യുദ്ധസമവാക്യങ്ങള്‍ മാറുന്നു; ഇസ്രഈലില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു: ഐ.ആര്‍.ജിസി
Iran US Conflict
യുദ്ധസമവാക്യങ്ങള്‍ മാറുന്നു; ഇസ്രഈലില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു: ഐ.ആര്‍.ജിസി
അനിത സി
Sunday, 22nd March 2026, 8:19 am

ടെഹ്‌റാന്‍: ഇസ്രഈല്‍ നഗരങ്ങളില്‍ ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി).

യുദ്ധത്തിന്റെ സമവാക്യങ്ങള്‍ അതിവേഗം മാറുകയാണെന്നും പ്രസ്താവനയിലൂടെ ഐ.ആര്‍.ജി.സി അഭിപ്രായപ്പെട്ടു.

ഇസ്രഈലിന്റെ പ്രധാന ആണവകേന്ദ്രം സ്ഥിതി ചെയ്യുന്ന ഡിമോണ പ്രദേശത്തെ പട്ടണങ്ങള്‍ ലക്ഷ്യം വെച്ച് ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ 200ലേറെ പേര്‍ക്ക് പരിക്കേറ്റിരിക്കാമെന്ന് ഐ.ആര്‍.ജി.സി പറഞ്ഞു.

ഇസ്രഈലിനെതിരായ ട്രൂ പ്രേമിസ്-4ന്റെ ഏറ്റവും പുതിയ ഘട്ടത്തില്‍ നൂറുകണക്കിന് ഇസ്രഈലികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ ഇറാന്‍ സേന പറഞ്ഞു.

ഇസ്രഈലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ ശനിയാഴ്ച രാത്രിയില്‍ നടത്തിയ തിരിച്ചടിയില്‍ തകര്‍ത്തു. ആറാഡ്, ഡിമോണ, യെ്‌ലാത്ത്, ബിയര്‍ഷെവ, കിര്യത്ത് ഗാട്ട് തുടങ്ങിയ ഇസ്രഈല്‍ പ്രദേശങ്ങളിലെ സൈനിക താവളങ്ങളും സുരക്ഷാ കേന്ദ്രങ്ങളും ആക്രമിച്ചെന്ന് ഐ.ആര്‍.ജി.സി വിശദീകരിച്ചു.

ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് കുറച്ചുകാണിക്കാനായി മാധ്യമപ്രവര്‍ത്തകരെയും ദൃക്‌സാക്ഷികളെയും ഇസ്രഈല്‍ ഭരണകൂടം സമ്മര്‍ദം ചെലുത്തുകയാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.

73ാം ആക്രമണ തരംഗത്തില്‍ ഫത്താ, ഖാദ്ര്‍, ഇമാദ് മിസൈല്‍ സംവിധാനങ്ങളും ഡ്രോണുകളുമാണ് ഉപയോഗപ്പെടുത്തിയതെന്നും ഇസ്രഈലിലേക്കുള്ള ആക്രമണത്തിന് പിന്നാലെ, മേഖലയിലെ യു.എസ് താവളങ്ങളും കുവൈത്തിലെ അലി അല്‍-സലേം, യു.എ.ഇയിലെ അല്‍-മിന്‍ഹാദ്, അല്‍-ദഫ്ര തുടങ്ങിയവയും ലക്ഷ്യമിട്ടെന്നും ഇറാന്‍ പ്രതിരോധസേന അറിയിച്ചു.

ലെബനനിലെ ഹിസ്ബുല്ല സംഘങ്ങളുടെ ചെറുത്തുനില്‍പ്പിനെയും ഐ.ആര്‍.ജി.സി അഭിനന്ദിച്ചു. അഭിമാനകരമായ ശ്രമങ്ങളാണ് ഹിസ്ബുല്ല നടത്തുന്നതെന്നും പ്രസ്താവനയില്‍ പറയു്ന്നു.

അതേസമയം, ഇറാന്റെ പ്രത്യാക്രമണത്തെ ഫെബ്രുവരി 28ന് ശേഷമുള്ള ഏറ്റവും ദുഷ്‌കരമായ സായാഹ്നമെന്നാണ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. ഇതിനെതിരെ പ്രതികാര നടപടികള്‍ കൈക്കൊള്ളുമെന്നും നെതന്യാഹു പറഞ്ഞു.

പ്രതിരോധ സംവിധാനങ്ങളില്‍ പാളിച്ചയുണ്ടായെന്ന് ഇസ്രഈല്‍ പ്രതിരോധ സേനയും ആക്രമണത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു.

ഇറാന്റെ പ്രധാന ആണവകേന്ദ്രം സ്ഥിതി ചെയ്യുന്ന നതാന്‍സിലേക്ക് ശനിയാഴ്ച പുലര്‍ച്ചെ ഇസ്രഈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള മറുപടിയായി മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രഈല്‍ ആണവകേന്ദ്രങ്ങളിലേക്ക് ഇറാന്‍ ആക്രമണം നടത്തുകയായിരുന്നു.

Content Highlight: War equations are changing; Hundreds killed in Israel: IRGC

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.