തെളിവ് ചോദിക്കുന്നത് രാജ്യദ്രോഹമാകുന്നതെങ്ങനെ; തീവ്രവാദികളുടെ മൃതദേഹങ്ങള്‍ ഞങ്ങളെ കാണിക്കൂ: കൊല്ലപ്പെട്ട ജവാന്‍മാരുടെ ബന്ധുക്കള്‍
national news
തെളിവ് ചോദിക്കുന്നത് രാജ്യദ്രോഹമാകുന്നതെങ്ങനെ; തീവ്രവാദികളുടെ മൃതദേഹങ്ങള്‍ ഞങ്ങളെ കാണിക്കൂ: കൊല്ലപ്പെട്ട ജവാന്‍മാരുടെ ബന്ധുക്കള്‍
ന്യൂസ് ഡെസ്‌ക്
Wednesday, 6th March 2019, 3:46 pm

ഷാംലി(മെയിന്‍പുരി): പാക് അധീന കാശ്മീരായ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹങ്ങള്‍ തങ്ങള്‍ക്ക് കാണണണെന്ന് ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഷാംലി സ്വദേശിയായ പ്രദീപ് കുമാറിന്റേയും മെയിന്‍പുരി സ്വദേശിയായ രാം വക്കീലിന്റേയും ബന്ധുക്കളാണ് ഇത്തരമൊരു ആവശ്യവുമായി മുന്നോട്ടു വന്നത്.

മരണസംഖ്യയുമായി ബന്ധപ്പെട്ടുള്ള വാഗ്വാദങ്ങള്‍ക്കിടെയാണ് കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹങ്ങള്‍ തങ്ങള്‍ക്ക് കാണണമെന്ന ആവശ്യവുമായി ജവാന്‍മാരുടെ ബന്ധുക്കള്‍ രംഗത്തെത്തിയത്. വ്യോമാക്രമണത്തിന്റെ കൃത്യമായ തെളിവ് ചോദിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന സമീപനത്തെ തങ്ങള്‍ എതിര്‍ക്കുന്നെന്നും ഇവര്‍ പറഞ്ഞു.

“” പുല്‍വാമയില്‍ ഞങ്ങളുടെ എല്ലാമായിരുന്നവരുടെ കയ്യും കാലും തലയുമെല്ലാം അറ്റനിലയിലും ചിന്നിച്ചിതറിയ നിലയിലുമാണ് കണ്ടത്. അത് ചെയ്തവര്‍ക്കും അതേഗതി തന്നെ ഉണ്ടായെന്ന് പറയുന്നു. അത് ഞങ്ങള്‍ക്ക് കാണണം. പ്രത്യാക്രമണം നടന്നിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്. എവിടെയാണ് അത് നടന്നത്? എന്തെങ്കിലും തെളിവുണ്ടോ? തെളിവില്ലാതെ എങ്ങനെ ഞങ്ങള്‍ അത് വിശ്വസിക്കും? പാക്കിസ്ഥാന്‍ പറയുന്നു. ആക്രമണത്തില്‍ ഒരു നഷ്ടവും അവര്‍ക്ക് സംഭവിച്ചിട്ടില്ലെന്ന്. അപ്പോള്‍ പിന്നെ ഒരു തെളിവുപോലും ഇല്ലാതെ നടത്തുന്ന ഈ പ്രസ്താവനകളെ എങ്ങനെ വിശ്വസിക്കും.-പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന് രാം വക്കീലിന്റെ സഹോദരി രാം രക്ഷ ചോദിക്കുന്നു.

ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്ത ആ വാര്‍ത്തയും വ്യാജം; പാക് പൈലറ്റിനെ തല്ലിക്കൊന്നെന്നത് വ്യാജ വാര്‍ത്ത

തെളിവ് കാണിക്കൂ..എന്നാല്‍ മാത്രമേ ഞങ്ങള്‍ക്ക് സമാധാനമാകു. എന്റെ സഹോദരന്റെ ജീവത്യാഗത്തിന് പകരം വീട്ടി എന്ന സമാധനമെങ്കിലും ഉണ്ടാകും. “”- അവര്‍ പറഞ്ഞു.

കൊല്ലപ്പെട്ട സൈനികന്‍ പ്രദീപ് കുമാറിന്റെ അമ്മ സുലേലതയും ഇതേ ആവശ്യം ഉന്നയിച്ചു. “” ഞാന്‍ സംതൃപ്തരല്ല. ഒരുപാട് മക്കളുടെ ജീവന്‍ നഷ്ടമായി. എന്നാല്‍ മറുഭാഗത്ത് ആരും കൊല്ലപ്പെട്ടത് ഞങ്ങള്‍ കണ്ടില്ല. കൃത്യമായ ഒരു വാര്‍ത്തയും കണ്ടില്ല. ഞങ്ങളുടെ മക്കള്‍ ജീവനറ്റ് കിടക്കുന്നത് ടിവിയിലൂടെ കാണേണ്ടി വന്നു. അതുപോലെ തീവ്രവാദികളുടെ മൃതദേഹവും ഞങ്ങള്‍ക്ക് കാണണം. അവരും ഇതുപോലെ മരിച്ചുകിടക്കുന്ന ദൃശ്യങ്ങള്‍ ടിവിയില്‍ കാണണം.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായ ബാലാകോട്ടില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 300 ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ബി.ജെ.പി പ്രചരിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന ഒന്നും നല്‍കാന്‍ കേന്ദ്രനേതൃത്വത്തിനോ ബി.ജെ.പിക്കോ ആയിരുന്നില്ല. മാത്രമല്ല ഇതിനിടെ വ്യോമസേന ഉന്നംവെച്ച ജെയ്‌ഷെ മദ്രസകള്‍ യാതൊരു കേടുപാടും കൂടാതെ ഇരിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ പുറത്തുവിടുകയും ചെയ്തിരുന്നു.