്ങളും അതേ തീവ്രതയിൽ പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ ഷാഹി കബീർ വിജയിച്ചുകഴിഞ്ഞു.
ഷാഹിയുടെ കഥകൾ മാത്രമല്ല, കഥയിലെ കഥാപാത്രങ്ങളും പ്രേക്ഷകമനസിനെ വേട്ടയാടാറുണ്ട്. സിനിമ അവസാനിച്ചാലും പ്രേക്ഷകനെ വിട്ടുപോകാത്ത കഥാപാത്രങ്ങൾ ഷാഹിയുടെ സിനിമകൾ പ്രേക്ഷകന് സമ്മാനിക്കുന്നു.
മലയാളി പ്രേക്ഷകർ അതുവരെ കാണാത്ത ജോജു ജോർജിനെയാണ് ഷാഹി ജോസഫിലൂടെ അവതരിപ്പിച്ചത്. ജോജു ജോർജ് എന്ന നടന്റെ അഭിനയതലങ്ങൾ മലയാളികൾ കണ്ടത് ജോസഫിലൂടെയായിരുന്നു. കുഞ്ചാക്കോ ബോബൻ എന്ന നടന്റെ അഭിനയമികവ് പുറത്തെടുക്കാനും ഷാഹി കബീറിന് സാധിച്ചു.
കുഞ്ചാക്കോ ബോബൻ. ഉന്മാദം. Photo; Screengrab/Youtube
നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി, ഇപ്പോൾ ഉന്മാദം തുടങ്ങിയ ചിത്രങ്ങളിലൂടെ ‘പ്രേക്ഷകപ്രിയതാരം ചാക്കോച്ചൻ’ എന്ന നിലയിൽനിന്നും ‘കുഞ്ചാക്കോ ബോബൻ’ എന്ന നടനിലേക്ക് ഷാഹി അയാളെ മാറ്റിയിരിക്കുന്നു. ഷാഹി ചിത്രങ്ങളിലൂടെ, അയാളുടെ കഥാപാത്രങ്ങളിലൂടെ അഭിനേതാക്കൾ തങ്ങളിലെ അഭിനേതാവിന്റെ മറ്റു തലങ്ങൾ കണ്ടെത്തുകയാണ്. ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രങ്ങൾക്കുമപ്പുറം, ഒരു പോലീസുകാരന്റെ പച്ചയായ ജീവിതം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ഷാഹി തന്റെ സിനിമകളിലൂടെ ശ്രമിച്ചിട്ടുള്ളത്.
സാധാരണ ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങളിൽ കാണുന്ന ത്രില്ലടിപ്പിക്കുന്ന സസ്‌പെൻസ് നിമിഷങ്ങളോ സിനിമാറ്റിക് എലവേഷനുകളോ ഷാഹി ചിത്രങ്ങളിൽ കണ്ടെത്താനാവില്ല. പോലീസ് ജോലിയെ റൊമാന്റിസൈസ് ചെയ്യാതെ റോ ആയുള്ള പോലീസുകാരുടെ ജീവിതമാണ് ഷാഹി ചിത്രങ്ങളിൽ കാണാനാകുക.
എഴുത്തിലെ മികവിനുമപ്പുറം ഷാഹി കബീറിന്റെ ചിത്രങ്ങളിലെ പൊളിറ്റിക്സും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യ ചിത്രമായ ജോസഫ് കേരളത്തിലെ ആരോഗ്യമേഖലയിലെ അവയവദാനത്തെ ചോദ്യം ചെയ്യുകയും അവയവദാനത്തിന് സന്നദ്ധരാകുന്നവരെ അതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതുമായിരുന്നു ചിത്രത്തിന്റെ ഉള്ളടക്കംഎന്ന് വിമർശനം ഉയർന്നിരുന്നു.
നായാട്ടിൽ ദളിത് വ്യക്തികളെ ക്രിമിനൽ പശ്ചാത്തലമുള്ളവരായി ചിത്രീകരിക്കുന്നു എന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. ഇങ്ങനെ ഷാഹി ചിത്രങ്ങളുടെ മികവിനൊപ്പം തന്നെ ചിത്രങ്ങൾ പറഞ്ഞുവെക്കുന്ന രാഷ്ട്രീയവും പ്രേക്ഷകർ ചർച്ചയാക്കുന്നുണ്ട്.
Content Highlight: Writer and director Shahi Kabir movie analysis