ന്യൂദല്‍ഹി: റഫാലിലെ രേഖകള്‍ മോഷണം പോയെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പ്രസക്തമല്ലെന്ന് സുപ്രീംകോടതി. ആവശ്യമെങ്കില്‍ മോഷ്ടിക്കപ്പെട്ട രേഖകളും കോടതിയില്‍ പ്രസക്തമാണെന്നും അത് പരിശോധിക്കാന്‍ കോടതിക്കാവുമെന്നും ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു.

റഫാല്‍ കരാറുമായി ബന്ധപ്പെട്ട് “ദ ഹിന്ദു” പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയതാണെന്നും ഇത് ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ALSO READ: തെളിവ് ചോദിക്കുന്നത് രാജ്യദ്രോഹമാകുന്നതെങ്ങനെ; തീവ്രവാദികളുടെ മൃതദേഹങ്ങള്‍ ഞങ്ങളെ കാണിക്കൂ: കൊല്ലപ്പെട്ട ജവാന്‍മാരുടെ ബന്ധുക്കള്‍

റഫേല്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷണടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടവയാണെന്ന് അറിയിച്ചത്.

പ്രതിരോധ മന്ത്രാലയത്തിലെ നിലവിലുള്ളതോ മുന്‍പുണ്ടായിരുന്നതോ ആയ ജീവനക്കാരാരോ മോഷ്ടിച്ചതാണ് പുറത്തു വന്ന രേഖകള്‍. എങ്ങനെയാണ് രേഖകള്‍ മോഷണം പോയതെന്ന് അന്വേഷിച്ചു വരികയാണ്. ഇത് ഒരു ക്രമിനല്‍ കുറ്റമാണ്. രഹസ്യ രേഖകള്‍ ഹര്‍ജിക്കൊപ്പം പരിശോധിക്കാന്‍ പാടുള്ളതല്ലെന്നും എ.ജി വാദിച്ചു.

ALSO READ: അഴിമതിയുടെ, കുറ്റകൃത്യങ്ങളുടെ ചോദ്യമുയരുമ്പോള്‍ നിങ്ങള്‍ ദേശസുരക്ഷയുടെ പേര് പറഞ്ഞ് രക്ഷപ്പെടുകയാണോ? കേന്ദ്രസര്‍ക്കാറിനോട് സുപ്രീം കോടതി

എന്നാല്‍ മോഷ്ടിക്കപ്പെട്ട തെളിവുകളാണെങ്കിലും കോടതിയ്ക്ക് പരിഗണിക്കാമെന്നായിരുന്നു കെ.എം ജോസഫിന്റെ മറുപടി. അത് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അഴിമതി നടത്തിയതിന് ശേഷം സര്‍ക്കാരിന് ഔദ്യോഗിക രഹസ്യ നിയമം മറയാക്കാനാവില്ലെന്നും കെ.എം ജോസഫ് പറഞ്ഞു.

WATCH THIS VIDEO: