പത്താമത് കൈരളി ഡോക്ടേഴ്‌സ് പുരസ്‌കാര വേദിയില്‍ തന്റെ അസുഖത്തെ കുറിച്ച് തുറന്ന് സംസാരിച്ച് നടന്‍ മമ്മൂട്ടി. താന്‍ കുറെക്കാലം രോഗിയായിരുന്നുവെന്നും, അക്കാലത്ത് ഡോക്ടര്‍മാരും നഴ്‌സുമാരും നല്‍കിയ ശുശ്രൂഷയും സ്‌നേഹവും തനിക്ക് ഒരിക്കലും മറക്കാനാവില്ലെന്നും മമ്മൂട്ടി പറയുന്നു. ഒരു പ്രമുഖനായത് കൊണ്ടുമാത്രമല്ല അവര്‍ തന്നെ നന്നായി പരിചരിച്ചതെന്നും രോഗികളെ പേടിപ്പിക്കാതെ അവര്‍ക്ക് മാനസികമായ ധൈര്യം നല്‍കുന്നതില്‍ ഡോക്ടര്‍മാര്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
‘ഞാന്‍ കുറെകാലത്തേക്ക് ഒരു രോഗിയായിരുന്നു. രോഗമുക്തനാണെന്നാണ് എന്റെ വിശ്വാസം. ആ സമയത്ത് എനിക്ക് ലഭിച്ച ചികിത്സയും ഡോക്ടര്‍മാരും മറ്റു നഴ്‌സുമാരും പരിചാരകരുമൊക്കെ എന്നെ ശുശ്രൂഷിച്ചതും ഞാന്‍ ഓര്‍ക്കുകയാണ്. അത് ഞാന്‍ ഒരു പ്രമുഖനായതുകൊണ്ട് മാത്രമായിരുന്നില്ല.
എന്റെ രോഗത്തിന്റെ വലിപ്പം ഒന്നും അവര്‍ അത്രത്തോളം എന്നോടും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു വലിപ്പം ഉണ്ടായിരുന്നില്ല എന്നാണ് എന്റെ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത്. പക്ഷെ ചികിത്സിക്കണം. അത്ര നല്ലതല്ലാത്ത ഒരു രോഗം നമ്മുടെ ശരീരത്തിനെ ബാധിക്കുമ്പോള്‍ നമുക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ട്. അത് ആദ്യകാലത്ത് ഉണ്ടാകും. പിന്നെ നമ്മള്‍ അത് ഉള്‍ക്കൊള്ളും.
മമ്മൂട്ടി photo: Facebook
അതില്‍ എനിക്ക് പ്രധാനമായും പറയാനുള്ളത് ഡോക്ടര്‍മാരും രോഗികളുമായിട്ടുള്ള ബന്ധമാണ്. ഒരു ഡോക്ടറും എന്നോട് ഒരു സങ്കടമായോ അല്ലെങ്കില്‍ നെഗറ്റീവ് ആയിട്ടോ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.
കേള്‍ക്കുമ്പോള്‍ പേടി തോന്നുന്ന, പേരുകൊണ്ട് പേടിപ്പിക്കുന്ന അസുഖമാണെങ്കിലും അവരെന്നെ ഒന്നും പറഞ്ഞു പേടിപ്പിച്ചിട്ടില്ല. ഞാന്‍ രോഗി എന്ന നിലയിലാണ് ഇത് പറയുന്നത്.
ഡോക്ടര്‍മാര്‍ ദൈവത്തിന് ഏറ്റവും അടുത്തുനില്‍ക്കുന്നവരാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു. രോഗത്തിന്റെ അവസാന ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ പോലും ‘പ്രാര്‍ത്ഥിക്കാന്‍’ പറയുമ്പോള്‍, ഡോക്ടര്‍ക്ക് ശേഷമാണ് നമ്മള്‍ ദൈവത്തെ പ്രതിഷ്ഠിക്കുന്നത്.
അതുകൊണ്ട് തന്നെ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന പുരസ്‌കാരം ഒരു അവാര്‍ഡായല്ല, മറിച്ച് ഡോക്ടര്‍മാരെ കാണപ്പെടുന്ന ദൈവങ്ങളായി കണക്കാക്കി അവര്‍ക്ക് നല്‍കുന്ന ഒരു നിവേദ്യമോ പ്രാര്‍ത്ഥനയോ ഒക്കെ ആയിട്ടാണ് അതിനെ കാണേണ്ടത്,’ മമ്മൂട്ടി പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ടി.കെ. ജയകുമാറിനെ മമ്മൂട്ടി പരിപാടിയില്‍ പ്രത്യേകം അഭിനന്ദിച്ചു.
മമ്മൂട്ടി photo: Facebook
ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ച മനുഷ്യന്റെ ആയുസ്സ് വര്‍ദ്ധിപ്പിച്ചെന്നും സ്വാതന്ത്ര്യകാലത്ത് 40-45 വയസ്സായിരുന്ന ഇന്ത്യയിലെ ശരാശരി ആയുസ്സ് (Longevity) ഇന്ന് 70-80 വയസ്സിലേക്ക് എത്തിയത് വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ച കൊണ്ടുമാത്രമാണെന്നും മമ്മൂട്ടി പരിപാടിയില്‍ പറഞ്ഞു.
ഓരോരുത്തരുടെയും തൊഴിലിനോടുള്ള അര്‍പ്പണബോധത്തെ കുറിച്ച് സംസാരിക്കവേ തന്റെ അഭിനയത്തെ ഡോക്ടര്‍മാരുടെ തൊഴിലുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു മമ്മൂട്ടി സംസാരിച്ചത്. അഭിനയം തന്റെ ജോലിയായതുകൊണ്ട് ആരും പറയാതെ തന്നെ താന്‍ അത് ഭംഗിയായി ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അതുപോലെ തന്നെയാണ് ഭൂരിഭാഗം ഡോക്ടര്‍മാരും. ചികിത്സിക്കുക എന്നത് അവരുടെ കടമയാണ്. ഒരു സര്‍ജന് ശസ്ത്രക്രിയ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ആനന്ദം വലുതാണ്,’ മമ്മൂട്ടി പറഞ്ഞു.
Content Highlight: When I was ill, not a single doctor spoke to me with negatively says Mammootty
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.