ഓണം റിലീസുകളുടെ കൂട്ടത്തിൽ വലിയ പ്രതീക്ഷയോടെ ഒരുമിച്ച് തിയറ്ററുകളിലെത്തിയ ചിത്രങ്ങളായിരുന്നു നിവിൻ പോളിയുടെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റും പൃഥ്വിരാജ് സുകുമാരന്റെ ഖലീഫയും. ഇരുതാരങ്ങൾക്കും വലിയ ഫാൻ ബേസും ചിത്രങ്ങൾക്ക് അതിന്റേതായ ഹൈപ്പും ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ വൻ ഹൈപ്പിൽ എത്തിയ ചിത്രമായിരുന്നു പൃഥ്വിരാജിന്റെ ആക്ഷൻ പടമായ ഖലീഫ.
എന്നാൽ ചിത്രത്തിന് തിയേറ്ററുകളിൽ പ്രതീക്ഷിച്ച അത്ര വിജയം കൈവരിക്കാൻ സാധിച്ചില്ല. എന്നാൽ നിവിൻ പോളിയും മമിത ബൈജുവും ഒന്നിച്ചെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ചരിത്ര വിജയം നേടിക്കൊണ്ട് ഇപ്പോഴും തിയേറ്ററുകളിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറികൊണ്ടിരിക്കുകയാണ്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. IMDb
ഓഗസ്റ്റ് 20ന് ഓണം റിലീസായാണ് ഇരു ചിത്രങ്ങളും എത്തിയത്. വൈശാഖ് സംവിധാനം ചെയ്ത ‘ഖലീഫ’യിൽ പൃഥ്വിരാജിനൊപ്പം നീൽ നിതിൻ മുകേഷ്, മാളവിക ശർമ, ഷമ്മി തിലകൻ, ഇന്ദ്രൻസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. മോഹൻലാൽ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവർ അതിഥി വേഷങ്ങളിലെത്തിയതും ചിത്രത്തിന്റെ ഹൈപ്പ് ഉയർത്തിയ ഘടകങ്ങളായിരുന്നു. എന്നാൽ തിയറ്ററിലെത്തിയപ്പോൾ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. 35 ദിവസം പിന്നിടുമ്പോൾ ചിത്രത്തിന് ഇതുവരെ കേരളത്തിൽ നിന്ന് 22 കോടിക്കടുത്ത് മാത്രമേ നേടാൻ സാധിച്ചിട്ടുള്ളു.
അതേസമയം, വലിയ ആക്ഷൻ സ്കെയിലോ വമ്പൻ താരനിരയോ മുന്നിൽ നിർത്തിയായിരുന്നില്ല ഗിരീഷ് എ.ഡി.യുടെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എത്തിയത്. നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം കുടുംബബന്ധങ്ങളും പ്രണയവും സൗഹൃദവും ചേർന്ന ഒരു ഫീൽ ഗുഡ് അനുഭവമായാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രത്തിലെ ജസ്റ്റിനും ആഷ്‌ലിയും ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി. ചിത്രം ഇതുവരെ കേരളത്തിൽ നിന്നും മാത്രം 151 കോടിയാണ് നേടിയത്.

ഖലീഫ. Photo. IMDb
എന്നാൽ ‘ഖലീഫ’യുടെ പ്രദർശനം അവസാനിച്ചെങ്കിലും ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ പുതിയ റെക്കോർഡുകളിലേക്ക് ഇപ്പോഴും നീങ്ങികൊണ്ടിരിക്കുകയാണ്. 24 ദിവസം കൊണ്ട് ചിത്രം 300 കോടി ക്ലബ്ബിലെത്തുകയും ‘ലോക’യുടെ റെക്കോർഡ് മറികടന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി മാറുകയും ചെയ്തു. ചിത്രം ഇതുവരെ 324 കോടി ആഗോള ഗ്രോസ് നേടിയിട്ടുണ്ട്. ഇതോടെ ‘ജാനനായകൻ’ നേടിയ 323.95 കോടിയെ മറികടന്നു എന്ന പ്രതേകതയും ചിത്രത്തിനുണ്ട്. ഇതോടെ ചിത്രം ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ സൗത്ത് ഇന്ത്യൻ മൂവിയാണെന്നാണ് റിപ്പോർട്ട്.
പൃഥ്വിരാജിന്റെ ഓണച്ചിത്രമായ ‘ഖലീഫ’യ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ മറ്റൊരു റിലീസും തിയറ്ററിലെത്തി. മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത ദായ്റയിൽ കരീന കപൂറിനൊപ്പമാണ് പൃഥ്വിരാജ് എത്തിയത്. സെപ്റ്റംബർ 18ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച താരനിരയും സംവിധായികയുടെ പേരും വലിയ പ്രതീക്ഷ നൽകിയെങ്കിലും ബോക്സ് ഓഫീസിൽ ആ പ്രതീക്ഷയ്ക്കൊത്ത തുടക്കം ലഭിച്ചില്ല. ആദ്യ വാരത്തിൽ ഇന്ത്യയിൽ ചിത്രം ഏകദേശം 5.24 കോടി നെറ്റ് നേടിയെന്നാണ് ബോളിവുഡ് ഹംഗാമയുടെ കണക്കു പ്രകാരം പറയുന്നത്.

ദായ്റ. Photo. IMDb
അതിനിടെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയറ്ററുകളിൽ ഒരു മാസം പിന്നിട്ടിട്ടും പ്രേക്ഷകരെ നേടുകയാണ്. 32-ാം ദിവസം പോലും ചിത്രം ഇന്ത്യയിൽ 1.21 കോടി നെറ്റ് നേടിയതായി റിപ്പോർട്ടുണ്ട്. ലോകമെമ്പാടുമുള്ള കളക്ഷൻ 32 ദിവസം പിന്നിടുമ്പോൾ 324 കോടി ആയി ഉയർന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ജൂലൈയിൽ എത്തിയ പൃഥ്വിരാജിന്റെ ‘ഐ നോബഡി’ക്ക് പിന്നാലെ ഓണത്തിന് ‘ഖലീഫ’യും പിന്നീട് ‘ദായ്റ’യും എത്തിയതോടെ താരത്തിന്റെ തുടർച്ചയായ റിലീസുകളുടെ ബോക്സ് ഓഫീസ് പ്രകടനവും ചർച്ചയാകുകയാണ്. എന്നാൽ അതേ ഓണക്കാലത്ത് നിവിൻ പോളിയുടെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആരംഭിച്ച യാത്ര ഇപ്പോൾ മലയാള സിനിമയിലെ തന്നെ ശ്രദ്ധേയമായ വിജയകഥയായി മാറിയിരിക്കുന്നു.
Content Highlight: While Prithviraj’s two films exit theatres, Nivin Pauly’s ‘Bethlehem Kudumba Unit’ continues its theatrical run
