നിങ്ങളുടെ ഫലങ്ങളാണ് നിങ്ങളെ വിലയിരുത്തുന്നത്; അജിത് അഗാക്കറിനെ പിന്തുണച്ച് വസീം ജാഫര്‍
Cricket
നിങ്ങളുടെ ഫലങ്ങളാണ് നിങ്ങളെ വിലയിരുത്തുന്നത്; അജിത് അഗാക്കറിനെ പിന്തുണച്ച് വസീം ജാഫര്‍
ശ്രീരാഗ് പാറക്കല്‍
Thursday, 6th August 2026, 4:03 pm

ഇന്ത്യന്‍ ക്രിക്കറ്റ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിന്റെ കാലയളവ് വളരെ വിജയകരമായിരുന്നു എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. മത്സര ഫലങ്ങളും നേടിയ കിരീടങ്ങളുമാണ് അതിന്റെ തെളിവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2023 ലോകകപ്പ് ഫൈനല്‍ മാറ്റിനിര്‍ത്തിയാല്‍ ഏഷ്യാ കപ്പും ചാമ്പ്യന്‍സ് ട്രോഫിയും തുടര്‍ച്ചയായി രണ്ട് ടി-20 ലോകകപ്പുകളും ഇന്ത്യ സ്വന്തമാക്കുകയും വൈറ്റ് ബോളില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്‌തെന്ന് വസീം ജാഫര്‍ പറഞ്ഞു.

‘വിജയങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണെങ്കില്‍, ഈ കാലഘട്ടം വിജയകരമായിരുന്നു എന്നാണ് എന്റെ വിശ്വാസം. നിങ്ങളുടെ ഫലങ്ങളാണ് നിങ്ങളെ വിലയിരുത്തുന്നത്. നേടിയ കിരീടങ്ങള്‍ തന്നെയാണ് അതിന് ഏറ്റവും വലിയ തെളിവ്. പ്രത്യേകിച്ച് വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്.

2023 ലോകകപ്പ് ഫൈനല്‍ മാറ്റിനിര്‍ത്തിയാല്‍, ഏഷ്യാ കപ്പും ചാമ്പ്യന്‍സ് ട്രോഫിയും തുടര്‍ച്ചയായി രണ്ട് ടി-20 ലോകകപ്പുകളും ഇന്ത്യ സ്വന്തമാക്കി. അതിനാല്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ വ്യക്തമായ ആധിപത്യം പുലര്‍ത്തിയെന്നാണ് പറയേണ്ടത്. അത്തരത്തിലുള്ള പ്രതിഭാസമ്പന്നരായ താരനിരയാണ് ഞങ്ങള്‍ക്കുള്ളത്. പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍, ഈ കാലയളവ് തീര്‍ച്ചയായും വിജയകരമായ ഒന്നായി കണക്കാക്കാം,’ വസീം ജാഫര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

2023ലാണ് അജിത് അഗാര്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി ചുമതലയേറ്റത്. തുടര്‍ന്ന് 2026വരെ അഗാര്‍ക്കറിന് കാലാവധി ഉണ്ടായിരുന്നെങ്കിലും ബി.സി.സി.ഐ അദ്ദേഹത്തിന്റെ കരാര്‍ നീട്ടിയിരുന്നു. വൈറ്റ് ബോളില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും റെഡ് ബോളില്‍ ഇന്ത്യയുടെ പ്രകടനം വളരെ മോശം സ്ഥിതിയിലായിരുന്നു. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ഫൈനലിലേക്ക് മുന്നേറാനോ വിജയങ്ങള്‍ നേടാനോ സാധിച്ചിരുന്നില്ല.

എന്നാല്‍ അടുത്ത കാലത്തായി ഇന്ത്യ വൈറ്റ് ബോളില്‍ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. ലോകകപ്പിന് ശേഷം അയര്‍ലാന്‍ഡിനോടുള്ള രണ്ട് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായിരുന്നു ഇന്ത്യ. ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇന്ത്യ അയര്‍ലാന്‍ഡിനെതിരെ പരാജയപ്പെടുന്നത്. ശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങന്ന പരമ്പരയിലും ഇന്ത്യയ്ക്ക് ഒറ്റ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചില്ലായിരുന്നു.

പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഒഴിവാക്കിയിരുന്നു. ഈ മോശം പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സെലക്ടര്‍മാകര്‍ക്കെതിരെയും പരിശാലകന്‍ ഗൗതം ഗംഭീറിനെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിലവില്‍ അജിത് അഗാര്‍ക്കറിന് പകരം വി.വി.എസ്. ലക്ഷ്മണനെ ഇന്ത്യന്‍ സെലക്ടര്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്.

 

Content Highlight: Wasim Jaffer Talking About Ajit Agarkar

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ