2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് യുവ ബൗളര്‍മാരെ വളര്‍ത്തിയെടുക്കുന്നതിനെക്കുറിച്ച് ഡൊമസ്റ്റിക് ലെജന്‍ഡ് വസീം ജാഫര്‍. ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ മൂന്നാം മത്സരത്തിന് ശേഷം തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് വസീം ജാഫര്‍ ഇക്കാര്യം പറഞ്ഞത്.
ലോകകപ്പ് പോലൊരു വന്‍ ടൂര്‍ണമെന്റിനായി ശക്തമായ ബൗളിങ് നിരയെ വാര്‍ത്തെടുക്കുന്നതില്‍ കര്‍ശനമായ മാനദണ്ഡങ്ങളും ശാരീരികക്ഷമതയും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വസീം ജാഫര്‍
രാജ്യാന്തര ക്രിക്കറ്റില്‍ പരിചയസമ്പത്ത് കുറഞ്ഞ പ്രിന്‍സ് യാദവിനെപ്പോലെയുള്ള യുവതാരങ്ങളെ പെട്ടെന്ന് ലോകകപ്പ് പോലുള്ള വലിയൊരു ടൂര്‍ണമെന്റിലേക്ക് പരിഗണിക്കുന്നത് ശരിയല്ലെന്ന് ജാഫര്‍ വ്യക്തമാക്കി.
‘ഇതൊരു ലോകകപ്പായതിനാല്‍ പ്രിന്‍സ് യാദവിനെ ഇപ്പോള്‍ ഞാന്‍ പരിഗണിക്കുകയില്ല, ഒരാള്‍ക്ക് ഇത്ര വേഗത്തില്‍ അവസരം നല്‍കാന്‍ കഴിയില്ല,’ അദ്ദേഹം പറഞ്ഞു.

പ്രിന്‍സ് യാദവ്
മറ്റൊരു യുവ പേസറായ മായങ്ക് യാദവിന്റെ വേഗതയും കഴിവും മികച്ചതാണെങ്കിലും, ഫിറ്റ്നസ് സംബന്ധമായ സംശയങ്ങള്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പിന് തടസ്സമാകുന്നുണ്ടെന്ന് ജാഫര്‍ ചൂണ്ടിക്കാട്ടി.
‘മായങ്ക് യാദവും കാര്യമായി മുന്നിലെത്തിയിട്ടില്ല, എങ്കിലും ഭാവിയില്‍ അവന് അതിന് സാധിച്ചേക്കും. അവന്റെ ആക്ഷന്‍ വളരെ ശക്തമാണ്, കൂടാതെ തുടര്‍ച്ചയായി 145 കിലോമീറ്റര്‍ വേഗതയില്‍ ബൗള്‍ ചെയ്യാന്‍ അവന് കഴിയുന്നുണ്ടെന്ന് നമ്മള്‍ കണ്ടതാണ്.
എന്നിരുന്നാലും, അവന്റെ ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. നാല് ഓവറുകള്‍ക്കപ്പുറം പത്ത് ഓവര്‍ എറിയാനും 50 ഓവര്‍ ഫീല്‍ഡ് ചെയ്യാനും അവന് സാധിക്കുമോ?

മായങ്ക് യാദവ്
അതിന് തനിക്ക് കഴിയുമെന്ന് തെളിയിക്കുന്നത് വരെ ആ ചോദ്യചിഹ്നം നിലനില്‍ക്കും. എന്നാല്‍ ഫിറ്റ്നസ് മെച്ചപ്പെടുത്തിയാല്‍ അവന്‍ അനുയോജ്യമായ ഒരു ഓപ്ഷനായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്,’ വസീം ജാഫര്‍ വിലയിരുത്തി.
ഇടങ്കയ്യന്‍ പേസറായ അര്‍ഷ്ദീപ് സിങ്ങിന്റെ കാര്യത്തില്‍ ടീം മാനേജ്മെന്റാണ് തന്ത്രപരമായ ആവശ്യങ്ങള്‍ക്കനുസരിച്ച് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് ജാഫര്‍ അഭിപ്രായപ്പെട്ടു.

അര്‍ഷ്ദീപ് സിങ്
‘അര്‍ഷ്ദീപ് നേരത്തെ തന്നെ 50 ഓവര്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, അതിനാല്‍ ആ കാര്യത്തില്‍ അവനെക്കുറിച്ച് ചോദ്യചിഹ്നമില്ല. അര്‍ഷ്ദീപ് അവരുടെ പ്ലാനുകളില്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന് തീരുമാനിക്കേണ്ടത് മാനേജ്മെന്റാണ്.
ഇടംകയ്യന്‍ ബൗളറുടെ സാധ്യതകളെക്കുറിച്ചും നമ്മള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ബൗളിങ് നിരയ്ക്ക് വൈവിധ്യം നല്‍കുന്നതിനാല്‍ 15 അംഗ സ്‌ക്വാഡില്‍ ഒരു ഇടംകയ്യന്‍ പേസറുള്ളത് എപ്പോഴും നല്ലതാണ്. അതിനാല്‍ അര്‍ഷ്ദീപിനെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്ന് മാനേജ്മെന്റ് തീരുമാനിക്കണം,’ വസീം ജാഫര്‍.
Content highlight: Wasim Jaffer on grooming young bowlers for the Indian team for the 2027 ODI World Cup.
