ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ നടക്കുന്ന മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. മത്സരത്തില്‍ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധാകേന്ദ്രം സൂപ്പര്‍ താരം എം.എസ്. ധോണിയാണ്. ഇന്ന് ധോണി ഐ.പി.എല്ലില്‍ നിന്ന് വിരമിക്കുമെന്നാണ് ക്രിക്കറ്റ് അനലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വസിക്കുന്നത്.

ഇപ്പോള്‍ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. കളിച്ചാലും ഇല്ലെങ്കിലും ധോണി തീര്‍ച്ചയായും ഗ്രൗണ്ടിലേക്ക് വരുമെന്നാണ് സെവാഗ് പറയുന്നത്. കാരണം മത്സരം ചെപ്പോക്കിലായതിനാല്‍ ഇത് അദ്ദേഹത്തിന്റെ അവസാന മത്സരകുമെന്നാണ് സെവാഗ് പറഞ്ഞത്.

‘കളിച്ചാലും ഇല്ലെങ്കിലും, അദ്ദേഹം തീര്‍ച്ചയായും ഗ്രൗണ്ടിലേക്ക് വരുമെന്ന് എനിക്ക് തോന്നുന്നു, കാരണം മത്സരം ചെപ്പോക്കിലാണ്. അതിനുശേഷം, ജി.ടിക്കെതിരെ അഹമ്മദാബാദില്‍ അവര്‍ക്ക് ഒരു മത്സരം മാത്രമേ ശേഷിക്കുന്നുള്ളൂ. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, ഇത് അവസാന മത്സരകും. അദ്ദേഹത്തിന് തന്റെ ആരാധകരോട് വിട പറയാന്‍ അവസരം നല്‍കും,’ സെവാഗ് ക്രിക്ബസില്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എക്കാലത്തെയും മികച്ച താരമാണ് ധോണി. ചെന്നൈക്ക് വേണ്ടി അഞ്ച് ഐ.പി.എല്‍ കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനാണ് ധോണി. ഐ.പി.എല്ലില്‍ 242 ഇന്നിങ്സുകള്‍ കളിച്ച ധോണി 5439 റണ്‍സാണ് സ്വന്തമാക്കിയത്. 84* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറുള്‍പ്പെടെയാണ് താരത്തിന്റെ റണ്‍വേട്ട. 38.3 എന്ന ആവറേജും 137.4 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് ധോണിക്കുള്ളത്. 24 അര്‍ധ സെഞ്ച്വറികളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

ധോണി

2025ല്‍ ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നപ്പോഴും താരം ഫ്രാഞ്ചൈസിക്കൊപ്പം നിലകൊണ്ടിരുന്നു. ഇപ്പോള്‍ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം ശക്തി പ്രാപിക്കുമ്പോള്‍ നിരാശയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

അതേസമയം കഴിഞ്ഞ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനോട് പരാജയപ്പെട്ട ചെന്നൈക്ക് ഇനി പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കണമെങ്കില്‍ ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കണം. ഹൈദരാബാദിനെതിരെയും ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുമാണ് ചെന്നൈയുടെ നിര്‍ണായക മത്സരങ്ങള്‍. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് ആറ് വിജയവും ആറ് തോല്‍വിയുമുള്‍പ്പെടെ 12 പോയിവന്റാണ് ചെന്നൈയുടെ അക്കൗണ്ടിലുള്ളത്.

ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 12 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും അഞ്ച് തോല്‍വിയും അടക്കം 14 പോയിന്റാണ് പാറ്റ് കമ്മിന്‍സിന്റെയും സംഘത്തിന്റെയും അക്കൗണ്ടിലുള്ളത്. ഇന്ന് ചെന്നൈയെ വീഴ്ത്തിയാല്‍ ഹൈദരാബാദിന് പ്ലേ ഓഫ് കടക്കാം.

Content Highlight: Virender Sahwag Talking About M.S Dhoni’s Retirement In IPL