ലങ്കന്‍ താരവുമായുള്ള കയ്യാങ്കളിയില്‍ വൈഭവിന് വിലക്കുണ്ടാകുമോ? നിയമമിങ്ങനെ...
Cricket
ലങ്കന്‍ താരവുമായുള്ള കയ്യാങ്കളിയില്‍ വൈഭവിന് വിലക്കുണ്ടാകുമോ? നിയമമിങ്ങനെ...
ഫസീഹ പി.സി.
Tuesday, 16th June 2026, 2:01 pm

ഇന്ത്യയുടെ ത്രിരാഷ്ട്ര പരമ്പരയിലെ ഇന്ത്യ എ – ശ്രീലങ്ക എ മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിയും ലങ്കന്‍ താരം വിഷന്‍ ഹലംബാഗെയും തമ്മില്‍ കൊമ്പുകോര്‍ക്കുന്ന കാഴ്ചക്കാണ് ആരാധകര്‍ സാക്ഷിയായത്.

മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ വിജയം സ്വന്തമാക്കിയ ശ്രീലങ്കയുടെ വിജയാഘോഷത്തിനിടെയായിരുന്നു സംഭവം. സൂപ്പര്‍ ഓവറില്‍ ശ്രീലങ്കയുയര്‍ത്തിയ 17 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒമ്പത് റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.

വൈഭവ് ആറ് റണ്‍സ് നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാന്‍ സാധിച്ചില്ല. ലങ്കന്‍ താരങ്ങള്‍ വിജയമോഘോഷിക്കുമ്പോള്‍ 15കാരന്‍ തിരികെ നടക്കുകയായിരുന്നു. എന്നാല്‍, പെട്ടെന്ന് താരം ലങ്കന്‍ ബൗളര്‍ മാതുലന് നേരെ തിരിഞ്ഞു. പിന്നാലെ രംഗം ശാന്തമാക്കാനെത്തിയ വിഷന്‍ ഹലംബാഗെയെ വൈഭവ് കൈകൊണ്ട് തള്ളി മാറ്റി.

ഹലംബാഗെയും തിരിച്ചുതള്ളാന്‍ ശ്രമിച്ചു. പിന്നാലെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകതെ സീനിയര്‍ താരം നിരോഷന്‍ ഡിക്ക്വെല്ല ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. വൈഭവിനെതിരെ ഈ സംഭവത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകുമോ എന്ന ചോദ്യമുയരുന്നുണ്ട്. മാച്ച് റഫറി പ്രദീപ് ജയപ്രകാശ് ഇതില്‍ നടപടിയെടുക്കുമോയെന്നും ഇത്തരം സാഹചര്യങ്ങളില്‍ ഐ.സി.സിയുടെ പെരുമാറ്റച്ചട്ടത്തില്‍ എന്തെല്ലാമുണ്ടെന്നും സജീവ ചര്‍ച്ചയാണ്.

വൈഭവ് വാക്ക് തകര്‍ക്കത്തിലേര്‍പ്പെട്ട സംഭവം ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.12 പരിധിയിലാണ് വരുന്നത്. ഒരു അന്താരാഷ്ട്ര മത്സരത്തിനിടയില്‍ കളിക്കാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, അമ്പയര്‍മാര്‍, മാച്ച് റഫറി അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തികളുമായി ‘അനുചിതമായ ശാരീരിക സമ്പര്‍ക്കം’ പുലര്‍ത്തുന്നതിനെക്കുറിച്ചാണ് ആര്‍ട്ടിക്കിള്‍.

ഈ ആര്‍ട്ടിക്കിള്‍ പ്രകാരം മനപൂര്‍വമോ, അശ്രദ്ധമായോ, അല്ലെങ്കില്‍ അലക്ഷ്യമായോ മറ്റൊരാളുടെ ശരീരത്തില്‍ തട്ടുകയോ, കൂട്ടിയിടിക്കുകയോ, തോളുരസുകയോ ചെയ്യുന്നത് കുറ്റകരമാണ്. എന്നാല്‍, കുറ്റത്തിന്റെ തോത് നിര്‍ണയിക്കുമ്പോള്‍ സംഭവം നടന്ന സാഹചര്യം, സമ്പര്‍ക്കത്തിന്റെ (contact) തീവ്രത, എതിര്‍വശത്തുള്ള വ്യക്തിക്ക് എന്തെങ്കിലും പരിക്കുകളുണ്ടോ, എതിര്‍വശത്തുനേടിരുന്ന വ്യക്തി ആരാണ് എന്നിവ പരിഗണിക്കാറുണ്ട്.

കുറ്റം തെളിഞ്ഞാല്‍ പെരുമാറ്റച്ചട്ടം ലംഘിച്ച താരത്തിന് നേരെ നടപടി എടുത്തേക്കും. ആര്‍ട്ടിക്കിള്‍ 2.12ന്റെ ലംഘനം ലെവല്‍ 1 കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. എന്നാല്‍, കുറ്റത്തിന്റെ ഗൗരവത്തിന് അനുസരിച്ചാണ് ശിക്ഷ നടപടികളുണ്ടാവുക.

മാച്ച് ഫീയുടെ 50 ശതമാനം പിഴ, ഒന്നോ രണ്ടോ ഡി മെറിറ്റ് പോയിന്റുകള്‍, ഔദ്യോഗിക ശാസന എന്നിവയാണ് ശിക്ഷകള്‍. ഒരു മാസത്തിനുള്ളതില്‍ നാല് ഡി മെറിറ്റ് പോയിന്റ് നേടിയാല്‍ മാത്രമാണ് കളിക്കാരന് വിലക്ക് നേരിടേണ്ടി വരിക.

അതേസമയം, ഈ സംഭവത്തില്‍ വൈഭവിനെതിരെ മാച്ച് റഫറി പ്രദീപ് ജയപ്രകാശ് എന്ത് നടപടിയെടുക്കുമെന്നത് വ്യക്തമല്ല. റഫറി ഔദ്യോഗിക നടപടികള്‍ സ്വീകരിക്കുമോ അതോ ഒരു വാര്‍ണിങ് മാത്രം നല്‍കുമോ എന്ന് കാത്തിരുന്ന് കണ്ടേണ്ടി വരും.

Content Highlight: Will Vaibhav Sooryavanshi face ICC action for heated exchange with Sri Lankan player? What the Code of Conduct says

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.