ബെത്ലഹേം കുടുംബ യൂണിറ്റ് ഒ.ടി.ടി റിലീസ് ആയതോടെ വീണ്ടും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് സിനിമയിലെ പാട്ടുകള്‍. ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചത് വിഷ്ണു വിജയ് ആണ്. 330 കോടിയോളം ആഗോള കളക്ഷന്‍ നേടിയ ചിത്രം ഇന്നലെയാണ് ഒ.ടി.ടി റിലീസ് ആയത്. ഇപ്പോഴിതാ ഗംഭീര പ്രതികരണമാണ് ഒ.ടി.ടിയിലും സിനിമക്ക് ലഭിക്കുന്നത്.

ഗിരീഷ് എ.ഡിയുടെ സിനിമകളിലെല്ലാം മ്യൂസിക്കല്‍ സ്‌പെയ്‌സ് ഉണ്ടെന്ന് പറയുകയാണ് വിഷ്ണു വിജയ്. ഗിരീഷിന്റെ പ്രേമലുവിലും വിഷ്ണു തന്നെയായിരുന്നു സംഗീതം ചെയ്തത്. രണ്ട് ചിത്രങ്ങളിലെയും പാട്ടുകള്‍ സൂപ്പര്‍ഹിറ്റ് ആയിരുന്നു. ദി ക്യൂവിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് രണ്ട് സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ വിഷ്ണു പങ്കുവച്ചത്.

‘ഗിരീഷിന്റെ ഞാന്‍ ചെയ്ത സിനിമകളാണെങ്കിലും ജസ്റ്റിന്‍ വര്‍ഗീസ് ചെയ്ത സിനിമകളാണെങ്കിലും സ്‌ക്രിപ്റ്റില്‍ ഹൈലി മ്യൂസിക്കിനൊരു സ്‌പെയ്‌സ് ഉണ്ട്. പ്രേമലുവിലെ പോലെ ലൗഡ് മ്യൂസിക് ബെത്ലഹേമില്‍ വേണ്ടെന്നും പകരം ഒതുക്കം ഉള്ളതു പോലെ കുറച്ച് ആഴത്തില്‍ മ്യൂസിക് വയ്ക്കാം എന്നായിരുന്നു തീരുമാനിച്ചത്. ഇടയില്‍ വേണ്ടിടത്ത് മാത്രം ലൗഡ് ആക്കാം. അങ്ങനെ ഒരു ഐഡിയയിലാണ് ബെത്ലഹേമിലെ പാട്ടുകളില്‍ വര്‍ക്ക് ചെയ്തത്.’ വിഷ്ണു പറഞ്ഞു.

പ്രേമലു തനിക്ക് വളരെ പ്രധാനപ്പെട്ട സിനിമയാണെന്നും സിനിമയിലെ ‘ചലോ ഹൈദരാബാദ് ‘,’ഹാര്‍ട്‌ബ്രേക്ക് ‘ തുടങ്ങിയ ട്രാക്കുകള്‍ തന്റെയും പേഴ്‌സണല്‍ ഫേവറൈറ്റ്‌സ് ആണെന്നും വിഷ്ണു വിജയ് പറഞ്ഞു പാട്ടുകളില്‍ ഫ്‌ലൂട്ട് ഉപയോഗിക്കാന്‍ ധൈര്യം തന്നത് പ്രേമലു ആണെന്നും ഗിരീഷ് അതിനു തന്നെ പ്രോത്സാഹിപ്പിച്ചുവെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. കമ്പോസര്‍ ആയിട്ട് അറിയപ്പെടുന്നതില്‍ ഹാപ്പിയാണെങ്കിലും ഫ്‌ലോട്ടിസ്റ്റ് ആയിട്ട് അറിയപ്പെടുമ്പോഴാണ് കൂടുതല്‍ ഹാപ്പിയാവാറുള്ളതെന്നും വിഷ്ണു പറഞ്ഞു.

ഗപ്പി എന്ന സിനിമയിലൂടെയാണ് വിഷ്ണു വിജയ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കി. പിന്നീട് അമ്പിളി , തല്ലുമാല , സുലൈഖ മന്‍സില്‍ , ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളിലും സംഗീതം ചെയ്തു. വിഷ്ണുവിന്റെ ആരാധികേ , നെഞ്ചകമേ , തനിയെ , ഓളെ മെലഡി , ഹാലാകെ മാറുന്നേ എന്നീ പാട്ടുകളെല്ലാം സിനിമാപ്രേമികളുടെ പ്രിയപ്പെട്ട പാട്ടുകളാണ്.

Content Highlight: “We decided to keep it a little restrained rather than make it as loud as in Premalu; Vishnu Vijay