ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. ഈ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോള്‍ ഈ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയ ഒരു താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. അഭിമന്യു ഈശ്വരനെ കുറിച്ചാണ് വസീം ജാഫര്‍ സംസാരിച്ചത്.
ഇംഗ്ലണ്ടിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയുമുള്ള പരമ്പരകളില്‍ അഭിമന്യു ഈശ്വരന്‍ ടീമില്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഈ പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയില്ലെന്നുമാണ് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്. ഡൊമസ്റ്റിക് ക്രിക്കറ്റിലെ താരത്തിന്റെ പ്രകടനത്തെ കുറിച്ചും വസീം ഓഫര്‍ സംസാരിച്ചു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു വസിം ജാഫര്‍.
‘അഭിമന്യു ഈശ്വരന്റെ കാര്യത്തിലും ഇതേ അവസ്ഥ തന്നെയാണ്. അദ്ദേഹം ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും നടന്ന പര്യടനങ്ങളില്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ സെലക്ടര്‍മാര്‍ക്ക് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിന് അനുയോജ്യമായ താരമല്ല എന്നാണ് തോന്നുന്നത്. അങ്ങനെയാണെങ്കില്‍ അത് വളരെ നിര്‍ഭാഗ്യകരമാണ്. എന്നിരുന്നാലും അദ്ദേഹത്തിന് ഒരു അവസരം കൂടി നല്‍കണം. 8000ത്തിലധികം ഫസ്റ്റ് ക്ലാസ്സ് നേടിയ ഒരു താരത്തിന് കഴിവുണ്ടെന്ന് വ്യക്തമാണ്. ഫസ്റ്റ് ക്ലാസ്സില്‍ 8000 റണ്‍സ് നേടിയ താരത്തിന് ഒരു ടെസ്റ്റ് മത്സരം പോലും കളിക്കാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല,’ വസീം ജാഫര്‍.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 113 മത്സരങ്ങളില്‍ നിന്നും 8381 റണ്‍സാണ് അഭിമന്യു നേടിയിട്ടുള്ളത്. 36 അര്‍ധ സെഞ്ച്വറികളും 27 സെഞ്ച്വറികളും താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ താരത്തിന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചിട്ടില്ലെന്ന് നിര്‍ഭാഗ്യകരമായ കാര്യമാണ്.
അതേസമയം ശ്രീലങ്കക്കെതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ പുതുമുഖമായ സാരാന്‍ഷ് ജെയിനും ഇടം നേടിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാനൊരുങ്ങിയിരിക്കുന്ന താരം ഓഫ് സ്പിന്നിങ് ഓള്‍റൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിനായും ഇന്ത്യ എ ടീമിനായും പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനമാണ് 33കാരനായ താരത്തിന് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്.