നായകനും നായികയും വില്ലന്റെ മുന്നില്‍ വീണ് കിടക്കുമ്പോള്‍ ഒരു എന്‍ട്രിയുണ്ട്, ഒ.ടി.ടി റിലീസിലും രോമാഞ്ചമുയര്‍ത്തി ബ്ലാസ്റ്റിലെ ചിറ്റപ്പന്‍
Indian Cinema
നായകനും നായികയും വില്ലന്റെ മുന്നില്‍ വീണ് കിടക്കുമ്പോള്‍ ഒരു എന്‍ട്രിയുണ്ട്, ഒ.ടി.ടി റിലീസിലും രോമാഞ്ചമുയര്‍ത്തി ബ്ലാസ്റ്റിലെ ചിറ്റപ്പന്‍
അമര്‍നാഥ് എം.
Friday, 26th June 2026, 7:43 pm

ഒ.ടി.ടിയിലെത്തുമ്പോള്‍ ട്രോള്‍ മെറ്റീരിയലാകുമെന്ന് കരുതിയവരെ ഞെട്ടിച്ചുകൊണ്ട് വന്‍ സ്വീകാര്യത നേടുകയാണ് തമിഴ് ചിത്രം ബ്ലാസ്റ്റ്. തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായ ബ്ലാസ്റ്റ് കഴിഞ്ഞദിവസമാണ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്. അര്‍ജുന്‍ നായകനായ ആക്ഷന്‍ എന്റര്‍ടൈനറാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

കോര്‍പ്പറേറ്റ് വില്ലനെതിരെ പോരാടുന്ന സാധാരണക്കാരനായ നായകന്റെ കണ്ടുമടുത്ത സ്ഥിരം കഥ തന്നെയാണ് ബ്ലാസ്റ്റിലും. എന്നാല്‍ നായകന് പുറമെ നായികമാര്‍ക്കും വില്ലനും കിടിലന്‍ ആക്ഷന്‍ സീനുകള്‍ നല്‍കിയതും അത് കൃത്യമായി വര്‍ക്കാക്കുന്നതിലും സംവിധായകന്‍ വിജയിച്ചതാണ് ബ്ലാസ്റ്റിനെ മികച്ച സിനിമാനുഭവമാക്കിയത്.

ബ്ലാസ്റ്റ് Photo: Theatrical poster

ഒ.ടി.ടി റിലീസിന് പിന്നാലെ ബ്ലാസ്റ്റിലെ ഓരോ ആക്ഷന്‍ സീനുകളും ചര്‍ച്ചയാവുകയാണ്. പ്രീതി മുകുന്ദന്റെ ഇന്‍ട്രോ ഫൈറ്റും അഭിരാമിയുടെ ഇന്റര്‍വെല്‍ സീനിലെ ഫൈറ്റുമെല്ലാം തിയേറ്ററിലെന്ന പോലെ ഒ.ടി.ടിയിലും കൈയടി നേടുന്നുണ്ട്. അര്‍ജുന്‍ അവതരിപ്പിച്ച രാജാറാം, പ്രീതിയുടെ നിലാ, അഭിരാമിയുടെ നീലവേണി എന്നീ കഥാപാത്രങ്ങളുട ഫൈറ്റ് ട്രെയ്‌ലറില്‍ തന്നെ റിവീല്‍ ചെയ്തിരുന്നു.

രണ്ടാം പകുതിയില്‍ അര്‍ജുന്‍ ചിദംബരം അവതരിപ്പിച്ച അബ്രഹാം എന്ന കഥാപാത്രം രാജാറാമിന്റെ വീട്ടിലെത്തി അവിടുള്ളവരുമായി ഏറ്റുമുട്ടുന്നുണ്ട്. മൂന്ന് പേരും ആദ്യം വില്ലനെ അടിച്ചിടുന്നുണ്ടെങ്കിലും പിന്നീട് വില്ലന്റെ അടികൊണ്ട് മൂന്ന് പേരും തളര്‍ന്ന് വീഴുകയാണ്. നായകനടക്കം സകലരും വീണ് കിടക്കുമ്പോള്‍ വീട്ടിലുള്ള ഒരു ഫോട്ടോയിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുകയും പിന്നീട് ഒരു സര്‍പ്രൈസ് എന്‍ട്രിയും സംവിധായകന്‍ ഒരുക്കിയിട്ടുണ്ടായിരുന്നു.

ബ്ലാസ്റ്റ് Photo: Kerala Box Office/ X.com

അതുവരെ സൈലന്റായി നിന്ന വിവേക് പ്രസന്നയുടെ ചിറ്റപ്പന്‍ കഥാപാത്രമാണ് പിന്നീട് സ്‌കോര്‍ ചെയ്യുന്നത്. കഥയുടെ ആദ്യം മുതല്‍ ഒന്നും ചെയ്യാനില്ലാത്ത ഈ കഥാപാത്രം പിന്നീട് വില്ലനെ പഞ്ഞിക്കിടുന്ന സീന്‍ തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. ഒ.ടി.ടി റിലീസിന് ശേഷവും ചിറ്റപ്പന്‍ തന്നെയാണ് ബ്ലാസ്റ്റിലെ ഷോ സ്റ്റീലര്‍.

തമിഴില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയ നടനാണ് വിവേക് പ്രസന്ന. വിക്രം വേദയിലെ വില്ലന്‍ വേഷമാണ് താരത്തിന്റെ കരിയര്‍ മാറ്റിമറിച്ചത്. സൂര്യ നായകനായ സൂരറൈ പോട്രില്‍ വിവേകിന്റെ ട്രാന്‍സ്‌ഫോര്‍മേഷനും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കരിയറിലെ ആദ്യത്തെ ആക്ഷന്‍ റോളും ഗംഭീരമാക്കിയിരിക്കുകയാണ് താരം.

Content Highlight: Vivek Prasanna’s character in Blast getting appreciations

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം