[share]

[] കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് ഇ. അഹമ്മദിനെതിരെ വിമര്‍ശനങ്ങളുമായി ഇന്ത്യന്‍ യൂണിയന്‍ ഖാഇദെ മില്ലത്ത് ലീഗ് പ്രസിഡന്റ് ദാവൂദ് മിയാഖാന്‍. ഇ. അഹമ്മദിന്റെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗ് തകര്‍ച്ചയിലാണെന്നും ഐ.യു.എം.എല്‍ സ്ഥാപകന്റെ ആശയങ്ങളും ലക്ഷ്യങ്ങളുമെല്ലാം പണയം വെച്ചാണ് ഇ. അഹമ്മദ് പ്രവര്‍ത്തിയ്ക്കുന്നതെന്ന് മിയാഖാന്‍ ആരോപിച്ചു.

ഇന്ത്യന്‍ മുസ്ലീം ലീഗും കേരളത്തിലെ മുസ്ലീം ലീഗും രണ്ട് വ്യത്യസ്ത പാര്‍ട്ടികളാണെന്നും ഇവയ്ക്ക് രണ്ടിനും വ്യത്യസത് രജിസ്‌ട്രേഷനാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അഹമ്മദ് മന്ത്രിയായിരിക്കെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. മുസ്ലീംലീഗിന്റെ പാരമ്പര്യങ്ങളെല്ലാം അഹമ്മദിന്റെ കാലഘട്ടത്തില്‍ അടിയറ വെച്ചു. തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശരാശരി ഏറെ കുറഞ്ഞു- അദ്ദേഹം കുറ്റപ്പെടുത്തി.

മലപ്പുറത്ത് ശക്തമായ അഹമ്മദ് വിരുദ്ധവികാരമുണ്ടെന്നും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടുള്ള വിയോജിപ്പ് കാരണമാണ് നാമനിര്‍ദേശപത്രിക നല്‍കിയതെന്നും എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ അത് പിന്‍വലിയ്ക്കുകയായിരുന്നെന്നും മിയാഖാന്‍ വ്യക്തമാക്കി. കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ മിയാഖാന്‍ മലപ്പുറത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. സൈനബയെ വിജയിപ്പിക്കാനായി രംഗത്തിറങ്ങുമെന്നും അറിയിച്ചു.

സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച മിയാഖാന്‍ മത്സരം ലീഗിനെതിരെ അല്ലെന്നും ഇ,അഹമ്മദിനെതിരെയാണെന്നും പറഞ്ഞിരുന്നു.  പാര്‍ട്ടി മറ്റൊരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചിരുന്നെങ്കില്‍ താന്‍ മത്സരിയ്ക്കാനൊരുങ്ങില്ലായിരുന്നെും മിയാഖാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം നാമനിര്‍ദേശ പത്രിക പിന്‍വലിയ്ക്കുകയായിരുന്നു. മലപ്പുറം ലീഗ് സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ഖായ്‌ദെ മില്ലത്ത് ഇസ്മായില്‍ സാഹിബിന്റെ പൗത്രനാണ് ദാവൂദ് മിയാ ഖാന്‍.