ഇത് എന്റെ കുറ്റമായി കണ്ട് എല്ലാവരോടും ക്ഷമ ചോദിക്കുന്നു; ജീവിതത്തിൽ ആദ്യമായാണ് എനിക്ക് വിസ ലഭിക്കാത്തത്: മോഹൻലാൽ
Malayalam Cinema
ഇത് എന്റെ കുറ്റമായി കണ്ട് എല്ലാവരോടും ക്ഷമ ചോദിക്കുന്നു; ജീവിതത്തിൽ ആദ്യമായാണ് എനിക്ക് വിസ ലഭിക്കാത്തത്: മോഹൻലാൽ
അജ്മല്‍ കെ
Saturday, 8th August 2026, 12:36 pm

ജീവിതത്തിൽ ഇത് ആദ്യമായാണ് തനിക്ക് വിസ ലഭിക്കാത്തതെന്നും തന്റെ കുറ്റമായി കണ്ടു കൊണ്ട് ക്ഷമ ചോദിക്കുന്നിവെന്നും സിഡ്നിയിലെ പരിപാടി മാറ്റിവെച്ചെതിൽ നടൻ മോഹൻലാൽ. നിരവധി വിദേശ പരിപാടികൾ ചെയ്തിട്ടുള്ള തനിക്ക് ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നും സിഡ്നിയിലെ വിദേശ പരിപാടിക്കായി വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിസ ലഭിക്കാത്തതിന്റെ കാരണം വ്യക്തമല്ലെന്നും സാങ്കേതിക പ്രശ്നമാണോ എന്ന് അറിയില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

 

‘ഞാൻ സിംഗപ്പൂരിൽ നിന്നാണ് സംസാരിക്കുന്നത്. 50 വർഷമായി ഞാൻ സിനിമയിലുണ്ട്. ഏറ്റവും കൂടുതൽ വിദേശ പരിപാടികൾ ചെയ്ത ഇന്ത്യൻ നടൻ ഞാനാണ്. ഈ വർഷം തന്നെ കാനഡയിലും യു.കെയിലും അയർലൻഡിലും ഷോകൾ ചെയ്തിട്ടുണ്ട്. വലിയൊരു പരിപാടിയുമായാണ് ഞങ്ങൾ നിങ്ങളുടെ മുന്നിലേക്ക് എത്താൻ ശ്രമിച്ചിരുന്നത്. കെ.എസ്. ചിത്ര അടക്കമുള്ള പ്രിയപ്പെട്ട താരങ്ങൾ അവിടെയുണ്ട്,’മോഹൻലാൽ പറഞ്ഞു.

കെ.എസ്. ചിത്ര.Photo: Screenfrab /Youtube

‘എന്റെ ജീവിതത്തിൽ ആദ്യമായാണ് എനിക്ക് വിസ ലഭിക്കാത്തത്. എന്താണ് പ്രശ്നമെന്ന് അറിയില്ല, ടെക്നിക്കൽ എററാണോ എന്നും അറിയില്ല. പക്ഷേ ഇത് എന്റെ കുറ്റമായി കണ്ട് തന്നെ നിങ്ങളോട് പറയുകയാണ്. ദൂരെ നിന്ന് എത്തിയ ഒരുപാട് പേരുണ്ടാകും. എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു,’ മോഹൻലാൽ പറഞ്ഞു.

വിദേശ പരിപാടിക്കായി സിംഗപ്പൂരിലെത്തിയ മോഹൻലാലിന് വിസ ലഭിക്കാത്തതിനെ തുടർന്നായിരുന്നു സിഡ്നിയിലെ പരിപാടി മാറ്റിവെച്ചത്. വിസയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാണ് കാരണമെന്നാണ് വിവരം. സിഡ്നിയിലെ പരിപാടിക്കായി കെ.എസ്. ചിത്ര, മനോജ് കെ. ജയൻ, അജു വർഗീസ് ഉൾപ്പെടെയുള്ള താരങ്ങൾ സിഡ്നിയിൽ എത്തി റിഹേഴ്സൽ പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിസ ലഭിക്കാത്തതിനെ തുടർന്ന് മോഹൻലാലിന് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ കഴിയാതെ വന്നത്.

സിഡ്നി ഷോ മാറ്റിവെച്ചെങ്കിലും പരിപാടി പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്നും വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച ശേഷം മറ്റൊരു ദിവസം പരിപാടി നടത്തുമെന്നും മോഹൻലാൽ വീഡിയോയിലൂടെ അറിയിച്ചു. അതേസമയം, സിഡ്നിയിലെത്തിയ മറ്റു താരങ്ങൾ ന്യൂസിലാൻഡിലേക്ക് പോകും. മോഹൻലാൽ സിംഗപ്പൂരിൽ നിന്ന് നേരിട്ട് ന്യൂസിലാൻഡിലെത്തുമെന്നും ന്യൂസിലാൻഡ് ഷോ നടക്കുമെന്നും സംഘാടകർ അറിയിച്ചു.

Content Highlight: Visa issues force Mohanlal to postpone Sydney show; actor apologises to fans

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.