[]കോട്ടയം: വിതുര പീഡനക്കേസില്‍ പെണ്‍കുട്ടിക്ക് വീണ്ടും കോടതിയുടെ രൂക്ഷവിമര്‍ശനം. മൂന്നാമത്തെ കേസിന്റെ വിചാരണ ആരംഭിക്കാനിരുന്ന ഇന്നും പെണ്‍കുട്ടി ഹാജരാകാതിരുന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. []
ജഡ്ജി എസ്. ഷാജഹാനാണ് പെണ്‍കുട്ടിയെ വിമര്‍ശിച്ചത്. ആരും നിയമത്തിന് അതീതരല്ലെന്നും ഹാജരാകുന്നതില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസ് നീട്ടിക്കൊണ്ടു പോകുന്നത് കോടതിയുടെ രണ്ടുമാസത്തെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു. വിതുര കേസ് പരിഗണിക്കുന്ന കോട്ടയത്തെ പ്രത്യേക കോടതിയാണ് വിമര്‍ശനമുന്നയിച്ചത്.
വിചാരണ ആരംഭിച്ച ആഗസ്ത് 12നും പെണ്‍കുട്ടി കോടതിയില്‍ ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്ന് കോടതി പെണ്‍കുട്ടിയെ വിമര്‍ശിച്ചിരുന്നു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചെറിയ കുഞ്ഞുണ്ടെന്നും അതുകൊണ്ട് വിചാരണ ഒറ്റ ദിവസമാക്കണമെന്നും പെണ്‍കുട്ടി നേരത്തെ കോടതിയോട് അപേക്ഷിച്ചിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പെണ്‍കുട്ടി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചത്തെ സാവകാശമായിരുന്നു അനുവദിച്ചിരുന്നത്.
നടപടികള്‍ വേഗത്തിലാക്കാമെന്ന് കോടതി ഉറപ്പ് നല്‍കിയെങ്കിലും പെണ്‍കുട്ടി തുടര്‍ച്ചയായ രണ്ടാം തവണയും ഹാജരായില്ല.
കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് കോടതിയെയും നീതിന്യായ വ്യവസ്ഥകളെയും പരിഹസിക്കാനാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
