ദളപതിക്കൊപ്പം ആടിയും പാടിയും കലക്കി, ഇനി അടുത്തത് 'ദി വണ്ണിനൊപ്പം'... വെഡ്ഡിങ് സോങ്ങിലും സീന്‍ തൂക്കി മമിത
Indian Cinema
ദളപതിക്കൊപ്പം ആടിയും പാടിയും കലക്കി, ഇനി അടുത്തത് 'ദി വണ്ണിനൊപ്പം'... വെഡ്ഡിങ് സോങ്ങിലും സീന്‍ തൂക്കി മമിത
അമര്‍നാഥ് എം.
Saturday, 25th July 2026, 7:45 pm

മലയാളത്തില്‍ കരിയറാരംഭിച്ച് തമിഴില്‍ സൂപ്പര്‍സ്റ്റാറായി മാറിയ ധാരാളം നായികമാരുണ്ട്. അതിലെ ഏറ്റവും ലേറ്റസ്റ്റ് എന്‍ട്രിയാണ് മമിത ബൈജു. പ്രേമലു എന്ന ഒരൊറ്റ സിനിമയിലൂടെ സൗത്ത് ഇന്ത്യയില്‍ തരംഗമായി മാറിയ മമിതയെത്തേടി ധാരാളം വമ്പന്‍ പ്രൊജക്ടുകള്‍ തേടിയെത്തിയിരുന്നു. ദളപതി വിജയ്‌യുടെ അവസാന ചിത്രമായ ജന നായകന്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ മമിതയും കൈയടി നേടുന്നുണ്ട്.

ജന നായകന് ശേഷം തമിഴില്‍ മമിത ചെയ്യുന്ന മറ്റൊരു വമ്പന്‍ ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. സൂപ്പര്‍ താരം സൂര്യ നായകനായെത്തുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ് റിലീസിന് തയാറെടുക്കുകയാണ്. സൂര്യയുടെ നായികയായി മമിത വേഷമിടുന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

‘ദി വെഡ്ഡിങ് സോങ്’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂര്യ തന്നെയാണ്. ജി.വി. പ്രകാശ് ഈണമിട്ട പാട്ട് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പക്കാ കളര്‍ഫുള്‍ വിഷ്വലുകളില്‍ സൂര്യക്കൊപ്പം മമിതയും ഫുള്‍ എനര്‍ജിയില്‍ പെര്‍ഫോം ചെയ്യുന്നുണ്ട്. സിനിമയുടെ ഗ്രാന്‍ഡ്വര്‍ ഈയൊരു പാട്ടില്‍ തന്നെ വ്യക്തമാണ്.

സൂര്യ പാടുന്ന അഞ്ചാമത്തെ ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. അഞ്ചാനിലൂടെയാണ് സൂര്യ ആദ്യമായി പാടിയത്. സൂരറൈ പോട്ര്, പാര്‍ട്ടി (ഇതുവരെ റിലീസായിട്ടില്ല), റെട്രോ എന്നീ ചിത്രങ്ങളില്‍ സൂര്യ പാടിയ പാട്ട് ചാര്‍ട്ട്ബസ്റ്ററായി മാറിയിരുന്നു. കെന്‍ കരുണാസാണ് വെഡ്ഡിങ് സോങ്ങിന്റെ വരികളെഴുതിയത്.

ജന നായകനിലെ വിജിയെപ്പോലെ വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ മാഡിയും പ്രേക്ഷകമനസില്‍ ഇടംപിടിക്കുമെന്ന് ഉറപ്പാണ്. 20കാരിയായ യുവതിക്ക് 40 വയസുകാരനോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ കഥയെന്ന് മാത്രമേ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളൂ. മമിതയുടെ കഥാപാത്രം ആരാണെന്നോ എന്താണെന്നോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ് ബജറ്റ് കൊണ്ടും താരനിര കൊണ്ടും ഗ്രാന്‍ഡാണ്. സൂര്യക്കും മമിതക്കും പുറമെ രാധിക ശരത്കുമാര്‍, രവീണ ടണ്ടന്‍, നാസര്‍, മാത്യു വര്‍ഗീസ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും. കറുപ്പിന്റെ വന്‍ വിജയത്തിന് ശേഷമെത്തുന്ന ചിത്രമെന്ന നിലയില്‍ വന്‍ പ്രതീക്ഷയാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സില്‍ ആരാധകര്‍ക്കുള്ളത്.

Content Highlight: Viswanath and Sons new song out now

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം