ഇത്തവണ പോയത് നിക്ഷേപകരെ കാണാന്‍: ഹെലികോപ്റ്റര്‍ വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി
Kerala
ഇത്തവണ പോയത് നിക്ഷേപകരെ കാണാന്‍: ഹെലികോപ്റ്റര്‍ വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി
നിഷാന. വി.വി
Monday, 3rd August 2026, 1:52 pm

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റര്‍ യാത്ര ചെയ്‌തെന്ന വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. താന്‍ പോയത് സ്വകാര്യ ആവശ്യത്തിനല്ലെന്നും കൊച്ചിയില്‍ ഉണ്ടായിരുന്ന ഇന്‍വെസ്‌റ്റേഴ്‌സിനെ കാണാനായിരുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

രാത്രി ഡിന്നര്‍ മീറ്റിങിന് കാണാമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നതെന്നും അതിനായി വന്ദേഭാരത് ബുക്ക് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അവര്‍ക്ക് തിരക്കുണ്ടായിരുന്നുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി അവരെ കണ്ടിട്ടും താന്‍ കണ്ടില്ലെന്ന് പിന്നീട് ആക്ഷേപമുണ്ടാവുമെന്നതിനാലാണ് ഹെലികോപ്റ്ററില്‍ പോയി കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടിട്ടാണ് ആ ടീം വന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ ഞാന്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ല. കാരണം കഴിഞ്ഞ സര്‍ക്കാര്‍ അടുത്ത സെപ്റ്റംബര്‍ വരെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തിട്ടിരിക്കുകയാണ്. 25 മണിക്കൂര്‍ ഫ്‌ളൈ ചെയ്യുന്നത് ഫ്രീയാണ്,’ അദ്ദേഹം പറഞ്ഞു.

പിണറായിയുടെ ഹെലികോപ്റ്റര്‍ യാത്രയെ താന്‍ എവിടെയും വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹത്തെ പോലെ താന്‍ തന്റെ പാര്‍ട്ടിയുടെ സമ്മേളനത്തിനൊന്നും ഹെലികോപ്റ്ററില്‍ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഒരു സ്വകാര്യ യാത്രയും നടത്തിയിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പ്രശ്‌നമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഇന്‍വെസ്റ്റേഴ്‌സിന്റെ പേരെന്താണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അവരുടെ പേര് നിങ്ങളോട് എന്തിന് പറയണമെന്നും നിക്ഷേപകരുടെ പേര് വലിച്ചിഴച്ച് ആ പദ്ധതി തന്നെ ഇല്ലാതാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇനിയിപ്പോ അവരുടെ പേരു കൂടി വലിച്ചിഴയ്ക്കാനാണോ ശ്രമം?. പദ്ധതിയില്‍ അന്തിമ തീരുമാനം ഉണ്ടാകുമ്പോള്‍ അത് അറിയിക്കും. ഇപ്പോള്‍ അവരെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Content Highlight: Visited to meet investors this time: Chief Minister clarifies stance on helicopter controversy.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.